വിജയ് രാഷ്ട്രീയത്തിലേക്കോ? അംബേദ്ക്കർ ദിനത്തിൽ ആരാധകർക്ക് പ്രത്യേക നിർദേശം നൽകി താരം
തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടനാണ് വിജയ്. തലപതി എന്ന് ആരാധകർ വിളിക്കുന്ന താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്. ഇതിനിടെയാണ് ആരാധകർക്ക് വിജയ് യുടെ പുതിയ നിർദേശം . അംബേദ്കർ ജയന്തിയായ നാളെ, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തണമെന്നാണ് താരത്തിന്റെ നിർദേശമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . താരത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിനാണ് വിജയ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ദളിത് വിഭാഗത്തിലുള്ളവരുടെ പിന്തുണ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജയ് യുടെ പുതിയ നീക്കമെന്ന് തമിഴ് മാധ്യമങ്ങൾ വിലയിരുത്തുന്നു. ശനിയാഴ്ച മുതൽ വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ തലയോഗങ്ങളും ആരംഭിക്കും. സംഘടനയിൽ പുതിയ അംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നീക്കവും മെമ്പർഷിപ്പ് പുതുക്കലുമടക്കമുള്ളമുള്ള നടപടികളും ഇതിനൊപ്പം നടക്കും.
ഫാൻസ് അസോസിയേഷനുകൾക്ക് പുറമെയുള്ള തമിഴ്നാട്ടിലുടനീളം വിജയ് യുടെ പേരിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന രാഷ്ട്രീയ സംഘടനയാണ് വിജയ് മക്കൾ ഇയക്കം . തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ചും സംഘടന ശ്രദ്ധ നേടിയിരുന്നു
തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായും പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കാൻ വിജയ് നീക്കം നടത്തുന്നെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വിജയ് കൂടിക്കാഴ്ച നടത്തിയെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശന ചർച്ചകൾ കൂടുതൽ സജീവമാക്കുന്ന പുതിയ നിർദേശം നൽകിയിരിക്കുന്നത്