'തങ്കലാൻ' ഓസ്കർ വേദി ലക്ഷ്യമിടുന്നോ? സൂചന നൽകി നിർമാതാവ്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് 'തങ്കലാൻ'. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും നേരത്തെ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചിത്രത്തിന്റെ മേക്കിങ് വിഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമത്തിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. 'തങ്കലാൻ' ഈ വർഷം ഓസ്കർ പുരസ്കാരത്തിനായുള്ള നാമനിർദേശസമിതിക്ക് മുന്നിൽ സമർപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാക്കളിൽ ഒരാളായ ധനഞ്ജയൻ ചിത്രം ഓസ്കർ വേദി ലക്ഷ്യമിടുന്നതായി പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടില്ല. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടെന്നും ധനഞ്ജയൻ വ്യക്തമാക്കി. ഓസ്‌കറിന് പുറമെ 8 അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കായി 'തങ്കലാൻ' സമർപ്പിക്കുമെന്ന് നേരത്തെ നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു.
പാ രഞ്ജിത്ത് - വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് തങ്കലാന്‍. 1870 മുതൽ 1940 വരെയുള്ള കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ചില സംഭവങ്ങളും ഫാക്ടറി തൊഴിലാളികളുടെ ജീവിതവും ചിത്രത്തിന്റെ പ്രമേയമാവുന്നു. വേഷ പകർച്ചകൾ കൊണ്ട് ഇപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുള്ള വിക്രം കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് തങ്കലാനിലെത്തുന്നത്. മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികാവേഷങ്ങളിൽ എത്തുന്നത്.
കാലാ, കബാലി, മദ്രാസ്, സര്‍പ്പട്ട പരംമ്പരൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തന്‍റേതായ സംവിധാന ശൈലി സൃഷ്ടിച്ച സംവിധായകനാണ് പാ രഞ്ജിത്ത്. മെൽ ഗിബ്സൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളുടെ മേക്കിങ് രീതിയാണ് തങ്കലാനിൽ പ രഞ്ജിത്ത് ഒരുക്കുന്നത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. തമിഴിലെ ഹിറ്റ് മേക്കര്‍ ജി വി പ്രകാശ്കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.കെജിഎഫ്, കമലഹാസന്‍ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പ് അറിവ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.