കവിത പോലെ കഥ പറഞ്ഞ സാഹസികനായ സംവിധായകന്‍ - ബേലാ താര്‍
ധ്യാനാത്മകമായ പതിഞ്ഞ താളത്തിലുള്ള കഥ പറച്ചിൽ. സമയ ദൈർഘ്യത്തോടെയുള്ള ഭാവതീവ്രമായ ഷോട്ടുകൾ. കറുപ്പിലും വെളുപ്പിലും പ്രതിഫലിപ്പിക്കുന്ന മാനുഷിക വികാരങ്ങൾ. തന്റെ ചലച്ചിത്രസൃഷ്ടിയുടെ കലാമേന്മയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത സാഹസികനായ സംവിധായകൻ. അതാണ് ഹംഗേറിയൻ സംവിധായകനായ ബേലാ താർ.
ചരിത്രപരമായ കാവ്യാത്മകത കൊണ്ടും സവിശേഷ ശൈലികൊണ്ടും ലോകസിനിമയിൽ വേറിട്ടു നിൽക്കുന്ന ബേലാ താറിനു നൽകാവുന്ന വിശേഷണങ്ങൾ പലതാണ്. പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോൾ തന്നെ സിനിമ സംവിധാനം ചെയ്യുന്നത് എന്നേക്കുമായി അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ചലച്ചിത്രകാരൻ കൂടിയാണ് ബേലാ താർ. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ബേലാ താറിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമകളുടെ സൗന്ദര്യം കറുപ്പിലും വെളുപ്പിലും ആവാഹിച്ചും സവിശേഷമായ ആഖ്യാന ശൈലി ഉപയോഗിച്ചും നിർമ്മിച്ച അഞ്ചു ചിത്രങ്ങളും ഔട്ട്‌സൈഡർ എന്ന കളർ ചിത്രവുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
മൂന്ന് വർഷമെടുത്താണ് വെർക്ക്മീസ്റ്റർ ഹാർമണീസ് ബേലാ താർ പൂർത്തിയാക്കിയത്
ഒരു ചെറിയ താളം തെറ്റൽ സമൂഹത്തെ എങ്ങനെ പരിപൂർണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദമാക്കുന്ന ചിത്രം വെർക്ക്മീസ്റ്റർ ഹാർമണീസ്, ഫാമിലി നെസ്റ്റ്, താറും സഹപ്രവർത്തകനായ ലാസ്ലോ ക്രാസ്‌നഹോർകായിയും ചേർന്ന് തിരക്കഥ ഒരുക്കിയ 'ഡാംനേഷൻ', ആഗ്‌നസ് ഹ്രാനിറ്റ്സ്‌കിക്കൊപ്പം സംവിധാനം ചെയ്ത 'ദ മാൻ ഫ്രം ലണ്ടൻ', 'ദി ഔട്ട് സൈഡർ' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മനുഷ്യരാശിയെക്കുറിച്ചുള്ള ആശങ്കകൾക്കും ഉത്കണ്ഠകകൾക്കും ചലച്ചിത്ര ഭാഷ്യം രചിക്കുന്ന താറിന്റെ അവസാന ചിത്രമായ 'ദ ട്യൂറിൻ ഹോഴ്‌സും' ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
തെക്കൻ ഹംഗറിയിൽ 1955 ൽ ജനിച്ച ബേലാ താർ കൗമാരകാലത്തു തന്നെ സംഗീത സംഘങ്ങളിലും തിയേറ്റർ സംഘങ്ങളിലും പ്രവർത്തനമാരംഭിച്ചു. 14-ാമത്തെ ജന്മദിനത്തിന് പിതാവ് സമ്മാനമായി നൽകിയ 8 എംഎം ക്യാമറ ഉപയോഗിച്ച് 17-ാം വയസിൽ ജിപ്‌സി തൊഴിലാളികളെക്കുറിച്ച് ഗസ്റ്റ് വർക്കേഴ്‌സ് (1971) എന്ന ഡോക്യുമെന്ററി നിർമ്മിച്ചു. ഡോക്യുമെന്ററിയെത്തുടർന്ന് ഹംഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അനഭിമതനായി തുടർവിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടു. ഒരു ഷിപ്പ്യാർഡിൽ ജോലി ചെയ്തുകൊണ്ട് ഡോക്യുമെന്ററി പ്രവർത്തനങ്ങൾ തുടർന്നു. 20-ാം വയസിലാണ് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നിട്ടിറങ്ങുന്നത്.
ഒരുതരം ധ്യാനാത്മകമായ പതിഞ്ഞ താളമുള്ള ബേലാ താറിന്റെ സിനിമകൾ കമ്യൂണിസ്റ്റ്- മുതലാളിത്ത വ്യവസ്ഥയെയും മനുഷ്യ അന്തസ്സിനു നിരക്കാത്തതും സ്വതന്ത്രചിന്തകൾക്ക് വിലങ്ങിടുന്നതുമായ നയങ്ങളെ വിമർശിക്കുന്നു. സിനിമയിൽ ഉപയോഗിക്കുന്ന സൂചകങ്ങളുടെ പ്രത്യേകതയും താറിനെ വേറിട്ടവനാക്കുന്നു. അദ്ദേഹത്തിന്റെ ഷോട്ടുകളിലെ സമയദൈർഘ്യം സൃഷ്ടിക്കുന്നത് ഭാവതീവ്രതയാണ്.
ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച ഹംഗേറിയൻ സിനിമയെന്നും മനോഹരവും വേട്ടയാടുന്നതുമായ യൂറോപ്യൻ ചിത്രങ്ങളിൽ ഒന്നെന്നും വിശേഷിപ്പിക്കപ്പെട്ട ചിത്രമാണ് ബേലാ താറിന്റെ 'ദ വെർക്ക്മീസ്റ്റർ ഹാർമണീസ്' (2000). ചിത്രം 2001 ൽ ബെർലിൻ ചലച്ചിത്രമേളയിൽ ജൂറി പുരസ്‌കാരം നേടി. മൂന്നു വർഷമെടുത്താണ് അദ്ദേഹം ഈ മാസ്റ്റർപീസ് പൂർത്തിയാക്കിയത്. നഗരത്തിൽ നിന്ന് ഒരു യാത്രാസർക്കസ് വരുന്നതോടെ സമാധാനം തകരാറിലാകുന്നതും ഗ്രാമത്തിലെ ജനങ്ങൾ സംഭ്രാന്തരാകുകയും ചെയ്യുന്നതാണ് കഥ. 37 ഷോട്ടുകൾ മാത്രമുപയോഗിച്ചാണ് മനസ്സിനെ പിടിച്ചുലയ്ക്കുന്ന ചിത്രം തീർത്തത്.
ബേലാ താറിന്റെ പ്രസിദ്ധ സിനിമയായ 'ദ ടൂറിൻ ഹോഴ്സ്' (2011) തത്വചിന്താപരമായ ഒരു കവിത കൂടിയാണ്. 1889 ൽ ഇറ്റലിയിലെ ടൂറിനിൽ നടക്കാൻ വിസമ്മതിച്ച തന്റെ കുതിരയെ ഒരു മനുഷ്യൻ തുടർച്ചയായി ചമ്മട്ടികൊണ്ട് അടിക്കുന്നത് കണ്ട ജർമൻ തത്ത്വചിന്തകനായ ഫ്രെഡ്രറിക് നീഷെയുടെ മാനസിക തകർച്ചയെക്കുറിച്ച് വിശദീകരിക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. 2011 ലെ ബർലിൻ ചലച്ചിത്രമേളയിൽ ഫിപ്രസ്‌കി പുരസ്‌കാരവും സിൽവർ ബെയർ അവാർഡും 'ടൂറിൻ ഹോഴ്സ് ' നേടിയിരുന്നു.
2011 ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ 'ദ ടൂറിൻ ഹോഴ്സ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം ബേലാ താർ പറഞ്ഞു. 'തീർച്ചയായും ഇതെന്റെ ഒടുവിലത്തെ സിനിമയാണ്. മനോഹരമായ ഒരു ബൂർഷ്വാ ജോലിയാണ് സിനിമാനിർമാണം. ഇനിയും വേണമെങ്കിൽ പത്തോ പതിനഞ്ചോ സിനിമകൾ എനിക്ക് ചെയ്യാം. അങ്ങിനെ ഞാൻ ചെയ്തതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കാം, പക്ഷെ പണമുണ്ടാക്കാൻ മാത്രമായി ഒരേ പോലെയുള്ള സിനിമകൾ തന്നെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല'.