പോരാട്ടത്തിന്റെ പ്രതീകമായി ജാഫർ പനാഹി

പോരാട്ടത്തിന്റെ പ്രതീകമായി ജാഫർ പനാഹി

ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറികളെ വിമർശിച്ചതിന് 20 വർഷം ജയിൽവാസം
Updated on
2 min read

ഇറാനിലെ അടിച്ചമർത്തലുകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ സംവിധായകൻ, ജാഫർ പനാഹി. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രം നോ ബിയേഴ്സിൻ്റെ കേരളത്തിലെ ആദ്യ പ്രദർശനം രാജ്യാന്തര ചലച്ചിത്ര മേളയിൽ നടക്കുമ്പോൾ അത് കാണാൻ പനാഹി ഉണ്ടാവില്ല. 2022 ജൂലായ് 11-നാണ് ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തി എന്ന കുറ്റം ചുമത്തി പനാഹിയെ അറസ്‌റ്റ് ചെയ്യുകയും ആറ് വർഷം എവിൻ ജയിലിൽ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്.

ഇറാനിയൻ ന്യൂ വേവിലെ അഗ്രഗണ്യനായ സംവിധായകൻ, ഇറാനിയൻ സിനിമയെ ലോക സിനിമയുടെ മുൻപന്തിയിൽ കൊണ്ടുവരാൻ കാരണക്കാരായവരിൽ മുഖ്യൻ. പനാഹിയുടെ സിനിമകൾ സ്വതന്ത്ര ചിന്തകൾ വളർത്തുന്നത് ഗവൺമെണ്റ്റിനെ എന്നും ചൊടിപ്പിച്ചിരുന്നു. ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറികളെ വിമർശിച്ചതിനാണ് പനാഹി ആദ്യം ജയിലിലാകുന്നത്.

2010 ൽ ആറ് വർഷത്തേക്ക് ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. 20 വർഷത്തേക്ക് സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ രാജ്യത്തേയോ വിദേശത്തെയോ പത്രക്കാരുമായി സിനിമാ സംബന്ധിയായ അഭിമുഖങ്ങൾ നടത്താനോ അദ്ദേഹത്തെ അനുവദിച്ചില്ല. രാജ്യത്തിനു പുറത്ത് പോകാനുമുള്ള അനുവാദവും നിഷേധിക്കപ്പെട്ടു. പക്ഷെ ഈ അടിച്ചമർത്തലിനെല്ലാം ഇടയിലും തന്റെ പ്രതിഷേധങ്ങൾ ലോകത്തോട് വിളിച്ചുപറയാൻ പനാഹി വഴികൾ കണ്ടെത്തി.

വിവാദങ്ങൾക്കും കോടതി അപ്പീലിനും ഇടയിലാണ്, സിനിമകൾ ചെയ്യുന്നതിൽ നിന്ന് തനിക്ക് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചുകൊണ്ട് ദിസ് ഈസ് നോട്ട് എ ഫിലിം (2011) എന്ന ഡോക്യുമെന്ററി ഫീച്ചർ പനാഹി നിർമിച്ചത്. ഡിജിറ്റൽ കാംകോർഡറും ഐഫോണും ഉപയോഗിച്ച് 3,200 യൂറോ ചെലവിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

2011 ലെ കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പ്, മേളയിലേക്കുള്ള സർപ്രൈസ് എൻട്രിയായാണ് ചിത്രം പ്രഖ്യാപിച്ചത്. കേക്കിനുള്ളിൽ ഒളിപ്പിച്ച യുഎസ്ബി തമ്പ് ഡ്രൈവിലാണ് ഇത് ഇറാനിൽ നിന്ന് കടത്തിയത്. തുടർന്നങ്ങോട്ട് ഇറാനിയൻ സിനിമാ ലോകത്തെ അത്ഭുതപ്പെടുത്തിയ നിരവധി സിനിമകൾ അദ്ദേഹം സമ്മാനിച്ചു.

2013 ൽ തടവിൽ കഴിഞ്ഞിരുന്നപ്പോൾ തന്നെയാണ് പനാഹി തന്റെ അടുത്ത ചിത്രമായ ക്ലോസ്ഡ് കർട്ടൻ എടുത്തത്. ഇറാനിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണിത്. 2015 ൽ പുറത്തിറങ്ങിയ ടാക്സി, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം നോ ബിയേഴ്സ് എന്നിവയും ഇറാനിലെ ജീവിത സാഹചര്യങ്ങളെ സംബന്ധിച്ചവയാണ്.

ഫ്രാൻസിലേക്ക് പലായനം ചെയ്യുന്നതിനായി വ്യാജ പാസ്‌പോർട്ടുകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന ദമ്പതികളുടെ കഥയാണ് നോ ബിയേഴ്സ്. രാജ്യം വിട്ട് പുറത്തു പോകാൻ പറ്റാത്ത പനാഹിയുടെ അവസ്ഥയും കൂടിയാണ് അദ്ദേഹം ചിത്രത്തിലൂടെ തുറന്നു കാട്ടുന്നത്. ചിത്രത്തിൽ പനാഹിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രത്യേക ജൂറി പുരസ്കാരം നേടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ അഭിനേതാക്കളായ മിന ഖോസ്രവാനിയും റെസ ഹെയ്ദാരിയും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in