'ഹെർസ്റ്റോറി': ഹെർ സിനിമയിലെ ആദ്യഗാനം പുറത്തുവിട്ടു
ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഹെർ' ആദ്യ ലിറിക്കൽ വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ഹെർസ്റ്റോറി' എന്ന ടൈറ്റിലോടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. അൻവർ അലി രചിച്ച്, സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പ് ആണ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
എ ടി സ്റ്റുഡിയോസിന്റെ ബാനറിൽ അർച്ചന വാസുദേവ് തിരക്കഥയൊരുക്കി അനിഷ് എം തോമസ് നിർമ്മിക്കുന്ന ചിത്രമാണ് ഹെർ. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണിത്. ഉർവശി, പാർവതി തിരുവോത്ത്, ഐശ്യര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോ മോൾ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഒരുക്കിയിട്ടുള്ളത് ഗോവിന്ദ് വസന്തയാണ്.
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ഹെർ. 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹനിര്‍മാതാവായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റ് ആണിത്. ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ ലിജിൻ ജോസ് അരങ്ങേറ്റം കുറിച്ചത്. 'ലോ പോയിന്റ്', എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ് ’ എന്ന ഡോക്യുമെന്ററിയിലൂടെയും ലിജോ തന്റെ സംവിധാന മികവ് പ്രകടമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിർഭർ' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ചന്ദ്രു സെൽവരാജ് ആണ്. എം എം ഹംസ കലാസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസ് ആണ്.