IFFI ഗോവ: കുട്ടികളുടെ സാഹസിക കടല്‍ യാത്ര, മനം കവര്‍ന്ന് ഐലന്‍ഡ് ഓഫ് ലോസ്റ്റ് ഗേള്‍സ്
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാംദിനം പ്രേക്ഷകരെ ത്രസിപ്പിച്ചത് മൂന്ന് അനാഥ ബാല്യങ്ങളാണ്. അനാഥരായ മൂന്ന് സാഹസികരും അവരുടെ അതിജീവനത്തിന്റെ നിമിഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ മെക്‌സിക്കന്‍ ചിത്രമായ ദി ഐലന്‍ഡ് ഓഫ് ലോസ്റ്റ് ഗേള്‍സ് മേളയിലെ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായി മാറി. മേളയുടെ രണ്ടാം ദിവസം ഇന്ത്യന്‍ പനോരമയിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി.
മൂന്ന് പെണ്‍കുട്ടികളുടെ സാഹസികതയും കരുതലും സ്നേഹവും പ്രതീക്ഷയും വിഷയമാക്കിയ സിനിമക്കു പിന്നില്‍ ഒരു കുടുംബമാണുള്ളത്. ബ്രയാന്‍ സ്മിത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായികയായ ആന്‍ മേരി ഇദ്ദേഹത്തിന്റെ ഭാര്യയാണ്. പത്ത് വയസിന് താഴെയുള്ള ഇവരുടെ മൂന്ന് പെണ്‍മക്കളാണ് പ്രധാന അഭിനേതാക്കള്‍. കുട്ടികളുടെ സാഹസികമായ കടല്‍ യാത്രയും കടല്‍ ജീവികളുമായുള്ള സംഘര്‍ഷവും പ്രേക്ഷകരില്‍ ആശങ്ക നിറച്ചു. എല്ലാവരും ഒന്നിനൊന്ന് മികവ് പുലര്‍ത്തിയപ്പോള്‍ സാഹസികതയും മികച്ച ആശയവും അഭ്രപാളിയെ അനശ്വരമാക്കി.
നാസിസത്തിന്റെ കാലശേഷവും ഒഴിയാത്ത വര്‍ണവെറി
നാസിസത്തിന്റെയും നാസിസ്റ്റുകളുടെയും പുതുരൂപങ്ങള്‍ ലോകമെമ്പാടും നിലനില്‍ക്കുന്നത് കൊണ്ടാകണം നാസിസവും പ്രതികാരവും പ്രമേയമാകുന്ന സിനിമകള്‍ക്ക് ഇപ്പോഴും പ്രേക്ഷകരുള്ളത്. ചലച്ചിത്രോത്സവങ്ങളിലും ഇത്തരം സിനിമകളില്ലാത്ത അവസരങ്ങളും വിരളമാണ്. ഇത്തവണ മേളയില്‍ നാസി ക്രൂരതയും പ്രതികാരവുമെത്തിയത് ജര്‍മ്മനിയില്‍ നിന്നു തന്നെയാണ്. തോമസ് റോത്തിന്റെ സംവിധാനം ചെയ്ത ഷാറ്റേണ്‍ നാസികളുടെ ക്രൂരതയും അതിനിരയായവരുടെ അടങ്ങാത്ത പ്രതികാര ദാഹവും ചിത്രീകരിക്കുന്നു. അടുത്ത ബന്ധുക്കളെ അകാരണമായി നിഷ്‌കരുണം കൊല ചെയ്തവര്‍ക്കെതിരായ പ്രതികാരം തലമുറകള്‍ പിന്നിട്ടാലും കെടാതെ കാത്തു സൂക്ഷിക്കപ്പെടുമെന്നും പകരം വീട്ടുമെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഷാറ്റേണ്‍. നാസിസത്തിന്റെ കാലശേഷവും വര്‍ണവെറി ഒഴിഞ്ഞിട്ടില്ലെന്നും സിനിമ പറയുന്നു.
ഇന്ത്യന്‍ പനോരമ
ഇന്ത്യന്‍ പനോരമയില്‍ പ്രിത്വി കോനൗറിന്റെ ഹതിനേലന്തുവായിരുന്നു ആദ്യ ചിത്രം. ആനന്ദ് നാരായണ്‍ മഹാദേവിന്റെ ഹിന്ദി ചിത്രം ദി സ്റ്റോറി ടെല്ലര്‍, രാജമൗലിയുടെ ആര്‍ആര്‍ആര്‍, അജയ് ദേവ്ഗണ്‍ നായകനായ അഭിഷേക് പതകിന്റെ ദൃശ്യം- 2 എന്നിവയും പനോരമയില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സിനിമാ ചരിത്രം ഓര്‍മപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു കൊണ്ടുള്ള ചിത്ര പ്രദര്‍ശനങ്ങള്‍, പൊതുജനങ്ങള്‍ക്കായുള്ള ഓപ്പണ്‍ സ്‌ക്രീനിംഗ് എന്നിവയും ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.