മാമു തൊണ്ടിക്കോടിൽ നിന്ന് മാമുക്കോയയിലേക്ക്; വിദേശ സിനിമ വരെ എത്തിയ ആ യാത്ര

മാമു തൊണ്ടിക്കോടിൽ നിന്ന് മാമുക്കോയയിലേക്ക്; വിദേശ സിനിമ വരെ എത്തിയ ആ യാത്ര

നാടക പ്രവർത്തകനായിരുന്ന കാലത്ത് മാമു തൊണ്ടിക്കോട് എന്നായിരുന്നു മാമുക്കോയയുടെ പേര്
Updated on
1 min read

വർഷം-1986 , മോഹന്‍ലാല്‍ - സിബിമലയില്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടിന്‌റെ ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമ പുറത്തിറങ്ങിയ സമയം. അതുവരെ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന മാമുക്കോയയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷമായിരുന്നു ആ ചിത്രത്തിലേത്. മോഹൻലാലിനും ജഗതിക്കും നെടുമുടിവേണുവിനുമൊപ്പം കോയ എന്ന അധ്യാപകന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു .ആ കാലത്ത് ചിത്രഭൂമിയിലാണ് ആദ്യമായി മാമുക്കോയ എന്ന നടന്‌റെ ഒരു അഭിമുഖം അച്ചടിച്ച് വരുന്നത്.

അഭിമുഖം എടുത്ത മാതൃഭൂമി റിപ്പോര്‍ട്ടറായിരുന്ന പ്രേംചന്ദ് അഭിമുഖത്തിനൊടുവില്‍ മാമുക്കോയയോട് ചോദിച്ചു, എന്ത് പേരിലാണ് ഇത് പ്രസിദ്ധീകരിക്കേണ്ടത്, അതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുത്തോ എന്ന് പറഞ്ഞ അദ്ദേഹം പ്രിയപ്പെട്ടവര്‍ വിളിക്കുന്ന ചില പേരുകള്‍ കൂടി പങ്കുവച്ചു. മുതിര്‍ന്നവര്‍ എന്നെ മാമു എന്ന് വിളിക്കും , കുറേപ്പേര്‍ മാമുക്കോയ എന്നും നാടകത്തില്‍ മാമു തൊണ്ടിക്കോടാണ് ...

അവയില്‍ നിന്ന് മാമുക്കോയ എന്ന പേരാണ് പ്രേംചന്ദ് തിരഞ്ഞെടുത്തത്. മലയാള സിനിമയില്‍ കോഴിക്കോടന്‍ ഭാഷയുടെ കൈയൊപ്പുള്ള ഒരു പ്രതിഭയുടെ യാത്ര അവിടെ തുടങ്ങുകയായിരുന്നെന്ന് ഒരുപക്ഷെ മാമുക്കോയയോ പ്രേംചന്ദോ അപ്പോള്‍ തിരിച്ചറിഞ്ഞിരിക്കില്ല. പിന്നെ എത്ര എത്ര കഥാപാത്രങ്ങള്‍ ,ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മലയാളികള്‍ക്ക് മുന്നില്‍ ...

1997 ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രത്തിലൂടെ വിദേശ സിനിമയിലും മാമുക്കോയ സാന്നിധ്യം അറിയിച്ചു. ഷാജി എന്‍ കരുണിലൂടെയാണ് ആ അവസരം ലഭിച്ചതെന്ന് മാമുക്കോയ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചെറുത്തുരുത്തില്‍ ക്രിസ്ത്യന്‍ മിഷണറി സ്ഥാപിച്ച ആളുടെ മകളുടെ മകനായിരുന്നു ആ ചിത്രത്തിന്‌റെ സംവിധായകന്‍. കേരളത്തിന്‌റെ പശ്ചാത്തലത്തിലെടുത്ത ഫ്രഞ്ച് ചിത്രത്തിലേക്ക് മലയാളത്തില്‍ നിന്ന് തിലകനേയും മാമുക്കോയയേയുമാണ് അവര്‍ തിരഞ്ഞെടുത്തത്. കാളവണ്ടി ഓടിക്കുന്ന ആളുടെ കഥാപാത്രമായിരുന്നു മാമുക്കോയയ്ക്ക് ഫ്ളാമെന്‍ ഇന്‍ പാരഡൈസ് എന്ന ആ ചിത്രത്തില്‍

നാനൂറ്റി അമ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. പെരുമഴക്കാലത്തിലൂടെ സംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടിയിട്ടുണ്ട് .

logo
The Fourth
www.thefourthnews.in