'ദ കേരള സ്റ്റോറി'; ഗീബൽസിയൻ പ്രൊപ്പഗാണ്ട സിനിമകളെ വെല്ലുന്ന സംഘപരിവാർ നിർമിതി

'ദ കേരള സ്റ്റോറി'; ഗീബൽസിയൻ പ്രൊപ്പഗാണ്ട സിനിമകളെ വെല്ലുന്ന സംഘപരിവാർ നിർമിതി

ടീസർ ഇറങ്ങിയത് മുതൽ രാജ്യമൊട്ടുക്ക് ചർച്ചയായ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു മതേതര സമൂഹത്തിൽനിന്ന് ഉയർന്നത്
Updated on
3 min read

നാസി ജർമനിയിൽ ജൂതന്മാരെ അപരവത്കരിക്കാൻ ഗീബൽസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന പ്രൊപ്പഗാണ്ട ചിത്രങ്ങൾക്ക് ഒരു വെല്ലുവിളിയാണ് സുദീപ്തോ സെൻ സംവിധാനം നിർവഹിച്ച 'ദ കേരള സ്റ്റോറി'. ജർമനിയിൽ ജൂതരെങ്കിൽ ഇന്ത്യയിൽ മുസ്ലീങ്ങളെന്ന വ്യത്യാസം മാത്രം. വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും വിത്തുമുളപ്പിക്കാനുള്ള ശ്രമങ്ങളുടെ ബിഗ് സ്ക്രീനിലെ ആവിഷ്കാരം എന്ന പദവിയാകും 'ദ കേരള സ്റ്റോറി'യെന്ന ചിത്രത്തിന് കൂടുതൽ യോജിക്കുക.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ രാജ്യദ്രോഹികളുടെ ഇടമായി മുദ്രകുത്താനും ശ്രമങ്ങളും നടത്തുന്നുണ്ട് സംവിധായകൻ

ടീസർ ഇറങ്ങിയത് മുതൽ രാജ്യമൊട്ടുക്കെ ചർച്ചയായ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു മതേതര സമൂഹത്തിൽ നിന്നുയർന്നത്. പല തവണ കോടതികളെ സമീപിച്ചെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് വെള്ളിയാഴ്ച പടം റിലീസിന് എത്തുകയായിരുന്നു. കേരളത്തിൽ ആകെ 15 തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

അഫ്‌ഗാനിസ്ഥാൻ- ഇറാൻ അതിർത്തിയിലുള്ള ഐക്യരാഷ്ട്രസഭയുടെ ക്യാമ്പിൽ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാക്കപ്പെടുന്ന പെൺകുട്ടിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ശാലിനി ഉണ്ണിക്കൃഷ്ണനായിരുന്ന പെൺകുട്ടി എങ്ങനെ ഫാത്തിമയായി മാറിയെന്ന കഥയാണ് ചിത്രം പറയുന്നത്. 'ഇപ്പോൾ എന്റെ പേര് ഫാത്തിമ, മുൻപ് ഞാൻ ശാലിനി ഉണ്ണിക്കൃഷ്ണനായിരുന്നു. കേരളമാണ് എന്റെ നാട്. ഞാൻ ചിലരുടെ കെണിയിൽ അകപ്പെട്ടു. അവർ എന്നെ മനംമാറ്റി ഭീകരവാദ ക്യാമ്പിൽ എത്തിച്ചതാണ്" ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരോട് പെൺകുട്ടി ഇങ്ങനെ പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്താനും ചിത്രം മറന്നിട്ടില്ല. പുട്ടിന് പീര പോലെ കൃത്യമായ ഇടവേളകളിൽ ഈ ഉദ്യമം സുദീപ്തോ നടത്തുന്നു

അവിടെനിന്ന് കേരളത്തിലേക്കാണ് കഥയെത്തുന്നത്. കാസർഗോഡുള്ള കോളേജിൽ നഴ്സിങ് പഠിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തുന്നതാണ് നാല് പെൺകുട്ടികൾ. ഒരാൾ കോട്ടയത്ത് നിന്നുള്ള ക്രിസ്ത്യൻ യുവതി, മറ്റൊരാൾ എറണാകുളത്ത് സ്വദേശിയായ ഹിന്ദുമതവിശ്വാസി, മൂന്നാമതായാണ് തിരുവനന്തപുരത്തുനിന്നുള്ള ശാലിനിയെത്തുന്നത്. അവസാനമെത്തുന്ന മലപ്പുറം സ്വദേശിയായ ആസിഫയാണ് ശാലിനിയെ ഉൾപ്പെടെ 'ഭീകരവാദത്തിന്റെ' കെണിയിൽ വീഴ്ത്തുന്നത്. ഈ സമയങ്ങളിലെല്ലാം കാസർഗോഡ് തീവ്രവാദത്തിന് പിന്തുണ നൽകുന്ന സ്ഥലമായി ചിത്രീകരിക്കാൻ സംവിധായകൻ പരമാവധി ശ്രമിക്കുന്നുണ്ട്. കോളേജിലെ 'ഫ്രീ കശ്മീർ ചുമരെഴുത്തും ഒസാമ ബിൻലാദ'ന്റെ ചിത്രങ്ങളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

കേരള സമൂഹത്തിൽ സാധാരണയായി കണ്ടുവരുന്ന ഹിജാബ് അടക്കമുള്ള ഓരോ മുസ്ലീം ചിഹ്നങ്ങളെയും ആചാരങ്ങളെയും അപരവത്കരിക്കുക എന്ന ഒരൊറ്റ ആശയം മാത്രം മുന്നിൽ വച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് 'ദ കേരള സ്റ്റോറി' എന്നത് ചിത്രത്തിലെ ഓരോ സംഭാഷണങ്ങളും തെളിയിക്കുന്നുണ്ട് . തട്ടമിട്ട് കാണുന്ന പെൺകുട്ടിയോട് 'സ്ഥലം കോഴിക്കോട് അല്ലെങ്കിൽ മലപ്പുറം?' എന്ന ഒട്ടും നിഷ്കളങ്കമല്ലാത്ത ചോദ്യം അതിന്റെ ഒരു ഉദാഹരണം മാത്രം. ആസിഫ മെനയുന്ന 'കെണിയിൽ' അറിയാതെ മറ്റുള്ള പെൺകുട്ടികൾ വീണുപോകുന്നതാണ് കാണിക്കുന്നത്.

കേരളത്തിലെ മുസ്ലീം മതവിശ്വാസികൾ ഇതരവിശ്വാസികളായ സുഹൃത്തുക്കളോട് നടത്തുന്ന സാധാരണ ഇടപഴകലുകളെയാണ് ആസിഫയുടെ 'കെണി'യായി ചിത്രത്തിൽ വിവരിക്കുന്നത്. നോമ്പുകാലത്ത് സുഹൃത്തുക്കളെ വീട്ടിൽ ക്ഷണിക്കുന്നതും പ്രാർഥനയുമെല്ലാം ഇതിൽപെടും. മുസ്ലിങ്ങളായ ആൺസുഹൃത്തുക്കൾ മയക്കുമരുന്ന് നൽകിയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടും പെൺകുട്ടികളെ വിവാഹം വരെയെത്തിക്കുന്നുവെന്ന സംഘപരിവാർ നറേറ്റിവ് വളരെ കൃത്യമായി ചിത്രം പുനരാവിഷ്കരിക്കുന്നു.

സിനിമയെന്ന നിലയിൽ യാതൊരു കലാമൂല്യവും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് 'കേരള സ്റ്റോറി'

ശാലിനിയുടെ ആൺസുഹൃത്തുക്കളുടെ മുറിയിൽ ഫ്രെയിം വയ്ക്കുമ്പോഴെല്ലാം അവിടെ 'ദേശീയത ഹറാമാണെന്നും മുസ്ലിമാണ് വ്യക്തിത്വ'മെന്നുമുള്ള ചിത്രങ്ങൾ കാണിക്കാൻ സംവിധായകൻ മറന്നിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ രാജ്യദ്രോഹികളുടെ ഇടമായി മുദ്രകുത്താനുള്ള ശ്രമവും സംവിധായകൻ നടത്തുന്നു. മുസ്ലിം മതവിശ്വാസത്തിന്റെ ഭാഗമായ ദാനധർമവും നോമ്പ് തുറയുമെല്ലാം ഹിന്ദു പെൺകുട്ടികളെ വശീകരിക്കാനുള്ള മാർഗങ്ങളാണെന്നും ചിത്രം വാദിക്കുന്നു. ഇസ്ലാമിൽ സ്ത്രീകൾ ഫോണിൽ സംസാരിക്കുന്നത്, സംഗീതം, ലിപ്സ്റ്റിക്ക് ഇടുന്നത് അങ്ങനെ തുടങ്ങി എല്ലാം നിഷിദ്ധമാണെന്നും ചിത്രം സ്ഥാപിക്കുന്നുണ്ട്. ഇവിടെയെല്ലാം 'ശരിഅ നിയമം' എന്ന വാക്കും പുട്ടിന് പീരപോലെ ചേർക്കുന്നു.

സിനിമയെന്ന നിലയിൽ യാതൊരു കലാമൂല്യവും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് 'കേരള സ്റ്റോറി'. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെയടക്കം പ്രകടനങ്ങളും കൃത്രിമത്വം നിറഞ്ഞതാണ്. കേരള സ്റ്റോറിയെന്നാണ് സിനിമയുടെ പേരെങ്കിലും കേരളത്തെ അടയാളപ്പെടുത്തിയ ഒരു സ്ഥലത്ത് പോലും കൃത്യമായ പഠനമോ ഗൃഹപാഠമോ നടത്തിയിട്ടില്ല. മൂന്ന് പെൺകുട്ടികൾ ആക്രമിക്കപ്പെടുമ്പോൾ ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്ന ജനക്കൂട്ടമൊക്കെ സുദീപ്തോയുടെ ഭാവനയിൽ മുളപൊട്ടിയതാകാനാണ് വഴി.

ചിത്രത്തിന്‍റെ അവസാനം എഴുതി കാണിക്കുന്നവയില്‍ ഒന്ന്
ചിത്രത്തിന്‍റെ അവസാനം എഴുതി കാണിക്കുന്നവയില്‍ ഒന്ന്

കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ചിത്രത്തിലുടനീളമുണ്ട്. കൃത്യമായ ഇടവേളകളിൽ ഈ ഉദ്യമം സുദീപ്തോ നിർവഹിക്കുന്നു. മതാചാരങ്ങൾ പഠിപ്പിക്കാതെ വിദേശ പ്രത്യയശാസ്ത്രമായ കമ്മ്യൂണിസം പഠിപ്പിച്ചത് കൊണ്ട് പെൺകുട്ടികൾ മുസ്ലിം തീവ്രവാദികളുടെ കെണിയിൽ വീഴുന്നുവെന്നും കമ്മ്യൂണിസ്റ്റുകാർ കാപട്യക്കാരാണെന്നും വരെ ചിത്രം പറയുന്നു. വിശ്വാസികളായ ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ലിങ്ങളുടെ കെണിയിൽ വീണില്ലെങ്കിൽ പോലും അവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നുവെന്നും ചിത്രം ആരോപിക്കുന്നു. 'ഞാൻ ശാലിനി ഉണ്ണികൃഷ്ണൻ , കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതി' എന്ന് ആത്മാഭിമാനത്തോടെ പറയുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. 32,000 പേർ ഇത്തരത്തിൽ മതംമാറിയെന്ന ആരോപണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ഉത്തരം തേടിയെങ്കിലും നിയമസഭാ വെബ്‌സൈറ്റിൽ നിന്ന് വിവരം ശേഖരിക്കണമെന്നാണ് മറുപടി ലഭിച്ചതെന്നും എന്നാൽ ആ വെബ്സൈറ്റ് നിലവിലില്ലെന്നും ചിത്രത്തിന്റെ അവസാനം എഴുതികാണിക്കുന്നുണ്ട്.

ഓരോ വർഷവും ഇസ്ലാമിലേക്ക് മതം മാറിയ പെൺകുട്ടികളുടെ എണ്ണം 30,000 ആണെന്നും അനൗദ്യോഗിക കണക്ക് 50,000 ആണെന്നും ചിത്രം വാദിക്കുന്നു. തെളിവുകളില്ല എന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടാതെ പോകുകയാണെന്ന സംഘപരിവാർ വാദവും ചിത്രം ആവർത്തിക്കുന്നു. അങ്ങനെ എത്തരത്തിൽ നോക്കിയാലും നാസി ജർമനിയിലെ ഗീബൽസിയൻ സിനിമകളോട് കിടപിടിക്കുന്ന പ്രൊപ്പഗാണ്ട ചിത്രം തന്നെയാണ് 'ദ കേരള സ്റ്റോറി'. ഇന്ത്യയിലെ തീവ്രവലതുപക്ഷം പ്രൊപ്പഗാണ്ട സിനിമകളുടെ ചിത്രീകരണത്തിനായി 3,000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് അടുത്തിടെ സിനിമ താരം പ്രകാശ് രാജ് ആരോപിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുത്താൽ മതേതര സമൂഹം ഇനിയും ഒരുപാട് 'കേരള സ്റ്റോറി'കൾ നേരിടേണ്ടി വരുമെന്ന് ഉറപ്പ്

logo
The Fourth
www.thefourthnews.in