ഹേമ കമ്മിറ്റി റിപ്പോര്‍ട്ടല്ല, കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ പ്രമേയം വടക്കൻ കേരളത്തിലെ ഇസ്ലാംമത വ്യാപനമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍
വിവാദചിത്രം ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണെന്നുളള വാദങ്ങൾക്ക് പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. ചിത്രത്തിന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളെന്നും സംവിധായകൻ പറഞ്ഞു. 'രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ല. ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്ന് വന്നെന്നറിയില്ല', സുദീപ്‌തോ സെന്‍ പറഞ്ഞു.
കേരള സമൂഹത്തിൻ്റെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ സമൂലവത്കരണത്തെയും സംസ്ഥാനത്ത് ഇസ്ലാമിക മതമൗലികവാദത്തിൻ്റെ വ്യാപനത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും രണ്ടാം ഭാഗമെന്ന് അണിയറക്കാരിൽ നിന്നും അറിഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ കഥക്ക് ഇന്ത്യൻ രാഷ്ട്രീയമായോ മതമായോ യാതൊരു ബന്ധവുമുണ്ടാവില്ലെന്നാണ് പറയപ്പെടുന്നത്. ഐ എസ് റിക്രൂട്ട്‌മെൻ്റിൻ്റെയും ദേശവിരുദ്ധ, സാമൂഹിക വിരുദ്ധ പ്രസ്ഥാനങ്ങളുടെയും കേന്ദ്രമായി സംസ്ഥാനം മാറിയതെങ്ങനെയെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടാകും ചിത്രം മുന്നോട്ടു വെക്കുന്നതെന്നും സൂചന. രണ്ടാം ഭാഗത്തിൽ ആരൊക്കെയാവും പ്രധാന താരങ്ങളായി എത്തുക എന്ന ചോദ്യത്തിന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. ചിത്രം 2025 ൻ്റെ രണ്ടാം പകുതിയിൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രം മുന്‍പോട്ടുവച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ കേരളത്തിലും ഉയര്‍ന്നിരുന്നു. ചിത്രത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ രാഷ്ട്രീയ, മത നേതാക്കള്‍ എന്നിവരും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് 'കേരള സ്റ്റോറി'യെന്ന ചിത്രമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. കേരള സ്റ്റോറി രണ്ടാം ഭാഗം അണിയറക്കാർ സൂചിപ്പിച്ചതുപോലെ കേരളത്തിലെ ഇസ്ലാമിക മതമൗലികവാദത്തിൻ്റെ വ്യാപനത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ വീണ്ടും എതിർപ്പുകളും വിവാദങ്ങളും ഉണ്ടാവാനാണ് സാധ്യത.