സൂര്യയ്ക്കും ജയ് ഭീം സംവിധായകന്‍ ഗണവേലിനുമെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

സൂര്യയ്ക്കും ജയ് ഭീം സംവിധായകന്‍ ഗണവേലിനുമെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ജസ്റ്റിസ് എന്‍ സതീഷ്‌കുമാറാണ് എഫ്ഐആര്‍ റദ്ദാക്കി ഉത്തരവിറക്കിയത്
Updated on
1 min read

ജയ് ഭീം സിനിമയിലൂടെ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് നടന്‍ സൂര്യയ്ക്കും സംവിധായകന്‍ ഗണവേലിനുമെതിരെ വെലാച്ചേരി പോലീസ് രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍ സതീഷ്‌കുമാറാണ് എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

ജയ് ഭീം എന്ന സിനിമ രുദ്ര വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതായി കാണിച്ച് രുദ്ര വണ്ണിയര്‍ സേനയുടെ അഭിഭാഷകനായ കെ സന്തോഷ് സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടന്‍ സൂര്യയ്ക്കും സംവിധായകന്‍ ഗണവേലിനുമെതിരെ സെക്ഷന്‍ 295 എ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തമിഴ്നാട്ടിലെ ഇരുള വിഭാഗത്തിലെ ആളുകളുടെ ജീവിതം അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ജയ് ഭീം എന്ന ചിത്രത്തിലെ പ്രതിനായക കഥാപത്രത്തിന് വണ്ണിയര്‍ സമുദായത്തിലെ പ്രമുഖ നേതാവായിരുന്ന ഗുരുമൂര്‍ത്തിയുടെ പേര് ഉപയോഗിച്ചതായും വണ്ണിയര്‍ സംഘത്തിന്റെ ചിഹ്നമായ അഗ്‌നികുണ്ഡത്തിന്റെ ചിത്രമുള്ള കലണ്ടര്‍ വില്ലനായ പോലീസുകാരന്റെ ഓഫീസ് മുറിയിലുണ്ടെന്നുമായിരുന്നു എന്നതായിരുന്നു പരാതിക്കാരനായ കെ സന്തോഷിന്റെ വാദം.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രത്തിലൂടെ ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർ വ്യക്തമാക്കി. അഭിഭാഷകനായിരിക്കെ ജസ്റ്റിസ് കെ. ചന്ദ്രു നടത്തിയ കേസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ജസ്റ്റിസ് ചന്ദ്രുവിന്റെയും മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പെരുമാള്‍സാമിയുടെയും പേരുകള്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളുടെയും പേരുകളും മാറ്റം വരുത്തിയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. ഗുരു എന്ന പേര് സാധാരണമായി ഉപയോഗിച്ച് വരുന്നതാണെന്നും കലണ്ടര്‍ ഉപയോഗിച്ചത് 1995 എന്ന വര്‍ഷത്തെ സൂചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നെന്നും ഇവർ കോടതിയില്‍ വാദിച്ചു.

സിനിമയിലെ ഒരു കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന പേര് സമുദായത്തിത്തിലെ ഒരു നേതാവിനോട് സാമ്യമുള്ളതാണെന്ന് കരുതി സിനിമ ഒരു പ്രത്യേക സമുദായത്തിന് എതിരെയാണെന്ന് അനുമാനിക്കാന്‍ സാധിക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സെക്ഷന്‍ 295 (എ) പ്രകാരം കുറ്റം ചുമത്താന്‍ മാത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തില്‍ ബോധപൂര്‍വമായ ഒന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. സെക്ഷന്‍ 295( എ ) കേസെടുക്കാന്‍ നിർദേശം നല്‍കിയ സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നടപടിയെ ഹെെക്കോടതി വിമർശിച്ചു.

logo
The Fourth
www.thefourthnews.in