ഒരു സൂപ്പര്‍ ഹിറ്റ് പരസ്യ സംഗീതത്തിന്റെ രഹസ്യം

ഒരു സൂപ്പര്‍ ഹിറ്റ് പരസ്യ സംഗീതത്തിന്റെ രഹസ്യം

സിനിമാ ഗാനങ്ങളോളം തന്നെ ജനപ്രിയമായി മാറിയ പരസ്യ ജിംഗിളുകളുമുണ്ട്. അവയിലൊന്നാണ് 'മെല്ലെ മെല്ലെ കിനാവിന്റെ ജാലകം'
Updated on
3 min read

മയക്കത്തിൽനിന്ന് വിളിച്ചുണർത്തുകയായിരുന്നു സുജാത, ഒരു നുറുങ്ങ് പാട്ടിന്റെ തൂവൽ സ്പർശത്താൽ. സിനിമാപ്പാട്ടല്ല, സുജാതയുടെ ഏതെങ്കിലും ഹിറ്റ് ആല്‍ബം ഗാനം പോലുമല്ല. ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പരസ്യ ജിംഗിള്‍. ഇത്തിരിപ്പോന്ന ഒരു പാട്ടിന്‍കഷ്ണം. 'മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു ഇമ്മാനുവല്‍, വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന താരമാകാന്‍ ഒരുക്കുന്നു ഇമ്മാനുവല്‍, അഴക് നെയ്യുമീ പുടവകളില്‍ ആയിരം കനവായ് ഇമ്മാനുവല്‍'.

ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സിന്റെ ചില്ല് ജാലകത്തിനപ്പുറത്തുനിന്ന് നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിവന്ന ആ ഗാനശകലത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട് പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോള്‍ വീണ്ടും ഉച്ചഭാഷിണികളിലൂടെ അതേ ഈണം. അറിയാതെ തന്നെ, ആ പാട്ടിന്റെ കൈപിടിച്ച് പിന്നിലേക്ക് നടക്കുന്നു മനസ്. തീയറ്റര്‍ സ്‌ക്രീനില്‍ ആദ്യമായി അത് ദൃശ്യചാരുതയോടെ ചിത്രീകരിച്ചുകണ്ട നിമിഷങ്ങളിലേക്ക്.

അത്ഭുതത്തോടെ മനസിലോര്‍ത്തു അപ്പോള്‍, ആര് പറഞ്ഞു സിനിമാ ഗാനങ്ങള്‍ക്ക് മാത്രമേ മനുഷ്യ മനസിനെ ഗൃഹാതുരതയുടെ മായാലോകത്ത് തളച്ചിടാന്‍ കഴിയൂ എന്ന്? ചില പരസ്യഗീതങ്ങള്‍ അക്കാര്യത്തില്‍ സിനിമാപ്പാട്ടുകളെപ്പോലും അതിശയിപ്പിച്ചേക്കാം. പോയി മറഞ്ഞ കാലത്തിന്റെ ഓര്‍മകളിലേക്ക് നമ്മെ വികാരഭരിതമായി തിരിച്ചുവിളിച്ചേക്കാം അവ. ഹോര്‍ലിക്സ്, വിക്സ്, അമുല്‍, വിക്കോ വജ്രദന്തി, ഹമാരാ ബജാജ്, ലിറില്‍, ലൈഫ്‌ബോയ്... ഉദാഹരണങ്ങള്‍ എത്രയെത്ര.

'സന്തോഷമുണ്ട് ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍', മെലഡിയുടെ മൃദുസ്പര്‍ശം നല്‍കി രണ്ട് പതിറ്റാണ്ടോളം മുന്‍പ് 'മെല്ലെ മെല്ലെ' എന്ന ജിംഗിള്‍ ചിട്ടപ്പെടുത്തിയ ദീപക് ദേവിന്റെ വാക്കുകള്‍. പരിമിതികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് ചുരുങ്ങിയ സമയത്തിനകം നമ്മള്‍ ഒരുക്കുന്ന ഒരു പരസ്യഗാന ശകലം ഇത്ര കാലത്തിന് ശേഷവും ശ്രദ്ധിക്കപ്പെടുന്നു എന്നത് അത്ഭുതകരം തന്നെ. വരികളെഴുതിയ രാജീവ് ആലുങ്കലിനും പാടിയ സുജാതയ്ക്കുമുണ്ടാവില്ല മറിച്ചൊരു അഭിപ്രായം.

'ഒരര്‍ത്ഥത്തില്‍ സിനിമാപ്പാട്ടൊരുക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് ജിംഗിളിന്റെ സൃഷ്ടി. ഉല്‍പ്പന്നത്തിന്റെ, അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഗുണഗണങ്ങള്‍ മുപ്പത് സെക്കന്റ് അല്ലെങ്കില്‍ ഒരു മിനിറ്റ് മാത്രം നീളുന്ന ഒരു ഗാനശകലത്തില്‍ ഉള്‍ക്കൊള്ളിക്കണം. മാത്രമല്ല ആദ്യ കേള്‍വിയില്‍ തന്നെ അത് ശ്രോതാവിനെ പിടിച്ചിരുത്തുകയും വേണം

സിനിമയില്‍ അരങ്ങേറും മുന്‍പ് ജിംഗിളുകളായിരുന്നു ദീപകിന്റെ പ്രധാന തട്ടകം. ആദ്യം ചിട്ടപ്പെടുത്തിയ ഹിറ്റ് ജിംഗിള്‍ ആലുക്കാസ് ജ്വല്ലറിക്ക് വേണ്ടി ചെയ്ത 'പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്'. അന്ന് സിനിമയില്‍ തുടക്കം കുറിച്ചിട്ടില്ല ദീപക്. ഷിബുവിന്റെ സഹോദരന്‍ ദീപു അന്തിക്കാട് എഴുതിയ വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതൊരു പ്രൊഫഷണല്‍ ദൗത്യമായേ കണ്ടുള്ളൂ. ലക്ഷ്യം സിനിമയാണല്ലോ. എന്നാല്‍ വെള്ളിത്തിരയില്‍ ആര്‍ഭാടപൂര്‍ണം ആ ജിംഗിള്‍ ചിത്രീകരിച്ചു കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു. തീയറ്ററിലെ ഇരുട്ടിലിരുന്ന് എന്റെ ഒരു ഗാനം വലിയ സ്‌ക്രീനില്‍ ആദ്യമായി കണ്ടതും കേട്ടതും അന്നാണ്. മള്‍ട്ടി വാട്ട്‌സ് സ്പീക്കറുകളിലൂടെ മിന്‍മിനിയുടെയും ദേവാനന്ദിന്റെയും ശബ്ദത്തില്‍ പാട്ട് ഒഴുകിവന്നപ്പോള്‍ ശരിക്കും കോരിത്തരിച്ചുപോയി. ഒരു പരസ്യം സ്‌ക്രീനില്‍ കണ്ട് ആളുകള്‍ കയ്യടിക്കുന്നതും പുതിയ അനുഭവമായിരുന്നു. ദീപക് പറഞ്ഞു.

മുന്നോട്ടുളള സംഗീതയാത്രയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന് ആ പ്രതികരണം. പിന്നേയും വന്നു പരസ്യഗീതങ്ങള്‍. ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ജിംഗിള്‍ ഒരുക്കുമ്പോഴേക്കും ക്രോണിക് ബാച്ച്‌ലറിലൂടെ സിനിമയില്‍ അരങ്ങേറിക്കഴിഞ്ഞിരുന്നു ദീപക്. 'ഒരര്‍ത്ഥത്തില്‍ സിനിമാപ്പാട്ടൊരുക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് ജിംഗിളിന്റെ സൃഷ്ടി. ഉല്‍പ്പന്നത്തിന്റെ, അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഗുണഗണങ്ങള്‍ മുപ്പത് സെക്കന്റ് അല്ലെങ്കില്‍ ഒരു മിനിറ്റ് മാത്രം നീളുന്ന ഒരു ഗാനശകലത്തില്‍ ഉള്‍ക്കൊള്ളിക്കണം. മാത്രമല്ല ആദ്യ കേള്‍വിയില്‍ തന്നെ അത് ശ്രോതാവിനെ പിടിച്ചിരുത്തുകയും വേണം. ഞൊടിയിടയിലുള്ള റിസള്‍ട്ട് ആണ് അവിടെ പ്രധാനം. ഒപ്പം മനോഹരമായ വിഷ്വലുകളും'.

'കാത്തു കാത്തിരിപ്പതെന്തിന് സഖീ നീ..', സുരേഷ് ബാബു എന്നൊരാളാണ് അതെഴുതിയത്. പാടിയത് ഗംഗയും. തിരുവാതിരപ്പാട്ടിന്റെ താളത്തിലുള്ള ആ ജിംഗിളിന്റെ വീഡിയോയില്‍ അഭിനയിച്ചത് തപ്സി പന്നു. അന്ന് സിനിമയില്‍ ശ്രദ്ധേയയായിത്തുടങ്ങിയിട്ടില്ല തപ്സി

ദീപക് ദേവിന്റെ പാട്ടുകള്‍ക്കൊപ്പം ഇമേജസ് ആഡ് ഫിലിംസിന് വേണ്ടി ഷിബു-ദീപു-ഷാബു സഹോദരര്‍ ഒരുക്കിയ വീഡിയോകളും ഹിറ്റായി. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ സെറ്റിട്ട് ചിത്രീകരിച്ചതാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പരസ്യചിത്രം എന്നോര്‍ക്കുന്നു ദീപു അന്തിക്കാട്. രംഭയും വിമലാരാമനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളാണ് രംഗത്ത് പ്രത്യക്ഷപ്പെട്ടത്. ആലുക്കാസിന്റെ പരസ്യം ചിത്രീകരിച്ചത് ഊട്ടിയിലും ചെന്നൈയിലും.

നിര്‍ഭാഗ്യവശാല്‍ പല ജിംഗിളുകളുടേയും യഥാര്‍ത്ഥ ശില്‍പ്പികളെ ജനം അറിയില്ല. പ്രശസ്തമായ സൃഷ്ടികള്‍ക്ക് പിന്നില്‍ അജ്ഞാതരായി മറഞ്ഞിരിക്കാനാണ് പലരുടേയും വിധി. യൂട്യൂബിലെ പഴയ വീഡിയോകള്‍ക്കൊപ്പം രചയിതാവിന്റെയോ സംഗീത സംവിധായകന്റെയോ ഗായകരുടേയോ പേരുകള്‍ കൊടുക്കാന്‍ പലരും മിനക്കെടാറില്ല എന്നതാണ് കാരണം.

ഇമേജസിന്റെ ശ്രദ്ധേയമായ ധാരാളം പരസ്യ ചിത്രങ്ങള്‍ക്ക് തുടര്‍ന്നും സംഗീതം നിര്‍വഹിച്ചു ദീപക് ദേവ്. സ്‌കൂബി ഡേക്ക് വേണ്ടി ചെയ്ത 'മൂളിപ്പാട്ടിന്‍ ഈണവുമായ്' അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നു. ദീപുവാണ് ഈ ഗാനത്തിന്റെയും രചന. ചില പഴയ പരസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ എടുത്തുപറഞ്ഞ് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്ന് ദീപു. പെട്ടെന്ന് ഓര്‍മ വരുന്നത് കൊടുങ്ങല്ലൂര്‍ ലക്ഷ്മി ജ്വല്ലറിയുടെ പരസ്യമാണ്: 'കാത്തു കാത്തിരിപ്പതെന്തിന് സഖീ നീ..', സുരേഷ് ബാബു എന്നൊരാളാണ് അതെഴുതിയത്. പാടിയത് ഗംഗയും. തിരുവാതിരപ്പാട്ടിന്റെ താളത്തിലുള്ള ആ ജിംഗിളിന്റെ വീഡിയോയില്‍ അഭിനയിച്ചത് തപ്സി പന്നു. അന്ന് സിനിമയില്‍ ശ്രദ്ധേയയായിത്തുടങ്ങിയിട്ടില്ല തപ്സി. 'ശ്രീകാളീശ്വരി തീയറ്ററില്‍ ഇരുന്ന് ഈ പരസ്യചിത്രം കണ്ടിരുന്ന കാലത്തെക്കുറിച്ച് ഇന്നും ഗൃഹാതുരതയോടെ സംസാരിച്ചുകേള്‍ക്കാറുണ്ട് കൊടുങ്ങല്ലൂര്‍ക്കാര്‍. അവരില്‍ പലര്‍ക്കും അതൊരു വികാരമാണ്'. അടുത്തിടെ പുറത്തിറങ്ങിയ 'നാലാം മുറ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ദീപു പറയുന്നു.

നിര്‍ഭാഗ്യവശാല്‍ പല ജിംഗിളുകളുടേയും യഥാര്‍ത്ഥ ശില്‍പ്പികളെ ജനം അറിയില്ല. പ്രശസ്തമായ സൃഷ്ടികള്‍ക്ക് പിന്നില്‍ അജ്ഞാതരായി മറഞ്ഞിരിക്കാനാണ് പലരുടേയും വിധി. യൂട്യൂബിലെ പഴയ വീഡിയോകള്‍ക്കൊപ്പം രചയിതാവിന്റെയോ സംഗീത സംവിധായകന്റെയോ ഗായകരുടേയോ പേരുകള്‍ കൊടുക്കാന്‍ പലരും മിനക്കെടാറില്ലെന്നതാണ് കാരണം. ചരിത്രത്തിന്റെ ഭാഗമായ ആ ഈണങ്ങളോടും അവയുടെ സ്രഷ്ടാക്കളോടുമുള്ള അനീതിയല്ലേ ഈ അവഗണന? പരസ്യത്തില്‍ വേണോ ഈ രഹസ്യം?

logo
The Fourth
www.thefourthnews.in