ട്വൽത്ത് മാന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട്; ചിത്രത്തിന്റെ പേര് 12-ന് അറിയാം
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ ജയിലര്‍ ഇന്ന് റിലീസ് ആയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. ലാലിന്റെ 'മാത്യു' എന്ന കാമിയോ വേഷത്തിന് വൻ വരവേൽപ്പാണ് സിനിമാപ്രേമികൾ നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി മോഹൻലാലിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
ദൃശ്യം സീരീസ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് മോഹൻലാൽ പങ്കുവച്ചത്. ഓഗസ്റ്റ് 12 ശനിയാഴ്ച ടൈറ്റിൽ പുറത്തുവിടുമെന്നാണ് മോഹൻലാൽ ഫെയ്സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12ന് വൈകുന്നേരം അഞ്ച് മണിക്കാകും അനൗൺസ്മെന്റ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 33മത് ചിത്രം കൂടിയാണിത്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
ട്വൽത്ത് മാന് ശേഷം മോഹൻലാൽ- ജീത്തു കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ദൃശ്യം 3 ആയിരിക്കുമെന്ന തരത്തിൽ നേരത്തെ പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ, സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാംഭാഗം ഉടനില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ് ദ ഫോർത്തിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സിനിമയുടെ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
പ്രൊഡക്ഷൻ നമ്പർ 33 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ലാൽ ആരാധകരും പ്രേക്ഷകരും. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന "എംപുരാൻ" എന്ന ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ഈ ചിത്രം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 200 കോടിയാണ് ബജറ്റിൽ ഒരുങ്ങുന്ന 'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. നന്ദകിഷോര്‍ ആണ് സംവിധാനം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.