മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം ആരംഭിച്ചു

ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സഹിതം മോഹൻലാൽ തന്നെയാണ് വാർത്ത പങ്കുവച്ചത്
Updated on
1 min read

മോഹന്‍ലാൻ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം ആരംഭിച്ചു. ജൂലൈ 22 നാണ് നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'വൃഷഭ' യുടെ ഷൂട്ടിംഗ് ആരംഭിച്ചത്. മലയാളം-തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രം കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ലൊക്കേഷൻ സ്റ്റില്ലുകൾ പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ചിത്രീകരണ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ തരണ്‍ ആദര്‍ശും ചിത്രത്തിന്റെ ഷൂട്ടിംഗ് വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

''വൃഷഭ ഫ്രെയിമിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. വൃഷഭയുടെ ക്ലാപ് ബോര്‍ഡ് അടിയ്ക്കുമ്പോൾ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്ന് അഭ്യര്‍ഥിക്കുന്നു'', മോഹൻലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബോളിവുഡിലെ പ്രമുഖ നിർമാതാവ് ഏക്താ കപൂര്‍ ആണ് ചിത്രത്തിന്റെ നിർമാണം. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേർന്ന് ബാലാജി ടെലിഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുനന്ത്. 2024 ൽ ഇന്ത്യൻ ചിത്രങ്ങളിൽ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് വൃഷഭയെന്നാണ് ഏക്താ കപൂര്‍ പ്രതികരിച്ചത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂറിന്റെ തെന്നിന്ത്യയിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്

അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് വൃഷഭ പറയുന്നത്. റോഷന്‍ മെകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി എത്തുന്നത്. ഷനായ കപൂര്‍, സഹ്‌റ ഖാന്‍, സിമ്രാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മേക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂറിന്റെ തെന്നിന്ത്യയിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. ഭൂതകാലത്തിലൂടെയും വര്‍ത്തമാന കാലത്തിലൂടെയും കഥ പറയുന്ന ചിത്രം വ്യത്യസ്ത കാലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ രണ്ട് കാലങ്ങളെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന കഥാപാത്രമായാണ് ഷനായ സ്‌ക്രീനില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ ഡ്രാമ ത്രില്ലര്‍ ജോണറിലാണ് ചിത്രമെത്തുക

ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. ക്രിഷ്, കുച്ച് കുച്ച് ഹോത്താ ഹേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. മോഹന്‍ ബി കേരെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കെ എം പ്രകാശാണ്. ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും വൃഷഭ എന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in