ഗൗരിയമ്മയെ ചൊടിപ്പിച്ച പാട്ട്
എഴുതിയ ആദ്യ ഗാനം തന്നെ സൂപ്പർഹിറ്റ്. അതിന്റെ തുടർച്ചയെന്നോണം ഒരു പിടി മനോഹര സിനിമാഗാനങ്ങളും ആൽബം ഗാനങ്ങളും. എങ്കിലും ആർ കെ ദാമോദരന്റെ എക്കാലത്തെയും "ജനകീയ" ഹിറ്റ് ഗാനം ഇവയൊന്നുമല്ല. അതൊരു നുറുങ്ങുപാട്ടാണ്. ഒരു ജ്വല്ലറിപ്പരസ്യത്തിന് വേണ്ടി ആർ കെ കുറിച്ച രണ്ടു വരികൾ
"പെണ്ണായാൽ പൊന്നുവേണം
പൊന്നുംകുടമായിടേണം,
പത്തരമറ്റവൾക്കേകാൻ
ഭീമ തൻ സ്വർണ്ണം ചാർത്തിടേണം..."
കാൽ നൂറ്റാണ്ടോളം ടെലിവിഷനിലും റേഡിയോയിലും കേരളത്തിലെ തിയേറ്ററുകളിലും മുഴങ്ങിയ ഈ ജിംഗിൾ എഴുതിയത് ആർ കെയും ചിട്ടപ്പെടുത്തിയത് ബേണി ഇഗ്നേഷ്യസും ആണെന്നറിയുന്നവർ ചുരുങ്ങും. അജ്ഞാതരായി മറഞ്ഞിരിക്കാനാണല്ലോ പല പരസ്യഗീത ശില്പികളുടെയും വിധി.
ജിംഗിളിന്റെ ആശയവുമായി മുദ്ര കമ്മ്യൂണിക്കേഷൻസുകാർ ആർ കെ ദാമോദരനെ സമീപിച്ചത് 1997 ൽ. അതിനു മുൻപ് ഒന്നോ രണ്ടോ പരസ്യങ്ങൾക്ക് വേണ്ടി രചന നടത്തിയ പരിചയമേ ഉള്ളൂ. ആശയം വിശദീകരിച്ചു കേട്ടപ്പോൾ ആർ കെ ഒരു നിർദ്ദേശം മുന്നോട്ടു വെക്കുന്നു: "നമുക്ക് തെക്കൻ പാട്ടിനെ കൂട്ടുപിടിച്ചാലോ?" വടക്കൻ പാട്ട് അറിയാത്തവരുണ്ടാവില്ല. പക്ഷെ തെക്കൻ പാട്ട് അത്ര പ്രശസ്തമല്ല.
"പെണ്ണായാൽ പൊന്നു വേണം" എഴുതുമ്പോൾ ആലായാൽ തറവേണം എന്ന് തുടങ്ങുന്ന പരമ്പരാഗത തെക്കൻ പാട്ടായിരുന്നു മനസ്സിൽ എന്നു പറയുന്നു ആർ കെ. കാവാലത്തിന്റെയും മറ്റും ശബ്ദത്തിലൂടെ ഇത്തരം ഗാനങ്ങൾ സിനിമയിലൂടെയും അല്ലാതേയും ജനകീയമായിക്കൊണ്ടിരുന്ന കാലം. "സിനിമാഗാനങ്ങൾ എഴുതുന്നതിനേക്കാൾ വലിയ വെല്ലുവിളി ആണ് പരസ്യ ജിംഗിളുകളുടെ സൃഷ്ടി. സിനിമാപ്പാട്ടിലാവുമ്പോൾ പറയേണ്ട കാര്യങ്ങൾ ഒതുക്കിപ്പറയാം നമുക്ക്. എന്നാൽ പരസ്യങ്ങളിൽ അതു പറ്റില്ല. പറയാനുള്ളത് തെളിച്ചു പറയണം; അതും അങ്ങേയറ്റം ലളിതമായി. നേരിട്ട് മുഖത്തുനോക്കി പറയുന്നതുപോലെ. രണ്ടോ മൂന്നോ വരികളിൽ ആശയം ഒതുങ്ങിനിൽക്കുകയും വേണം. ഭാഗ്യവശാൽ ഭീമയുടെ ജിംഗിളിൽ ഇതെല്ലാം ഒത്തുവന്നു. അതുകൊണ്ടാവണം അത് എളുപ്പം ജനശ്രദ്ധ നേടിയത്.''
ഉണ്ണിമേനോന്റെ ശബ്ദത്തിലാണ് ആദ്യം ആ ജിംഗിൾ റെക്കോർഡ് ചെയ്തത്. പിന്നെ മറ്റു പലരും പാടി; ഉണ്ണികൃഷ്ണൻ ഉൾപ്പെടെ. ഗായകരും ദൃശ്യങ്ങളും പിൽക്കാലത്ത് മാറി മാറി വന്നെങ്കിലും പാട്ടിന്റെ വരികളും ഈണവും പൂർണ്ണമായി ഉപേക്ഷിച്ചില്ല ഭീമ. കുറച്ചുകാലം മുൻപ് വരെ ആ ഗാനത്തിന്റെ ഈണം അവരുടെ പരസ്യങ്ങളിൽ മിന്നിമറഞ്ഞിരുന്നു. "ഈണം മാത്രം കേട്ടാലും പെണ്ണായാൽ പൊന്നുവേണം എന്ന് അറിയാതെ മൂളും മനസ്സ്. അത്രകണ്ട് ജനകീയമായിരുന്നു ആ ജിംഗിൾ." - ആർ കെ.
ജിംഗിൾ ഹിറ്റായതോടെ വിമർശനങ്ങളും ഉയർന്നു. തികച്ചും സ്ത്രീവിരുദ്ധമായ രചന എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പെണ്ണായാൽ പൊന്ന് കൂടിയേ തീരൂ എന്ന ചിന്ത തന്നെ പ്രാകൃതമെന്ന് ചൂണ്ടിക്കാട്ടി അവർ. "പരസ്യത്തിനു വേണ്ടി എഴുതുന്ന വരികളിൽ പ്രതിഫലിക്കുക നമ്മുടെ കാഴ്ചപ്പാടുകളോ നിലപാടുകളോ അല്ല എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി."- ആർ കെയുടെ വാക്കുകൾ. "തികച്ചും പ്രൊഫഷണൽ ആയ ദൗത്യമായേ ഞാൻ അതിനെ കണ്ടിട്ടുള്ളൂ. ആത്മാവിഷ്കാരത്തിന് വേണ്ടി നമുക്ക് കവിത എഴുതാം. പക്ഷേ പരസ്യ ജിംഗിളിൽ ആ സ്വാതന്ത്ര്യം ലഭിക്കില്ല എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ."
ഏറ്റവും അത്ഭുതപ്പെടുത്തിയത് കെ ആർ ഗൗരിയമ്മയുടെ വാക്കുകളാണെന്ന് ആർ കെ. ആയിടക്കൊരിക്കൽ ആലപ്പുഴയിലെ ഒരു ചടങ്ങിൽ പരസ്യത്തെ രൂക്ഷമായി വിമർശിച്ചിരുന്നു ഗൗരിയമ്മ. തികച്ചും സ്ത്രീവിരുദ്ധമാണ് അതിന്റെ വരികളും ചിത്രീകരണവും എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. അടുത്ത ദിവസം തന്നെ ഗൗരിയമ്മയെ വിളിച്ച് ഉദാഹരണസഹിതം ആർ കെ നിലപാട് വ്യക്തമാക്കുന്നു. "സ്ത്രീയ്ക്ക് സ്വർണ്ണം നിർബന്ധമാണ് എന്ന വീക്ഷണത്തോട് വ്യക്തിപരമായി എനിക്കുമില്ല യോജിപ്പ്. പരസ്യ ജിംഗിളിൽ പ്രതിഫലിക്കുന്നത് നമ്മുടെ വിശ്വാസ പ്രമാണം ആകണമെന്നില്ലല്ലോ. തൊഴിലിന്റെ ഭാഗമായ ഒരു സൃഷ്ടി മാത്രമാണത്. ദൈവവിശ്വാസി അല്ലാത്ത വയലാർ അല്ലേ മലയാളത്തിലെ ഏറ്റവും മികച്ച ഭക്തിഗാനങ്ങൾ പലതും എഴുതിയിട്ടുള്ളത്?'' എന്തൊക്കെ പറഞ്ഞിട്ടും ഗൗരിയമ്മയുടെ രോഷം അടങ്ങുന്നില്ല. കവികൾക്ക് ഒരു ധർമ്മമില്ലേ, അത് ലംഘിക്കാമോ എന്നാണ് അവരുടെ ചോദ്യം.
മറുപടിയായി താൻ തന്നെ എഴുതിയ ഒരു സിനിമാഗാനത്തിന്റെ വരികൾ ഗൗരിയമ്മയ്ക്ക് മൂളിക്കൊടുക്കുന്നു ആർ കെ. സ്ത്രീധനം (1993) എന്ന ചിത്രത്തിലെ പാട്ട്: "സ്ത്രീയെ മഹാലക്ഷ്മി എന്നറിയാതെ സ്ത്രീധനം ചോദിക്കുമാചാരം, പുരുഷാർത്ഥങ്ങളെ കൈവെടിയുന്നോരു പൗരുഷം, പുണ്യമാം ധന്യമാം ദാമ്പത്യ ശാപഭാരം..'' എസ് പി വെങ്കിടേഷിന്റെ ഈണത്തിൽ യേശുദാസ് പാടിയ ഈ പാട്ടിന്റെ ചരണത്തിൽ "സ്ത്രീയെ ധനമെന്ന വേദാന്ത ചിന്തയിൽ സ്ത്രീധനം ബീഭത്സഭാവമല്ലോ" എന്നും എഴുതിയിട്ടുണ്ട് ദാമോദരൻ.
"അത് ആ സിനിമയിലെ കഥാപാത്രത്തിന്റെ ആത്മഗതമാണ്. ഗാനരചന ഒരു ജോലി കൂടി ആകുമ്പോൾ പരസ്പര വിരുദ്ധ നിലപാടുകളുള്ള പാട്ടുകളും നമുക്കെഴുതേണ്ടി വരും. അതൊക്കെ കവിയുടെ വിശ്വാസങ്ങളും വീക്ഷണങ്ങളുമായി വിലയിരുത്തുന്നത് കഷ്ടമാണ്... ഇത്രയും പറഞ്ഞപ്പോൾ ഗൗരിയമ്മയ്ക്ക് എന്റെ നിരപരാധിത്വം ഏറക്കുറെ ബോധ്യമായി എന്ന് തോന്നുന്നു. നമുക്കൊന്ന് നേരിൽ കാണണം എന്നുപറഞ്ഞാണ് അവർ ഫോൺ വെച്ചത്." നിർഭാഗ്യവശാൽ ആ കൂടിക്കാഴ്ച നടന്നില്ല.
"നല്ല ഭാഷാജ്ഞാനവും നമ്മുടെ സംസ്കാരത്തെ കുറിച്ചുള്ള അറിവും ഉണ്ടെങ്കിൽ മലയാളികൾ എളുപ്പം സ്വീകരിക്കുന്ന ഒരു പരസ്യഗീതം സൃഷ്ടിക്കുന്നതിനു പ്രയാസമുണ്ടാവില്ല എന്നാണ് എന്റെ അനുഭവം."- ആർ കെ. "ഒരു പക്ഷേ എന്റെ സിനിമാപ്പാട്ടുകളേക്കാൾ മലയാളി കേട്ടിരിക്കുക ഭീമയുടെ പരസ്യ ഗാനം ആയിരിക്കും. ഏതാണ്ട് 25 വർഷത്തോളം തുടർച്ചയായി ദിവസം തോറും ഏതെങ്കിലുമൊരു മാധ്യമത്തിലൂടെ മലയാളി കേട്ടുകൊണ്ടിരുന്ന പാട്ടാണത്. നിർഭാഗ്യവശാൽ ജിംഗിളുകളുടെ യഥാർത്ഥ ശില്പികൾക്ക് പലപ്പോഴും ക്രെഡിറ്റ് ലഭിക്കാറില്ല. ഒരു സർഗ്ഗസൃഷ്ടി എന്ന നിലയ്ക്ക് ആരും അവയെ ഗൗരവത്തോടെ കാണാറുമില്ല. അത് കഷ്ടം തന്നെയാണ്.''- സിനിമാപ്പാട്ടെഴുത്ത് പോലെ, ഒരു പക്ഷെ അതിനേക്കാൾ ഉത്തരവാദിത്തമുള്ള ജോലിയാണ് ജിംഗിൾ രചനയും എന്ന് വിശ്വസിക്കുന്ന ആർ കെ പറയുന്നു.
രാജു റഹിം (1978) എന്ന ചിത്രത്തിലെ "രവിവർമ്മ ചിത്രത്തിൻ രതിഭാവമേ" എന്ന പാട്ടുമായാണ് മലയാള സിനിമയിൽ ആർ കെ ദാമോദരന്റെ രംഗപ്രവേശം. തുടർന്ന് സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ, മഞ്ഞിൽ ചേക്കേറും (രക്തം), തിരുവൈക്കത്തപ്പാ, മുഖശ്രീ വിടർത്തുന്ന കൗമാരം (അകലങ്ങളിൽ അഭയം), ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും (മിഴിനീർപ്പൂക്കൾ), ഹേമന്തഗീതം (താളം തെറ്റിയ താരാട്ട്) തുടങ്ങി തങ്കക്കിനാപൊങ്കൽ (ഫ്രണ്ട്സ്) വരെ അസംഖ്യം ജനപ്രിയ ഗാനങ്ങൾ. പമ്പാഗണപതി, പാപം മറിച്ചിട്ടാൽ പമ്പ, പഞ്ചമുഖ ഗണപതി (സംഗീതം ടി എസ് രാധാകൃഷ്ണൻ) ചെറുശ്ശേരി തൻ (രവീന്ദ്രൻ) തുടങ്ങിയ നൂറുകണക്കിന് ചലച്ചിത്രേതര ഗാനങ്ങൾ വേറെ.
അവയ്ക്കിടയിലും പത്തര മാറ്റോടെ തിളങ്ങി നിൽക്കുന്നു "പെണ്ണായാൽ പൊന്നുവേണം" എന്ന നുറുങ്ങുപാട്ട്.