മനം പോലെ മാംഗല്യം; പി സുശീലയുടെ ശബ്ദത്തിൽ ഒരു സൂപ്പർഹിറ്റ്  പരസ്യഗീതം

മനം പോലെ മാംഗല്യം; പി സുശീലയുടെ ശബ്ദത്തിൽ ഒരു സൂപ്പർഹിറ്റ് പരസ്യഗീതം

1990 കളുടെ തുടക്കത്തിൽ ടെലിവിഷനിലും റേഡിയോയിലും തിയേറ്ററുകളിലും മുഴങ്ങിക്കേട്ട സൂപ്പർ ഹിറ്റ് ജിംഗിൾ ആയിരുന്നു രമണികയുടെ " മനം പോലെ മാംഗല്യം മകളേ നിൻ സൗഭാഗ്യം
Updated on
3 min read

രമണിക ഇന്നില്ല. പക്ഷേ രമണീയമായ ആ കാലത്തിന്റെ ഓർമ്മ നമുക്കൊപ്പമുണ്ട്; ഒരു നുറുങ്ങുപാട്ടിന്റെ രൂപത്തിൽ: "മനം പോലെ മാംഗല്യം മകളേ നിൻ സൗഭാഗ്യം, മലയാള പരിവേഷം മണിയൂഞ്ഞാലാടുന്നൂ, രമണീയമാകുമീ രമണികയാണു നീ, അഴകേഴും ചേർന്നൊരു അഴകായ് മാറുമ്പോൾ അതിധന്യമാമൊരു വധുവായ് മാറുമ്പോൾ.."

പരസ്യ ജിംഗിളുകളിൽ അപൂർവമായി മാത്രം മുഴങ്ങിക്കേട്ടിട്ടുള്ള പി സുശീലയുടെ ശബ്ദമാണ് ഈ ഗാനശകലത്തിന്റെ മുഖ്യ ആകർഷണം; ഗൃഹാതുരതയിൽ ചാലിച്ച ശബ്ദം. കൊട്ടും കുരവയുമായി കടന്നു വന്ന് ഒടുവിൽ ഒരു നാൾ അധികമാരുമറിയാതെ വിസ്മൃതിയിൽ മാഞ്ഞുപോയ എറണാകുളത്തെ രമണിക സാരീസ് എന്ന സ്ഥാപനത്തെ ലോകമെങ്ങുമുള്ള മലയാളികൾക്ക് സുപരിചിതമാക്കിയതിൽ ബിച്ചു തിരുമല എഴുതി രാജീവ് മേനോൻ ചിട്ടപ്പെടുത്തിയ ഈ സൂപ്പർ ഹിറ്റ് ജിംഗിളിനുമുണ്ട് നല്ലൊരു പങ്ക്.

പാടേണ്ടത് നുറുങ്ങു പാട്ടെങ്കിലും മുഴുനീള ഗാനത്തിന്റെ പ്രതിഫലം തരണം എന്ന കാര്യത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർക്ക് നിർബന്ധം

ഗായികയായി സുശീലയുടെ പേര് നിർദ്ദേശിച്ചത് രാജീവിന്റെ അമ്മ കല്യാണി മേനോൻ-- സിനിമയിലും സംഗീത വേദികളിലും വർഷങ്ങളോളം നിറഞ്ഞുനിന്ന ഗായിക. "ചെറുപ്പം മുതലേ സുശീലാമ്മയുടെ ശബ്ദത്തിന്റെയും ആലാപനത്തിന്റെയും ആരാധികയാണ് അമ്മ.''-- രാജീവ് ഓർക്കുന്നു. "ഏറെ പ്രത്യേകതകൾ ഉള്ള ശബ്ദം. ഓരോ ഭാവവും സ്വാഭാവികമായാണ് സുശീലാമ്മയുടെ ശബ്ദത്തിൽ വന്നു നിറയുക. ഉച്ചാരണത്തിലെ ചില്ലറ പോരായ്മകൾ പോലും സൂക്ഷ്മമായ ഭാവാവിഷ്‌കാരത്താൽ അനായാസം മറികടക്കാൻ കഴിയും അവർക്ക്.

" തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ പതിറ്റാണ്ടുകളോളം റാണിയായി വിരാജിച്ച ഗായിക പരസ്യ ജിംഗിൾ പാടാനുള്ള ക്ഷണത്തോട് എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ ചിലർക്കെങ്കിലും സംശയം. എന്നാൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല സുശീലാമ്മ. "പാടേണ്ടത് നുറുങ്ങു പാട്ടെങ്കിലും മുഴുനീള ഗാനത്തിന്റെ പ്രതിഫലം തരണം എന്ന കാര്യത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർക്ക് നിർബന്ധം." -- രാജീവ് ചിരിക്കുന്നു.

പ്രമുഖ പരസ്യ ഏജൻസിയായ മുദ്രയുടെ കൊച്ചി ഓഫീസ് വഴിയാണ് "രമണിക"യുടെ പരസ്യചിത്ര ദൗത്യം രാജീവിനെ തേടിയെത്തിയത്. ചാക്കോളാസ്‌ സിൽക്സിന് വേണ്ടി രാജീവ് ഒരുക്കിയ പരസ്യവും "ഉടയാട ചാർത്തുന്ന ലാവണ്യമേ" എന്ന ജിംഗിളും അതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സുമലതയാണ് ആ പരസ്യത്തിന്റെ ദൃശ്യവൽക്കരണത്തിൽ പ്രത്യക്ഷപ്പെട്ടത്.

"നിരവധി ഘടകങ്ങൾ ഉൾച്ചേർന്ന ഒരു ആശയമായിരുന്നു രമണികയുടെ പരസ്യം ഒരുക്കുമ്പോൾ എന്റെ മനസ്സിൽ. വിഷയം കല്യാണപ്പുടവ ആയതിനാൽ മാംഗല്യ സ്വപ്നങ്ങൾ തീർച്ചയായും വേണം. സ്വാഭാവികമായും റൊമാൻസ് ആകാം. പിന്നെ പുതിയ ഫാഷൻ സങ്കൽപ്പങ്ങളും. അമ്മയും മകളും തമ്മിലുള്ള സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വേണം ചിത്രീകരണം. പാരമ്പര്യവും ആധുനികതയും കൈകോർത്തു നിൽക്കുന്ന ഗാനവും ദൃശ്യങ്ങളുമായിരുന്നു എന്റെ മനസ്സിൽ."-- രാജീവ്.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പാട്ടിനോട് കുട്ടിക്കാലം മുതലേയുണ്ട് രാജീവിന് പ്രണയം. വീട്ടിൽ നിലനിന്ന സംഗീതാന്തരീക്ഷം തന്നെ പ്രധാന കാരണം. സിനിമയിലും ഭക്തിഗാന വേദിയിലുമെല്ലാം അമ്മ തിളങ്ങിനിന്ന സമയമായിരുന്നല്ലോ. "കേൾവിജ്ഞാനമാണ് എന്റെ കൈമുതൽ. രാഗങ്ങളെക്കുറിച്ചുള്ള ബോധം പോലും നിരന്തരമായ കേൾവിയിൽ നിന്ന് സമ്പാദിച്ചതാണ്." -- രാജീവ് പറയുന്നു. ഹിന്ദുസ്ഥാനിയുടെയും കർണാട്ടിക്കിന്റെയും വെസ്റ്റേൺ ബ്ലൂസിന്റെയും എല്ലാം സ്വാധീനം ജിംഗിളിൽ കടന്നുവന്നത് അങ്ങനെയാകാം. പ്രമദവനം പോലെ പുരുഷ ശബ്ദത്തിലുള്ള ഗാംഭീര്യതയാർന്ന ഗാനങ്ങൾ പരക്കെ സ്വീകരിക്കപ്പെടുന്ന കാലമാണ്. എങ്കിലും രാജീവിന്റെ മനസ്സിൽ കുറച്ചു കൂടി ആർദ്രമായ ഗാനങ്ങളായിരുന്നു -- "നാഥാ നീവരും കാലൊച്ച കേൾക്കുവാൻ" പോലത്തെ മെലഡികൾ.

പല ഗായകരേയും പരീക്ഷിച്ചെങ്കിലും മനസ്സിൽ ഉദ്ദേശിച്ച പൂർണ്ണത കിട്ടുന്നില്ല. ഒടുവിൽ സ്വയം പാടാൻ തീരുമാനിക്കുന്നു

രാജീവ്

എഴുത്തുകാരനായി ബിച്ചു തിരുമലയെ നിർദ്ദേശിച്ചതും അമ്മ തന്നെ. ആ സമയത്ത് കല്യാണി മേനോന്റെ ചില ഭക്തിഗാന ആൽബങ്ങൾക്ക് വേണ്ടി മനോഹരമായ പാട്ടുകൾ എഴുതിയിരുന്നു ബിച്ചു. "ആദ്യ രണ്ടു വരി ഫോണിലാണ് അദ്ദേഹം വിളിച്ചു പറഞ്ഞുതന്നത്. തുടക്കം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കേരളീയതയുടെ അംശം അനിവാര്യമായതിനാൽ കൈകൊട്ടിക്കളിയുടെ താളം പാട്ടിന് യോജിക്കുമെന്ന് തോന്നി. എന്റെ പരീക്ഷണങ്ങൾ അമ്മ എങ്ങനെ സ്വീകരിക്കും എന്നതിലേ ഉണ്ടായിരുന്നുള്ളൂ ആശങ്ക. എന്നാൽ പാട്ടു മൂളിക്കൊടുത്തപ്പോൾ ഹൃദയപൂർവം എന്നെ അഭിനന്ദിക്കുകയാണ് അമ്മ ചെയ്തത്. വ്യത്യസ്തമായ ആ തുടക്കം ആണ് അമ്മയെ ആകർഷിച്ചത് എന്ന് തോന്നുന്നു."

യുഗ്മഗാനമാണ്. സുശീലാമ്മയുടെ ഊർജ്ജസ്വലമായ ശബ്ദത്തെ അനുഗമിക്കേണ്ടത് ആരെന്നു കണ്ടെത്തണം ഇനി. പല ഗായകരേയും പരീക്ഷിച്ചെങ്കിലും മനസ്സിൽ ഉദ്ദേശിച്ച പൂർണ്ണത കിട്ടുന്നില്ല. ഒടുവിൽ സ്വയം പാടാൻ തീരുമാനിക്കുന്നു രാജീവ്. "ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു. എങ്കിലും പാട്ട് നന്നായി എന്ന് പലരും പറഞ്ഞുകേട്ടപ്പോൾ സന്തോഷം.

" എ വി എം ആർ ആർ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്. പാട്ടിന്റെ പ്രോഗ്രാമിംഗ് നിർവഹിച്ചത് മണിശർമ്മ. അന്ന് സിനിമയിൽ അത്ര സജീവമായിത്തുടങ്ങിയിട്ടില്ല ശർമ്മ. നേരത്തെ ചാക്കോളാസ്‌ സിൽക്‌സിന്റെ ജിംഗിളിലും ഉണ്ടായിരുന്നു മണിശർമ്മയുടെ കീബോർഡ് മാന്ത്രികത. തെലുങ്കിലെ തിരക്കേറിയ സംഗീത സംവിധായകനായി മണിശർമ്മ വളർന്നത് പിൽക്കാല ചരിത്രം.

ആൽവിൻ, എയർടെൽ, കോൾഗേറ്റ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ വിഖ്യാത ബ്രാൻഡുകൾക്ക് വേണ്ടി ശ്രദ്ധേയമായ പരസ്യ ചിത്രങ്ങൾ ഒരുക്കിയ ശേഷം (മിക്ക ചിത്രങ്ങൾക്കും ജിംഗിളുകൾ ഒരുക്കിയത് ഉറ്റ സുഹൃത്ത് എ ആർ റഹ്‌മാൻ) സിനിമയിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച രാജീവ് മേനോൻ മണിരത്നത്തിന്റെ "ബോംബെ" (1994) യിലൂടെയാണ് പ്രശസ്തിയുടെ ഔന്നത്യങ്ങൾ കീഴടക്കിത്തുടങ്ങുന്നത്. തുടർന്ന് മോർണിംഗ് രാഗ, ഗുരു, കടൽ തുടങ്ങിയ ചിത്രങ്ങളിലും ക്യാമറ കൈകാര്യം ചെയ്തു. സംവിധായകനായി തുടക്കം കുറിച്ചത് "മിൻസാരക്കന"വിലൂടെ 1997 ൽ. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, സർവം താളമയം എന്നിവ ശ്രദ്ധേയമായ മറ്റ് സംവിധാന സംരംഭങ്ങൾ.

ഓർമ്മകൾ റീവൈൻഡ് ചെയ്യുമ്പോൾ പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് കാതിലും മനസ്സിലും വന്നു നിറയുന്നു "മനം പോലെ മാംഗല്യം മകളേ നിൻ സൗഭാഗ്യം". എങ്ങനെ മറക്കാനാകും രാജീവിന് ആ ഗാനശകലം?

logo
The Fourth
www.thefourthnews.in