മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം

മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം

വയലാര്‍ രാമവര്‍മയുടെ ക്ലാസ്സിക് ഗാനമായ 'സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍' പിറന്ന വഴിയും അതില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ റോളും ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ ഹരിഹരന്‍
Updated on
2 min read

തലമുറകള്‍ ഏറ്റുപാടിയ വയലാര്‍ രാമവര്‍മയുടെ ക്ലാസ്സിക് രചനയായ 'സന്യാസിനി'യുടെ പിറവിയില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനുമുണ്ടൊരു റോള്‍. കൗതുകമാര്‍ന്ന ആ 'ഇടപെടലി'ന്റെ കഥ പരവൂരിലെ ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ മങ്കൊമ്പിന്റെ കൂടി സാന്നിധ്യത്തില്‍ പങ്കുവെച്ചത് സംവിധായകന്‍ ഹരിഹരന്‍. ''തീര്‍ച്ചയായും മങ്കൊമ്പിന് അഭിമാനിക്കാം, മലയാളത്തിലെ എക്കാലത്തെയും ഉദാത്തമായ ആ ഗാനം പിറന്നുവീണത് സ്വന്തം തൂലികയിലാണെന്നതില്‍...,''ഹരിഹരന്റെ വാക്കുകള്‍.

ഹരിഹരന്‍ സംവിധാനം ചെയ്ത 'രാജഹംസ'(1974)ത്തിനുവേണ്ടി വയലാര്‍-ദേവരാജന്‍-യേശുദാസ് കൂട്ടുകെട്ട് ഒരുക്കിയ സന്യാസിനിയെ നിരാശാകാമുകരുടെ ഹൃദയഗീതമാക്കി മാറ്റിയ ഘടകം എന്തായിരിക്കാം?

പ്രധാനമായും വയലാറിന്റെ കാവ്യഭംഗിയാര്‍ന്ന വരികള്‍ തന്നെ. ആ വരികളിലെ വിഷാദത്തെ ഈണം കൊണ്ട് ഒന്നു മൃദുവായി തൊട്ടിട്ടേയുള്ളൂ ദേവരാജന്‍. എത്ര മാന്ത്രികമായിരുന്നു ആ സ്പര്‍ശം!

മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം
എം ജി ആറിനെ എം ആർ രാധ വെടിവെച്ചതെന്തിന്?

''പക്ഷേ, നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന വരികളല്ല ആ പാട്ടിനുവേണ്ടി വയലാര്‍ ആദ്യമെഴുതിയത്,'' ഹരിഹരന്‍ പറയുന്നു. ''എന്തിനായ് വന്നു നീ" എന്നോ മറ്റോ ആയിരുന്നു തുടക്കം. വരികള്‍ക്ക് കാവ്യഭംഗി കുറവല്ലായിരുന്നെങ്കിലും കഥാസന്ദര്‍ഭത്തിന്റെ ഭാവതീവ്രത പൂര്‍ണമായി ഉള്‍ക്കൊള്ളാത്ത പോലെ. ഞാന്‍ ഉദ്ദേശിച്ച മാതിരി ആയില്ലല്ലോയെന്ന് മനസ് പറഞ്ഞു. വയലാറിനോട് വലിയ ആരാധനയാണ് അന്നും ഇന്നും. അതുകൊണ്ടുതന്നെ നേരിട്ട് പറയാന്‍ ഒരു സങ്കോചം. രണ്ടു മൂന്നു സിനിമ ചെയ്ത പരിചയമല്ലേ എനിക്കുള്ളൂ. പാട്ട് മാറ്റിയെഴുതാന്‍ പറഞ്ഞാല്‍ അത് അധികപ്രസംഗമായാലോ?'' മടിച്ചു മടിച്ചാണെങ്കിലും തന്റെ ആവശ്യം വിനയപൂര്‍വ്വം വയലാറിന് മുന്നില്‍ അവതരിപ്പിക്കുക തന്നെ ചെയ്തു ഹരിഹരന്‍. ആ 'അധികപ്രസംഗം' കവി ആസ്വദിച്ചിരിക്കണം. മറുത്തൊന്നും പറഞ്ഞില്ല അദ്ദേഹം.

രവി മേനോൻ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഹരിഹരന്‍
രവി മേനോൻ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഹരിഹരന്‍

അന്ന് ചെന്നൈയില്‍ ആര്‍ കെ ലോഡ്ജിലാണ് ഹരിഹരന്‍ താമസം. സുഹൃത്തും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണനും ഉണ്ട് ഒപ്പം.''ഒരു ദിവസം രാത്രി ഒന്നരയ്ക്ക് ഒരു ഫോണ്‍. അസമയത്തുള്ള വിളിയായതുകൊണ്ട് ചെറിയൊരു ആശങ്കയോടെയാണ് ചെന്ന് ഫോണെടുത്തത്. അപ്പുറത്ത് വയലാറിന്റെ ശബ്ദം. മുഖവുരയൊന്നും കൂടാതെ അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ പറഞ്ഞ പോലെ വരികള്‍ മാറ്റിയിട്ടുണ്ട്. എഴുതിയെടുത്തോളൂ...''

മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം
നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

ഉറക്കം അതിന്റെ പാട്ടിനുപോയെന്ന് ഹരിഹരന്‍. മനസ്സില്‍നിന്ന് വരികള്‍ മൂളിക്കേള്‍പ്പിക്കുകയാണ് വയലാര്‍. എഴുതിയെടുക്കാന്‍ കടലാസും പേനയും വേണം. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന മങ്കൊമ്പിനെ വിളിച്ച് അദ്ദേഹത്തിന്റ പേനയും നോട്ട് ബുക്കും സംഘടിപ്പിച്ചു ഹരിഹരന്‍. ''വയലാറിന്റെ വരികള്‍ ചൂടോടെ എഴുതിയെടുക്കാന്‍ ഭാഗ്യമുണ്ടായത് മങ്കൊമ്പിന്റെ പേനയ്ക്കാണ്. വിധിനിയോഗം എന്നല്ലാതെ എന്തുപറയാന്‍?''

പാട്ടിന്റെ പുതിയ പല്ലവി കേള്‍പ്പിക്കുന്നു വയലാര്‍:

''സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍

സന്ധ്യാപുഷ്പവുമായ് വന്നു,

ആരും തുറക്കാത്ത പൂമുഖവാതിലില്‍

അന്യനെ പോലെ ഞാന്‍ നിന്നു...

''ഒരു നിമിഷത്തെ മൗനത്തിനുശേഷം അമര്‍ത്തിയൊന്നു മൂളി കവിയുടെ ചോദ്യം: മതിയോ? ഒന്നും പറയാനാകാതെ നിന്നു ഹരിഹരന്‍. അടുത്ത വരികളും വായിച്ചു കേള്‍പ്പിക്കുകയാണ് അദ്ദേഹം...രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍... എന്ന ഭാഗമെത്തിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. ഞാന്‍ ഉദ്ദേശിച്ച ഭാവം എത്ര വികാരതീവ്രമായാണ് വയലാര്‍ വരികളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കാലത്തിനപ്പുറത്തേക്ക് വളരാന്‍ പോകുന്ന ഗാനമാണ് അതെന്ന് ആ നിമിഷം എന്റെ മനസ്സ് പറഞ്ഞു...'' ഹരിഹരന്‍ ഓര്‍ക്കുന്നു.

വിജയാ ഗാര്‍ഡന്‍സില്‍വച്ചാണ് സന്യാസിനി ഷൂട്ട് ചെയ്തതെന്നോര്‍ക്കുന്നു ഹരിഹരന്‍. യു രാജഗോപാല്‍ ആയിരുന്നു ഛായാഗ്രഹകന്‍. രാജഗോപാലിനെ കൂടാതെ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു രാജഹംസത്തില്‍ ക്യാമറാമാന്മാരായി-ബാലു മഹേന്ദ്ര, മെല്ലി ഇറാനി, രാജാറാം. കെ ടി മുഹമ്മദ് കഥയും തിരക്കഥയും എഴുതിയ ആ ചിത്രം സൂപ്പര്‍ ഹിറ്റായി. ഒപ്പം പാട്ടുകളും-ചെമ്പകം പൂക്കുന്ന താഴ്വരയില്‍ (മാധുരി), പച്ചിലയും കത്രികയും (ജയചന്ദ്രന്‍), പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ (യേശുദാസ്), കേശഭാരം (മനോഹരന്‍) എന്നിവ ഓര്‍ക്കുക.

മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം
നമ്മുടെ സൂപ്പർ സ്റ്റാർ ആയിരുന്നു ഈ പാകിസ്താൻകാരൻ

''ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ അറിയാതെ നെഞ്ചിലൊരു ഗദ്ഗദം വന്നു തടയും. എന്റെ മാത്രം അനുഭവമായിരിക്കില്ല ഇത്. മലയാളികളുടെ എത്രയോ തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന പാട്ടാണത്,'' ഹരിഹരന്റെ വാക്കുകള്‍. 'രാജഹംസം' ആദ്യമായി തീയേറ്ററില്‍ കണ്ട ദിവസം തന്നെ ആ ഗാനത്തോടുള്ള ജനത്തിന്റെ വൈകാരിക ബന്ധം ബോധ്യമായിരുന്നു ഹരിഹരന്. ''സ്‌ക്രീനില്‍ നസീര്‍ പാടി അഭിനയിക്കുമ്പോള്‍ എനിക്ക് ചുറ്റുമിരുന്ന പ്രേക്ഷകര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, കണ്ണീരൊപ്പുകയായിരുന്നു. അത്തരമൊരു അനുഭവം നടാടെയായിരുന്നു എനിക്ക്.''

logo
The Fourth
www.thefourthnews.in