'ദാസേട്ടൻ പറഞ്ഞു, നമുക്ക് ആ പാട്ട് ഒന്നുകൂടി എടുക്കാം'
പാട്ടെഴുതിയ ഒ എൻ വിയും ഈണമിട്ട എം ജി രാധാകൃഷ്ണനും റെക്കോഡ് ചെയ്‌ത കരുണാകരനും നേരത്തെ ഓർമയായി. ഇപ്പോഴിതാ സംവിധായകൻ ഹരികുമാറും. എങ്കിലും ഒരു ദലം മാത്രം വിടർന്ന ആ ചെമ്പനീർപ്പൂവിന്റെ സൗരഭ്യം ഇന്നും പഴയതു പോലെ തന്നെ.
പടങ്ങൾ പലതും അർഹിച്ച ശ്രദ്ധ നേടാതെ പോയെങ്കിലും ഹരികുമാർ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഹൃദ്യം. അക്കൂട്ടത്തിൽ 'ജാലക'ത്തിലെ "ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു..." എന്ന പാട്ടിനോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടായിരുന്നു അദ്ദേഹത്തിന്. കൊച്ചുകൊച്ചു കലഹങ്ങൾക്കൊടുവിൽ പിറന്ന ആ പ്രണയഗാനത്തെ എന്നും ഹൃദയത്തോട് ചേർത്തുവെച്ചു ഹരികുമാർ.
തിരുവനന്തപുരം സെനറ്റ് ഹാളിന്റെ ബാക്ക് സ്റ്റേജിലിരുന്ന് "ഒരു ദലം മാത്രം'' ഒരിക്കൽ പാടിത്തന്നിട്ടുണ്ട് രാധാകൃഷ്ണൻ ചേട്ടൻ-തനിക്ക് മാത്രം കഴിയുന്ന ശൈലിയിൽ. "തരള കപോലങ്ങൾ നുള്ളിനോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു...'' എന്ന വരിയെത്തുമ്പോൾ അറിയാതെ അദ്ദേഹത്തിന്റെ കണ്ണുകൾ അടയും. ഏതോ ആത്മനിർവൃതിയുടെ ലഹരിനുകർന്ന് പ്രണയിനിയെ ആരാധനയോടെ നോക്കി നിൽക്കുന്ന കൗമാര കാമുകനായി മാറും അപ്പോൾ അദ്ദേഹം. മറക്കാനാവാത്ത നിമിഷങ്ങൾ....
"ആ വരിയാണ് ആ പാട്ടിന്റെ സൗന്ദര്യം,'' എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു രാധാകൃഷ്ണൻ. "എന്നെ ഏറ്റവുമധികം കുഴക്കിയതും ആ വരി തന്നെ,'' അദ്ദേഹം പറഞ്ഞു. ട്രിവാൻഡ്രം ക്ലബ്ബിലെ കോട്ടേജിലിരുന്ന് ആ ഗാനം ഒരുക്കുമ്പോൾ രചയിതാവായ ഒ എൻ വി ഇല്ല ഒപ്പം. പക്ഷേ കവിതയുടെ കവിൾത്തടങ്ങൾ നുള്ളി നോവിക്കാതെ വേണം പാട്ട് ചിട്ടപ്പെടുത്താനെന്ന് പല്ലവിയിൽ പറയാതെ പറഞ്ഞിട്ടുണ്ട് കവി. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും "ഞാൻ ഏറ്റവുമധികം സമയമെടുത്ത് ചിട്ടപ്പെടുത്തിയ വരികളിൽ ഒന്നായിരിക്കണം അത്,''എം ജി രാധാകൃഷ്ണന്റെ വാക്കുകൾ.
"ജീവിതത്തിൽ പരാജിതനാണ് പാട്ടിലെ കാമുകൻ. പ്രണയത്തിൽ ദുർബലനും. ഒന്ന് തഴുകിയാൽ പോലും കാമുകിക്കു നോവുമോയെന്ന് സംശയിക്കുന്നവൻ. അതുകൊണ്ടുതന്നെ ഈണത്തിൽ കാമത്തിന്റെ അംശമേ പാടില്ല. പ്രണയം ഉള്ളിലൊതുക്കി വേണം പാടാൻ. മാത്രമല്ല തീവ്രപ്രണയത്തിൽ തുടങ്ങി പ്രണയനഷ്ടത്തിൽ എത്തിച്ചേരുന്ന പാട്ടാണ്. പലതവണ മാറിമാറി ഈണമിട്ടശേഷമാണ് എനിക്ക് തൃപ്തിയായത്. ഇന്ന് ആ പാട്ട് കേൾക്കുമ്പോൾ അദ്ധ്വാനം വെറുതെയായില്ലല്ലോയെന്ന് തോന്നാറുണ്ട്.''
കലഹവും പരിഭവവുമൊന്നുമില്ലാതെ എന്ത് പ്രണയം? മനോഹരമായ ഈ പ്രണയഗാനത്തിന്റെ പിറവിയിലുമുണ്ടായി അത്തരം ചില അസ്വാരസ്യങ്ങൾ. പക്ഷേ അവയെല്ലാം നല്ലതിനുവേണ്ടിയായിരുന്നുവെന്നായിരുന്നു സംവിധായകൻ ഹരികുമാറിന്റെ വിശ്വാസം. എം ബി ശ്രീനിവാസനെ പടത്തിന്റെ സംഗീതസംവിധാന ചുമതല ഏൽപ്പിക്കണമെന്നായിരുന്നു ഹരികുമാറിന്റെ ആഗ്രഹം. തൊട്ടുമുൻപ് ചെയ്ത 'അയന'ത്തിൽ എം ബി എസായിരുന്നു സംഗീത സംവിധായകൻ. പക്ഷേ ശിഷ്യൻ കൂടിയായ എം ജി രാധാകൃഷ്ണനുമായി ഒരുമിക്കാൻ ഒ എൻ വി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മറുത്തൊന്നും പറഞ്ഞില്ല ഹരികുമാർ.
"കമ്പോസിങ്ങിനു നിശ്ചയിച്ച ദിവസം എഴുതിത്തീർത്ത പാട്ടുകളുമായി കാലത്തേ ട്രിവാൻഡ്രം ക്ലബ്ബിലെത്തി ഒ എൻ വി സാർ. പക്ഷേ രാധാകൃഷ്ണന്റെ പൊടിപോലുമില്ല. വൈകുന്നേരം അഞ്ചുവരെ കാത്തിരുന്നിട്ടും ആളെ കാണാതായപ്പോൾ സ്വാഭാവികമായും ഒ എൻ വി സാർ അക്ഷമനായി. രാധാകൃഷ്ണൻ വന്നിട്ട് വിളിച്ചാൽ മതിയെന്നു പറഞ്ഞു ക്രുദ്ധനായി വീട്ടിലേക്കു മടങ്ങിപ്പോയി അദ്ദേഹം. തുടക്കം തന്നെ പാളിപ്പോയല്ലോ എന്ന സങ്കടത്തിലായിരുന്നു ഞാനും പടത്തിന്റെ തിരക്കഥാകൃത്ത് ബാലചന്ദ്രൻ ചുള്ളിക്കാടും.''
ഏറെ വൈകിയാണ് രാധാകൃഷ്ണൻ വന്നത്. "സംഗീത സംവിധാനം നിർവഹിക്കാവുന്ന അവസ്ഥയിലല്ല വരവ്. എങ്കിൽ പിന്നെ നാളെയാകാം ഗാനസൃഷ്ടിയെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു ഞങ്ങൾ,'' ഹരികുമാർ ഓർക്കുന്നു. പിറ്റേന്ന് കാലത്തു തന്നെ കുളിച്ചു സുന്ദരനായി ട്രിവാൻഡ്രം ക്ലബ്ബിൽ എത്തി സംഗീത സംവിധായകൻ. തലേന്ന് കണ്ട രാധാകൃഷ്ണനല്ല; പൂർണമായും സംഗീതത്തിൽ മുഴുകിയ ഒരു യഥാർത്ഥ ജീനിയസ്. പാട്ടിന്റെ വരികളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ് അദ്ദേഹം. ഈണങ്ങൾ വരുന്നു, പോകുന്നു. ശ്രമങ്ങൾ ഉദ്ദേശിച്ച പൂർണത നേടാതെ പോകുമ്പോൾ സ്വാഭാവികമായും അസ്വസ്ഥനാകുന്നു അദ്ദേഹം. മണിക്കൂറുകളുടെ അദ്ധ്വാനത്തിനൊടുവിൽ വൈകുന്നേരത്തോടെ പാട്ട് പൂർത്തിയായപ്പോൾ രാധാകൃഷ്ണന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഓർമയുണ്ട്. ട്യൂൺ തയ്യാറായശേഷമാണ് ഒ എൻ വിയെ വിളിച്ചത്. ഉള്ളിലൊരു ഭയമുണ്ടായിരുന്നു. എങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം എന്നറിയില്ലല്ലോ. വരുമ്പോൾ പ്രതീക്ഷിച്ച പോലെ ഒട്ടും പ്രസാദാത്മകമല്ല കവിയുടെ മുഖം. ഒരു പൊട്ടിത്തെറിയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷേ രാധാകൃഷ്ണൻ പാട്ട് പാടിക്കേൾപ്പിച്ചപ്പോൾ മുഖത്തെ കാർമേഘം നീങ്ങി. പകരം സുന്ദരമായ ഒരു പുഞ്ചിരി വിരിഞ്ഞു അവിടെ. തരളകപോലങ്ങൾക്ക് പോറലേൽക്കാതെ തന്റെ കവിതയെ സംഗീത സാന്ദ്രമാക്കിയതിലുള്ള സന്തോഷം മുഴുവനുണ്ടായിരുന്നു ആ ചിരിയിൽ.
തിരുവനന്തപുരം തരംഗിണിയിൽ നടന്ന പാട്ടിന്റെ റെക്കോർഡിങ് മറ്റൊരു കൗതുകാനുഭവം. ഭാവമധുരമായിത്തന്നെ യേശുദാസ് പാടിത്തീർത്തപ്പോൾ എം ജി രാധാകൃഷ്ണനും റെക്കോർഡിസ്റ്റ് കരുണാകരനും ഉൾപ്പെടെ സ്റ്റുഡിയോയിലുണ്ടായിരുന്നവരെല്ലാം സംതൃപ്തർ. സംവിധായകൻ ഹരികുമാറിന്റെ മുഖത്ത് മാത്രമില്ല പ്രസാദം. "ദാസേട്ടൻ പാടിയത് മോശമായിട്ടല്ല. അതീവ ഹൃദ്യമായിത്തന്നെ അദ്ദേഹം പാടി. പക്ഷേ ഇതല്ലല്ലോ എന്റെ സിനിമയിലെ സന്ദർഭത്തിന് ഇണങ്ങുന്ന പാട്ട് എന്നൊരു തോന്നൽ. പാട്ടിന്റെ മൂഡിൽ ചെറിയൊരു മാറ്റം വരുത്തുകയേ വേണ്ടൂ. പക്ഷേ മാറ്റിപ്പാടാൻ എങ്ങനെ ദാസേട്ടനോട് പറയും. ആർക്കുണ്ട് അതിനുള്ള ധൈര്യം? രാധാകൃഷ്ണൻ നേരത്തെ തന്നെ ഒഴിഞ്ഞുമാറി. താരതമ്യേന ജൂനിയറായ എനിക്കാണെങ്കിൽ പറഞ്ഞാൽ അധികപ്രസംഗമാകുമോ എന്ന് പേടി.''
വിധി ഇടപെട്ടത് അപ്പോഴാണ്. പാട്ട് പാടി വോയ്‌സ് ബൂത്തിൽ നിന്ന് പുറത്തിറങ്ങിവന്ന യേശുദാസിന് എന്തോ പന്തികേട് തോന്നിയിരിക്കണം. "ഡയറക്റ്റർ സാറിന് എന്താ ഒരു പ്രശ്നം? തൃപ്തിയായില്ലേ?'' അദ്ദേഹം ചോദിച്ചു. മടിച്ചുമടിച്ചാണെങ്കിലും ഹരികുമാർ പറഞ്ഞു: "ദാസേട്ടാ, പാട്ട് ഒന്ന് കൂടി കേട്ടുനോക്കൂ. എന്നിട്ട് ദാസേട്ടൻ പറയും പോലെ ചെയ്യാം...'' റെക്കോർഡ് ചെയ്ത പാട്ട് ഒന്നുകൂടി കേൾപ്പിക്കാൻ കരുണാകരനോട് ആവശ്യപ്പെടുന്നു യേശുദാസ്. ശ്രദ്ധയോടെ കുറച്ചുനേരം പാട്ട് കേട്ടിരുന്ന ശേഷം എഴുന്നേറ്റ് അദ്ദേഹം പറഞ്ഞു: "നമുക്ക് ഇതൊന്നുകൂടി എടുക്കാം. എന്താ..?'' ഹരികുമാറിന് ശ്വാസം നേരെവീണത് അപ്പോഴാണ്.
നേരെ ബൂത്തിൽ കയറി മൈക്കിനു മുന്നിൽ ചെന്നു നിൽക്കുന്നു യേശുദാസ്. ആദ്യ ടേക്കിൽ തന്നെ പാട്ട് ഓക്കേ. അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകളും ഹൃദയങ്ങളും നിറയ്ക്കാൻ പോന്ന എന്തോ ഒരു ഇന്ദ്രജാലം ഉണ്ടായിരുന്നു ആ ആലാപനത്തിൽ. "വീണ്ടും പാടിയത് നന്നായി. ഇപ്പോഴാണ് അതിനൊരു പൂർണത വന്നത്,'' തിരിച്ചുപോകും മുൻപ് യേശുദാസ് സംവിധായകനോടും സംഗീത സംവിധായകനോടുമായി പറഞ്ഞു.
പാട്ടിന്റെ അവസാനം പല്ലവി ആവർത്തിക്കുന്ന ഭാഗത്ത് പശ്ചാത്തലസംഗീതം വേണ്ടെന്നുവെച്ചതും സംവിധായകൻ തന്നെ. പ്രണയനഷ്ടം സൂചിപ്പിക്കാൻ ഏറ്റവും ഉചിതമായ മാർഗം അതാണെന്നു തോന്നി. ചെറിയൊരു മുറുമുറുപ്പിനു ശേഷമാണെങ്കിലും ആ പരീക്ഷണം അംഗീകരിക്കാൻ ഒടുവിൽ എം ജി രാധാകൃഷ്ണൻ തയ്യാറായി എന്നോർക്കുന്നു ഹരികുമാർ. "കുറച്ചു കാലം മുൻപ് ഇഷ്‌ക് എന്ന ചിത്രത്തിലെ ഒരു പ്രണയരംഗത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദലം മാത്രം വീണ്ടും കേട്ടപ്പോൾ പഴയ ഓർമകൾ വീണ്ടും മനസ്സിനെ വന്നുപൊതിഞ്ഞു. ഇന്നത്തെ തലമുറ പോലും ആ പാട്ട് ഇഷ്ടപ്പെടുന്നുവെന്ന അറിവ് ആഹ്ളാദകരമായിരുന്നു.''
സംഗീതത്തോടുള്ള പ്രണയം എന്നും ഉള്ളിൽ സൂക്ഷിച്ചു ഹരികുമാർ. സ്വന്തം ചിത്രങ്ങളിലെ പാട്ടുകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. ഉദ്ദേശിച്ച എഫക്ട് കിട്ടാൻ സംഗീത സംവിധായകൻ ബോംബെ രവിയെക്കൊണ്ട് പത്തു തവണ ഒരേ പാട്ടിന്റെ ഈണം മാറ്റിച്ചെയ്യിച്ച കഥ ഹരികുമാർ ഒരിക്കൽ പറഞ്ഞുകേട്ടതോർക്കുന്നു. 'സുകൃത'ത്തിലെ ''കടലിന്നഗാധമാം നീലിമയിൽ..." എന്ന പ്രശസ്ത ഗാനത്തിന്റെ പിറവി ആ യത്നത്തിനൊടുവിലാണ്. കാണാനഴകുള്ള മാണിക്യക്കുയിലേ (ഊഴം), കുയിലമ്മേ കുയിലമ്മേ (എഴുന്നള്ളത്ത്), എന്നോടൊത്തുണരുന്ന പുലരികളേ, സഹസ്ര ദല സംശോഭിത നളിനം (സുകൃതം), മയ്യഴിപ്പുഴയൊഴുകി, പനിനീർപൂവിതളിൽ (ഉദ്യാനപാലകൻ).... എല്ലാം ഹരികുമാർ ചിത്രങ്ങളിലെ ഗാനങ്ങൾ.