അത് ഞാനല്ലല്ലോ, ജഗതിയല്ലേ? മോഹന്‍ലാല്‍ ചോദിച്ചു; 
'ലാലേട്ടൻ' ദ കംപ്ലീറ്റ് ആക്ടര്‍ ആയ കഥ

അത് ഞാനല്ലല്ലോ, ജഗതിയല്ലേ? മോഹന്‍ലാല്‍ ചോദിച്ചു; 'ലാലേട്ടൻ' ദ കംപ്ലീറ്റ് ആക്ടര്‍ ആയ കഥ

ആരാണ് മോഹൻലാലിന് ദ കംപ്ലീറ്റ് ആക്ടർ എന്ന ടാഗ് ലൈൻ നൽകിയത്?
Updated on
3 min read

മോഹന്‍ലാല്‍, ദ കംപ്ലീറ്റ് ആക്ടര്‍, വിരലനക്കം കൊണ്ടും പോലും പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്‌റെ മഹാനടന്‍. അദ്ദേഹത്തിന് 'ദ കംപ്ലീറ്റ് ആക്ടര്‍' എന്ന ടാഗ് ലൈന്‍, അഥവാ വിശേഷണം ആരായിരിക്കും ആദ്യം നല്‍കിയത്

സ്വപ്‌നമാളികയുടെ സെറ്റില്‍ ചെന്ന് കണ്ട് ലാലേട്ടനോട് ആശയം പറഞ്ഞു; ലാലേട്ടനും സമ്മതം!

ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് മോഹന്‍ലാലിന് ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ടാഗ് ലൈന്‍ ആദ്യമായി നല്‍കിയത്. ടാഗ് ലൈന്‍ കേട്ട മോഹന്‍ലാല്‍ ആദ്യം പറഞ്ഞത്, 'മോനെ ,അത് ഞാന്‍ അല്ലല്ലോ ജഗതി അല്ലേ', എന്നായിരുന്നു, സെല്‍ഫ് ബൂസ്റ്റിങ് വേണോ എന്ന ആശങ്കയും മോഹന്‍ലാലിന് ഉണ്ടായി.

നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍, എന്തുകൊണ്ടാണ് ദ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ആ ചെറുപ്പക്കാര്‍ക്ക് സാധിച്ചു. അതായിരുന്നു മോഹന്‍ലാല്‍, ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ് സൈറ്റിന്റെ തുടക്കം, പിന്നീട് നടന്നത് ചരിത്രം.

എങ്ങനെയാണ് ഈ ആശയമുണ്ടായതെന്നും , ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റ് ആരംഭിച്ചതിനെ കുറിച്ചും ആ ഗ്രൂപ്പില്‍ അംഗമായിരുന്ന നെബുല്‍ തോമസ് സംസാരിക്കുന്നു...

ഓര്‍ക്കുട്ട് എന്ന സോഷ്യല്‍ മീഡിയ വളരെ സജീവമായിരുന്ന 2008- 2009 കാലം , മോഹന്‍ലാല്‍ ആരാധകരായ ഞങ്ങള്‍ ഏഴ് എട്ട് പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കി. വാരിക്കുഴിയിലെ കൊലപാതകം സംവിധാനം ചെയ്ത രജീഷ് മിഥില, നിഖില്‍ കെ കെ, ഉണ്ണികൃഷ്ണൻ, ശിവകുമാർ, വർക്കി,ഹരിശങ്കർ,രഞ്ജിത്ത്, അങ്ങനെ കുറേ പേരുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകളുടെ തുടക്കം അങ്ങനെയായിരുന്നു. ഈ ഗ്രൂപ്പിന്‌റെ നേതൃത്വത്തില്‍ ആലുവയിലുള്ള ഒരു അനാഥാലയത്തില്‍ ഞങ്ങള്‍ ഒരു അന്നദാനം നടത്തി. ആ ഫോട്ടോ ഓര്‍ക്കുട്ടില്‍ ഇട്ടതോടെ കൂടുതല്‍ പേര്‍ ആ ഗ്രൂപ്പില്‍ അംഗങ്ങളായി. ഗ്രൂപ്പ് വളര്‍ന്നതോടെ ആക്ടിവിറ്റിയും കൂടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ ഒരു ക്യാംപ് സംഘടിപ്പിച്ചു.

അടിമുടി കലാകാരനായ ലാലേട്ടനെ വേറെ എങ്ങനെയാണ് വിശേഷിപ്പിക്കുക

ആ സമയത്താണ് കോളജ് കുമാരന്‌റെ ഷൂട്ടിംഗ് നടക്കുന്നത്. ഞങ്ങളെല്ലാം കൂടി ലാലേട്ടനെ കാണാന്‍ പോയി. ഇങ്ങനെയൊരു കൂട്ടായ്മയുള്ളത് അപ്പോഴേക്കും പലരും വഴി ലാലേട്ടന്‍ അറിഞ്ഞിട്ടുണ്ടായിരുന്നു. ചെന്നുകണ്ടു സംസാരിച്ചു. അന്നുമുതല്‍ ലാലേട്ടനുമായി ഒരു ബന്ധം സൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

കോളജ് കുമാരന്റെ സെറ്റിൽ മോഹൻലാലിനൊപ്പം നെബുലും സുഹൃത്തുക്കളും
കോളജ് കുമാരന്റെ സെറ്റിൽ മോഹൻലാലിനൊപ്പം നെബുലും സുഹൃത്തുക്കളും

ആ സമയത്താണ് പ്രൊഫഷണല്‍ വെബ്‌സൈറ്റൊക്കെ പതുക്കെ വന്നുതുടങ്ങുന്നത്. ഞങ്ങളുടെ കൂടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരൊക്കെയുണ്ട്. എന്നാല്‍ പിന്നെ ലാലേട്ടനായി ഒരു വെബ് സൈറ്റ് തുടങ്ങിയാലോ എന്നൊരു ആലോചന വന്നു.

സ്വപ്‌നമാളികയുടെ സെറ്റില്‍ ചെന്ന് കണ്ട് ആശയം ലാലേട്ടനോട് പറഞ്ഞു, ഇനി ഇന്‌റര്‍നെറ്റിന്‌റെ കാലമാണ് വരാന്‍ പോകുന്നത് എന്ന് പറഞ്ഞപ്പോള്‍ ലാലേട്ടനും സമ്മതം. അടുത്തത് എന്ത് പേരിടുമെന്നായി. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന പേര് ഞങ്ങള്‍ തന്നെ കണ്ടുവച്ചിരുന്നു, കൂട്ടായ്മയില്‍ ആരാണ് പറഞ്ഞത് എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല, പക്ഷെ ഞങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് തന്നെയാണ് ആ വിശേഷണം വന്നത്.അടിമുടി കലാകാരനായ ലാലേട്ടനെ വേറെ എങ്ങനെയാണ് വിശേഷിപ്പിക്കുക

പക്ഷേ ലാലേട്ടനോട് പറഞ്ഞപ്പോള്‍ 'മോനെ, അത് ഞാനല്ലല്ലോ ജഗതിയല്ലേ,സിനിമയിൽ അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളുണ്ടോ എന്ന് ചോദിച്ചു. പക്ഷേ പലതവണ നടത്തിയ ചര്‍ച്ചകളിലൂടെ ഞങ്ങള്‍ക്ക് ആ വിശേഷണം ഏറ്റവും യോജിക്കുക ലാലേട്ടന് തന്നെയാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനായി. അങ്ങനെ ഞങ്ങളുടെ കമ്പനിയായ ഡിസൈൻ നെറ്റ്, ദ കംപ്ലീറ്റ് ആക്ടർ എന്ന വെബ് സൈറ്റ് ഡിസൈൻ ചെയ്തു

ലാലേട്ടന്റെ തിരനോട്ടം മുതൽ അതുവരെ ചെയ്ത പകൽനക്ഷത്രങ്ങൾ വരെയുള്ള 283 ചിത്രങ്ങളുടെ ഫോട്ടോയും അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു വെബ്സൈറ്റ് ഒരുക്കിയത്. ലാലേട്ടൻ സാഗർ ഏലിയാസ് ജാക്കിയിൽ അഭിനയിക്കുന്ന സമയത്താണ് കൊച്ചിയിൽ വച്ച് വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നത്. വെബ്സൈറ്റ് ലോഞ്ചിന് ജഗതി ചേട്ടനും പങ്കെടുത്തു. ആ വേദിയിലും ലാലേട്ടൻ ആവർത്തിച്ചു 'കംപ്ലീറ്റ് ആക്ടർ ജഗതി ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത് , ഇവർ നിർബന്ധിച്ചത് കൊണ്ടാണ് ആ പേരിടാൻ സമ്മതിച്ചത്' എന്ന് .

വെബ്സൈറ്റ് ലോഞ്ച്
വെബ്സൈറ്റ് ലോഞ്ച്

ഞങ്ങളുടെ തന്നെ ആശയമായിരുന്നു ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗും , ലാലേട്ടന്‌റെ കൈപ്പടയില്‍ എഴുതിയാല്‍ നന്നാകുമെന്ന നിര്‍ദേശം വച്ചതും ഞങ്ങള്‍ തന്നെയായിരുന്നു. എല്ലാ മാസവും 21 ന് എഴുതാമെന്ന് പറഞ്ഞത് ലാലേട്ടന്‍ ആണ് ( കാരണം മെയ് 21 ആണല്ലോ ലാലേട്ടന്‌റെ ജന്മദിനം ) ലാലേട്ടന്‍ എഴുതും, ഞാന്‍ പോയി വാങ്ങി സ്‌കാന്‍ ചെയ്ത് പബ്ലിഷ് ചെയ്യും

കുറേ കാലം ഞങ്ങള്‍ തന്നെയാണ് അത് മാനേജ് ചെയ്തിരുന്നത്. അതിന് ശേഷം ഇപ്പോൾ സജീവ് സോമനാണ് അദ്ദേഹത്തിന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റും മാനേജ് ചെയ്യുന്നത്. ഞാൻ ഇപ്പോൾ ആന്റണി ചേട്ടന്റെ (ആന്റണി പെരുമ്പാവൂർ) ആശിർവാദ് സിനിമാസിലാണ് ജോലി ചെയ്യുന്നത്

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ആ ടാഗ് ലൈന്‍ ഹിറ്റായതില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനവും സന്തോഷവുമുണ്ട്. പക്ഷേ ഇതിന് പിന്നില്‍ ഞങ്ങള്‍ ആയിരുന്നുവെന്ന് ഇപ്പോഴും അധികം ആര്‍ക്കും അറിയില്ല... നെബുല്‍ പറഞ്ഞു നിര്‍ത്തി ...

നടനഗന്ധർവൻ മോഹൻലാൽ

ഗാനരചയിതാവായ മധു വാസുദേവനാണ് മോഹൻലാലിന് നടനഗന്ധർവൻ എന്ന വിശേഷണം നൽകിയത്.

മോഹൻലാലിന്റെ അസാധാരണമായ അഭിനയ നിപുണതയും കാൽപനിക ഭംഗിയുള്ള ഗന്ധർവസമാനമായ പ്രതിച്ഛായയും അങ്ങനെ ഒരു വിശേഷണത്തെ സാധൂകരിക്കുന്നതായി കരുതുന്നുവെന്ന് മധു വാസുദേവൻ ദ ഫോർത്തിനോട് പറഞ്ഞു. മോഹൻലാലിന്റെ കലാജീവിതം കൂടുതൽ ഉയരങ്ങളിലേക്കും വിതാനങ്ങളിലേക്കും ഇനിയും വ്യാപിക്കുകയാണ്. അതിനു യോജിച്ച വിശേഷണങ്ങളും വിലയിരുത്തലുകളും ഭാവിയിലും ഉണ്ടാകുമെന്നും മധു വാസുദേവൻ പറയുന്നു

logo
The Fourth
www.thefourthnews.in