ഉമ്മറിന്റെ പാസ്, പ്രേംനസീറിന്റെ ഗോൾ; മലയാളത്തിലെ ആദ്യ ഫുട്ബോൾ സിനിമ
പെനാൽറ്റി ബോക്സിൽ കുതിച്ചെത്തി പന്ത് പ്രേംനസീറിന് കൈമാറുന്നു കെ പി ഉമ്മർ. ഒന്നാന്തരമൊരു പാസ്. ഒരു പറ്റം എതിരാളികളെ വകഞ്ഞുമാറ്റി ഞൊടിയിടയിൽ പന്ത് വലംകാലിൽ കുരുക്കിയെടുത്ത് വലയിലേക്ക് തൊടുക്കുന്നു നസീർ.
ഗോൾ! കുട്ടിക്കാലത്ത് വയനാട്ടിലെ ചുണ്ടേൽ രോഷൻ ടോക്കീസിന്റെ മുൻബെഞ്ചിലിരുന്ന് ആ ഗോളിന്റെ ആവേശം കയ്യടിയോടെ, ചൂളം വിളിയോടെ ഏറ്റുവാങ്ങിയതോർമ്മയുണ്ട്. ഗോളടിക്കുന്നത് നിത്യഹരിതനായകനാകുമ്പോൾ കയ്യടിച്ചല്ലേ പറ്റൂ.
പക്ഷേ മുന്നേറ്റ നിരയിലെ ആ വിജയസഖ്യത്തിന് അധികം ആയുസ്സുണ്ടായില്ല. ഏറെ വൈകാതെ നസീറും ഉമ്മറും സിനിമയിൽ ബദ്ധവൈരികളായി. പ്രതിയോഗികളായ രണ്ടു ടീമുകളുടെ തുരുപ്പുചീട്ടുകളായി. പതിവുപോലെ ജയം അപ്പോഴും നസീറിന് തന്നെ.
ചിത്രം ''ഫുട്ബോൾ ചാമ്പ്യൻ''. പന്തുകളി ഇതിവൃത്തമായി മലയാളത്തിൽ വന്ന ആദ്യചിത്രം.1973 ഡിസംബറിൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ കേരളം നടാടെ സന്തോഷ് ട്രോഫി നേടി ദിവസങ്ങൾക്കകമാണ് പടം റിലീസായത് എന്നത് യാദൃച്ഛികമാവില്ല. നാട് മുഴുവൻ ഫുട്ബോൾ ലഹരിയിൽ മദിച്ചാറാടുമ്പോൾ സിനിമക്ക് മാത്രം ആ ആവേശജ്വരത്തിൽ നിന്ന് എങ്ങനെ മാറിനിൽക്കാനാകും?
''ഫുട്ബോൾ പ്രമേയമായി വരുന്ന ഒരു സിനിമ ചെയ്യണമെന്നത് എന്റെ ആശയമായിരുന്നു.'' -- ജയ്മാരുതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ''ഫുട്ബോൾ ചാമ്പ്യൻ'' നിർമ്മിച്ച യശഃശരീരനായ ടി ഇ വാസുദേവന്റെ വാക്കുകൾ. ''അന്നത്തെ യുവതലമുറയ്ക്ക് ഫുട്ബോൾ ഒരു ഹരമാണ്. സിനിമാതാരങ്ങളോളം ഗ്ലാമറുള്ളവരായിരുന്നു പല പന്തുകളിക്കാരും. ഈ ആരാധന കൂടി കണക്കിലെടുത്താണ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ പ്രണയവും പകയും നർമ്മവും ആൾമാറാട്ടവും എല്ലാം കലർന്ന ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചത്.''
പടത്തിന്റെ കഥ വാസുദേവന്റെ വക തന്നെ. എസ് എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ ഫുട്ബോൾ ചാമ്പ്യൻ സംവിധാനം ചെയ്തത് അന്നത്തെ ഹിറ്റ് മേക്കർ എ ബി രാജ്. അഭിനേതാക്കളായി നസീറിനും ഉമ്മറിനും പുറമെ അടൂർ ഭാസി, ശങ്കരാടി, ആലുംമൂടൻ, ജി കെ പിള്ള തുടങ്ങിയവർ. പരിശീലകന്റെ റോളിലാണ് ശങ്കരാടി. നസീറിന്റെ കാമുകിയായി സുജാത. ശ്രീകുമാരൻ തമ്പി -- ദക്ഷിണാമൂർത്തി ടീമിന്റെ മനോഹര ഗാനങ്ങളും ഉണ്ടായിരുന്നു പടത്തിൽ. യേശുദാസ് പാടിയ ''ഗോപീചന്ദന കുറിയണിഞ്ഞു'' ഉദാഹരണം. പിൽക്കാലത്ത് മലയാള സിനിമയുടെ അഭിമാനതാരങ്ങളായി വളർന്ന രണ്ടു പേരെ ഇടയ്ക്കൊന്ന് മിന്നിമറയുന്ന മുഖങ്ങളായി കാണാം സ്‌ക്രീനിൽ: സീമയേയും ഇന്നസെന്റിനെയും.
വാസു സാറിന്റെ ദീർഘവീക്ഷണത്തിന് ഒരു പൊൻതൂവൽ. പിന്നെയും പത്തു വർഷം കൂടി കഴിഞ്ഞാണ് മലയാളികളെ ഒന്നടങ്കം വശീകരിച്ച ''എസ്‌കേപ്പ് ടു വിക്ടറി'' എന്ന വിഖ്യാത ഹോളിവുഡ് ഫുട്ബോൾ സിനിമയുടെ വരവ്. പെലെയും സിൽവസ്റ്റർ സ്റ്റാലനുമൊക്കെ അഭിനയിച്ച ഈ പടം കേരളത്തിൽ സൂപ്പർഹിറ്റായിരുന്നു. ഫുട്‍ബോൾ മൊത്തമായും ചില്ലറയായും കടന്നുവരുന്ന വേറെയും മലയാള പടങ്ങളുണ്ടായി. സുഖമോ ദേവി, ഫുട്ബോൾ, ഗോൾ, സുഡാനി ഫ്രം നൈജീരിയ, ക്യാപ്റ്റൻ, മഹാസമുദ്രം, സെവൻസ് എന്നിങ്ങനെ.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, കോട്ടയം നാഗമ്പടം മൈതാനം, തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ''ഫുട്ബോൾ ചാമ്പ്യനി''ലെ മത്സരങ്ങൾ ചിത്രീകരിച്ചത്. റഫറിയായി ഭാസി മലാപ്പറമ്പും (പിൽക്കാലത്ത് പ്രശസ്ത കളിയെഴുത്തുകാരനും കഥാകൃത്തുമായി മാറിയ അതേ ഭാസി തന്നെ) സംഘാടകന്റെ റോളിൽ കോഴിക്കോട്ടുകാർക്ക് മറക്കാനാവാത്ത അബുക്കാക്ക (ടി അബൂബക്കർ)യും ഉണ്ട് സിനിമയിൽ. ആജന്മ വൈരികളായ കേരള ടൈഗേഴ്‌സിന്റെയും വേൾഡ് ചലഞ്ചേഴ്‌സിന്റെയും ടീമുകളിൽ കളിക്കുന്നവർ ഭൂരിഭാഗവും പരിചയസമ്പന്നരായ ഫുട്ബോളർമാർ തന്നെ. പ്രീമിയർ ടയേഴ്‌സ്, കോഴിക്കോട് യങ് ചലഞ്ചേഴ്‌സ്, കണ്ണൂർ ബ്രദേഴ്‌സ് തുടങ്ങിയ ടീമുകളിലെ പ്രമുഖർ.
ഇരട്ടറോളിലാണ് ഈ സിനിമയിൽ നസീർ സാർ. ഫുട്‍ബോൾ സൂപ്പർതാരമായും ശുദ്ധനായ വീരസ്വാമിയായും. കളിക്കളത്തിലെ നസീറിന്റെ പേര് വിജയൻ. ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു കേരള ഫുട്ബോളിൽ മറ്റൊരു വിജയന്റെ ഉദയം കണ്ടു എന്നത് വിധിനിയോഗമാകാം - ഐ എം വിജയൻ.
ഫുട്‍ബോൾ കളിക്കുന്നത് ''അഭിനയിക്കാൻ'' നസീർ അൽപ്പം പ്രയാസപ്പെട്ടു എന്നത് സത്യം. കളിച്ചു ശീലമില്ല എന്നതുതന്നെ കാരണം. എന്നാൽ ഉമ്മറിന് അതത്ര വലിയ തലവേദനയായില്ല. കൗമാര കാലത്ത് കോഴിക്കോട്ടെ കോടതി മൈതാനത്തില്‍ പിതൃ സഹോദരൻ ഒളിമ്പ്യൻ റഹ്‌മാനോടൊപ്പം പന്തുതട്ടിയ പരിചയമുണ്ട് ഉമ്മുക്കയ്ക്ക്. സിനിമയുടെ മായാവലയത്തിൽ പെട്ടിരുന്നില്ലെങ്കിൽ ഉമ്മർ ഭേദപ്പെട്ട പന്തുകളിക്കാരനായി മാറിയേനെ എന്ന് റഹ്‌മാൻ ഒരിക്കൽ പറഞ്ഞുകേട്ടതോർക്കുന്നു.