ദേവാസുരത്തിന്റെ മൂന്ന് പതിറ്റാണ്ട്

ദേവാസുരത്തിന്റെ മൂന്ന് പതിറ്റാണ്ട്

"എന്താ, അയാളുപയോഗിച്ച പ്രയോഗം? ഫ്യൂഡല്‍ തെമ്മാടി.. കൊള്ളാം." -മംഗലശ്ശേരി നീലകണ്ഠന്‍ (ദേവാസുരം)
Updated on
6 min read

മൂന്ന് പതിറ്റാണ്ടിനിപ്പുറവും മലയാള സിനിമാ പ്രേക്ഷകര്‍ ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനെ ഓര്‍ക്കുന്നുണ്ട്. വെള്ളിത്തിരയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടം അവസാനിച്ചിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ടെലിവിഷനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വീണ്ടും വീണ്ടും നീലകണ്ഠനെ കാണുമ്പോള്‍ അല്പനേരമെങ്കിലും നമ്മള്‍ അയാളെ നോക്കിപ്പോകുന്നു.

എല്ലാ അര്‍ഥത്തിലും ഒരു ദുരന്ത കഥാപാത്രമാണ് നീലകണ്ഠന്‍. പലപ്പോഴും ഷേക്സ്പീരിയന്‍ ട്രാജിക് നായകന്മാരുടെ നാശോന്മുഖമായ വഴികളിലൂടെയാണ് അയാളുടെ സഞ്ചാരം. കൈവരിച്ചു എന്ന് നീലന്‍ കരുതിപ്പോന്ന വിജയങ്ങളത്രയും ആത്യന്തികമായി വന്‍ പരാജയങ്ങളിലേയ്ക്കാണ് അയാളെ നയിക്കുന്നതെന്ന് കാണാം

കള്‍ട്ട് സിനിമകളുടെ ഒരു സവിശേഷതയാണത്. ഓരോ തവണ കാണുമ്പോഴും പുതുതായെന്തെങ്കിലും അത്തരം സിനിമകളില്‍ നിന്ന് പ്രേക്ഷകര്‍ കണ്ടെത്തുന്നു. സദ്സ്വഭാവങ്ങളെല്ലാം ഒത്തിണങ്ങി 'ധീരോദാത്തനതിപ്രതാപഗുണവാൻ' ആയ നായകനായിരുന്നു നീലകണ്ഠനെങ്കില്‍ എന്നേ ആ കഥാപാത്രത്തെ വിസ്മൃതിയുടെ ചവറ്റുകുട്ടയിലേയ്ക്ക് നമ്മള്‍ വലിച്ചെറിയുമായിരുന്നു. എല്ലാ അര്‍ഥത്തിലും ഒരു ദുരന്ത കഥാപാത്രമാണ് നീലകണ്ഠന്‍. പലപ്പോഴും ഷേക്സ്പീരിയന്‍ ട്രാജിക് നായകന്മാരുടെ നാശോന്മുഖമായ വഴികളിലൂടെയാണ് അയാളുടെ സഞ്ചാരം. കൈവരിച്ചു എന്ന് നീലന്‍ കരുതിപ്പോന്ന വിജയങ്ങളത്രയും ആത്യന്തികമായി വന്‍ പരാജയങ്ങളിലേയ്ക്കാണ് അയാളെ നയിക്കുന്നതെന്ന് കാണാം. ബദ്ധവൈരിയായ മുണ്ടയ്ക്കല്‍ ശേഖരന്റെ കൈ, പള്ളിവാള്‍ കൊണ്ട് വെട്ടിയെടുക്കുമ്പോള്‍ പോലും അയാള്‍ സ്വീകരിക്കുന്നത് സമാധാനരഹിതമായ ഒരു ശിഷ്ടജീവിതമാണ്.

"ശേഖരാ.. എനിക്ക് ജീവിക്കണം; സ്വസ്ഥമായിട്ട് ജീവിക്കണം. അതിന് തടസം നില്‍ക്കാന്‍ ഇനി നിന്റെ കൈകളുണ്ടാകരുത്"- എന്ന് നീലന്‍ പറയുന്നുണ്ടെങ്കിലും അറ്റുവീണ ആ വലതുകൈ ഭാവിയില്‍ അയാളെ അസ്വസ്ഥതയുടെ കടലാഴങ്ങളില്‍ വീണ്ടും വീണ്ടും മുക്കിപ്പിടിച്ച് ശ്വാസം മുട്ടിക്കുമെന്ന് ഉറപ്പാണ്. വയലന്‍സിലൂടെ സ്ഥാപിച്ചെടുത്തതാണ് ആ സ്വാസ്ഥ്യം. താത്കാലിക സമാധാനം മാത്രമാണത്. ജീവിതത്തില്‍ അയാള്‍ കയറിയിരുന്ന മറ്റേത് വിജയപീഠങ്ങളെയും പോലെ ക്ഷണപ്രഭാചഞ്ചലമായ ഒരാരൂഢം.

ഏഴീലക്കര എന്ന ഉത്തരകേരള ഗ്രാമത്തിലെ ക്ഷേത്രോത്സവം ഒരു കുടിപ്പകയുടെ പേരില്‍ നീലകണ്ഠന്‍ അലങ്കോലപ്പെടുത്തുന്നതോടെയാണ് ദേവാസുരം ആരംഭിക്കുന്നത് തന്നെ. മുണ്ടയ്ക്കല്‍ തറവാടുമായുള്ള നീലന്റെ നിതാന്തവൈരമാണ് കാരണം. മേളവും വെടിക്കെട്ടും കാണാന്‍ രാത്രിയില്‍ ക്ഷേത്ര പരിസരത്ത് തടിച്ച് കൂടിയവരെ ഭീതിയിലാഴ്ത്തി നീലന്റെ അനുചരന്മാര്‍ നടത്തുന്ന അക്രമം സിനിമയില്‍ ഒരിടത്തും ന്യായീകരിക്കപ്പെടുന്നില്ല.

ആ രാത്രിയില്‍ത്തന്നെ നീലന്റെ സന്തതസഹചാരിയായ വാര്യര്‍ക്ക് (ഇന്നസെന്റ്) നീലന്‍ ചെയ്ത ഹീനപ്രവൃത്തിയുടെ പ്രതിഫലമെന്നോണം എതിര്‍പക്ഷത്തിന്റെ കൊടിയ മര്‍ദനമേല്‍ക്കുന്നുമുണ്ട്. വാര്യരെ തല്ലിച്ചതയ്ക്കാന്‍ നേതൃത്വം കൊടുത്ത മുണ്ടയ്ക്കല്‍ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാരെ (ജനാര്‍ദ്ദനന്‍) ശാരീരികമായി കൈകാര്യം ചെയ്യാന്‍ നീലകണ്ഠന്‍ കല്ലന്‍ ചാക്കോ (ഭീമന്‍ രഘു) എന്ന വാടകഗുണ്ടയെ ഏര്‍പ്പെടുത്തുന്നു. ചാക്കോ നമ്പ്യാരെ കുത്തിക്കൊല്ലുന്നു. പോലീസിന് മുന്നില്‍ എല്ലാം തുറന്ന് പറയാതിരിക്കാന്‍ ചാക്കോ ആവശ്യപ്പെടുന്ന അഞ്ച് ലക്ഷം രൂപയ്ക്ക് വേണ്ടി നീലന് നല്ല വരുമാനം കിട്ടുന്ന മേലേടത്തെ പറമ്പ് വീരാന്‍കുട്ടി (പവിത്രന്‍) എന്ന പുത്തന്‍പണക്കാരന് വില്‍ക്കേണ്ടി വരുന്നു. വാര്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ വരുമാനത്തിന്റെ മൂന്നിലൊന്ന് അയാള്‍ക്ക് നഷ്ടമാകുന്നു.

ഈ വില്‍പന നീലന് വരുത്തുന്നത് കേവലം ആര്‍ത്ഥികമായ നഷ്ടം മാത്രമല്ല. അതുവരെ അയാള്‍ അലങ്കാരവും അഹങ്കാരവുമായി കൊണ്ടുനടന്നിരുന്ന മിഥ്യാഭിമാനബോധത്തിന്റെയും ജാത്യഹങ്കാരത്തിന്റെയും വന്‍മരത്തിന്റെ തായ്‍വേരിലാണ് ഈ ഭൂമിവില്പനയുടെ മഴു ആഞ്ഞുപതിക്കുന്നത്. ധൂര്‍ത്തും ധാരാളിത്തവും നിറഞ്ഞ, കുത്തഴിഞ്ഞ ജീവിതം ആഘോഷപൂര്‍വം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി അച്ഛന്‍ സമ്പാദിച്ച സ്വത്തുവകകള്‍ യഥേഷ്ടം വിറ്റുതുലച്ച് കൊണ്ടിരിക്കുന്ന നീലകണ്ഠനില്‍ നിന്ന് ഇതേ മേലേടത്തെ പറമ്പ് വിലയ്ക്ക് വാങ്ങാന്‍ മുന്‍പൊരിക്കല്‍ വീരാന്‍കുട്ടി ആഗ്രഹിച്ചിരുന്നു. അന്ന് നീലന്‍ വീരാന്‍കുട്ടിയെ അപമാനിച്ച് തിരിച്ചയച്ചിട്ടുണ്ട്.

എം ടിയുടെ തിരക്കഥയില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത നിഴലാട്ടം (1970) എന്ന സിനിമയില്‍ പ്രേംനസീര്‍ അവതരിപ്പിക്കുന്ന രവീന്ദ്രന്‍ എന്ന കഥാപാത്രത്തെ ചിലപ്പോഴെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട് മംഗലശ്ശേരി നീലകണ്ഠന്‍

മറ്റാര് തരുന്നതിലും ആയിരം രൂപ കൂടുതല്‍ തന്ന് പറമ്പ് വാങ്ങിക്കൊള്ളാമെന്ന് മര്യാദയോടെ പറയുന്ന വീരാന്‍കുട്ടിയോട് നീലകണ്ഠന്‍ ക്ഷോഭിക്കുന്നു: "മംഗലശ്ശേരി മുറ്റത്ത് കയറി വന്ന് വസ്തു വില്‍ക്കുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യമോ നിനക്ക്? നിന്റെ വാപ്പ അദ്രു മാപ്പ്ള ഈ പടിപ്പുരയ്ക്കിപ്പുറം കാലുകുത്തിയിട്ടില്ല. പൊഴക്കരപ്പറമ്പീന്ന് അയാള് തേങ്ങ മോഷ്ടിച്ചപ്പോ, ദേ ഈ കാണുന്ന പുളിയന്‍ മാവിന്റെ മേലാ, ഇവിടുത്തെ പണിക്കാര് പിടിച്ച് കെട്ടിയിട്ട് തല്ലിയത്. നെനക്കോര്‍മയില്ലെങ്കില്‍ പോയി ചോദിക്ക്. ജീവനോടുണ്ടല്ലോ ഇപ്പോഴും. ഏതോ നാട്ടീപ്പോയി നാല് പുത്തനൊണ്ടാക്കിയതിന്റെ നെഗളിപ്പ് മംഗലശ്ശേരി നീലകണ്ഠനോട് കാണിക്യാ? എറങ്ങിപ്പോടാ. എടാ നിന്നേം നിന്റെ ബാപ്പേം ഒരുമിച്ച് ചുടാനുള്ളത്ര പണം നീലന്‍ ദാ ഈ കയ്യീക്കൂടെ പറത്തീട്ട്ണ്ട്".

വാര്യര്‍ ഇടപെടുന്നു: "അയാളോടെന്തിനാ ചാടിക്കേറണത്? കഷ്ണോം മുറീയായിട്ട് വില്‍ക്കണുണ്ടെന്ന് കേട്ടിട്ട് വന്നതാവും".

നീലന്‍: "വില്‍ക്കും. ഇനീം വില്‍ക്കും, നീലന് തോന്നിയാല്‍. എന്റെ അച്ഛന്റെ സ്വത്താ വില്‍ക്കുന്നത്. അത് വാങ്ങിക്കുന്നേനും വേണം, ഒരു യോഗ്യത. മനസ്സിലായോടോ, കോന്തന്‍ വാര്യരേ?"

വെറും ആറ് ലക്ഷം രൂപയ്ക്കാണ് വീരാന്‍കുട്ടി ആ പറമ്പ് കൈക്കലാക്കുന്നത്. നീലകണ്ഠന്‍ നേരിട്ട് വന്ന് പണം വാങ്ങണമെന്ന് വീരാന്‍കുട്ടി നിര്‍ബന്ധം പിടിക്കുന്നു. പണ്ട് തേങ്ങ മോഷ്ടിച്ചതിന് മംഗലശ്ശേരിയിലെ വാല്യക്കാര്‍ മരത്തില്‍ കെട്ടിയിട്ടടിച്ചു എന്ന് നീലന്‍ പറഞ്ഞ അതേ അദ്രൂ മാപ്ലയാണ് അയാള്‍ക്ക് പണം കൊടുക്കുന്നത്.

"ആറടി പോരേ, നീലന് നല്ല സുഖായിട്ട് നീണ്ട് നിവര്‍ന്ന് കിടക്കാന്‍? ബാക്കി മുഴുവന്‍ നമുക്ക് വിറ്റു തുലയ്ക്കാമെടോ.." എന്ന് അഹങ്കാരത്തോടെ വാര്യരോട് പറഞ്ഞ നീലന് സാമ്പത്തിക നഷ്ടങ്ങള്‍ നേരിടുന്നതില്‍ വൈക്ലബ്യമില്ലായിരുന്നു. കാരണം അയാള്‍ ഏതൊരു ധൂര്‍ത്തനെയും പോലെയാണ് - ഒന്നും സമ്പാദിക്കില്ല; ചെലവഴിക്കുക മാത്രമേയുള്ളൂ.

എം ടിയുടെ തിരക്കഥയില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത നിഴലാട്ടം (1970) എന്ന സിനിമയില്‍ പ്രേംനസീര്‍ അവതരിപ്പിക്കുന്ന രവീന്ദ്രന്‍ എന്ന കഥാപാത്രത്തെ ചിലപ്പോഴെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട് മംഗലശ്ശേരി നീലകണ്ഠന്‍. അതിസമ്പന്നനായിരുന്ന അച്ഛന്‍ മംഗലശ്ശേരി മാധവമേനോനെ സ്ഥാനത്തും അസ്ഥാനത്തും അനുസ്മരിക്കുന്ന നീലകണ്ഠനെപ്പോലെ, ഉഗ്രപ്രതാപിയായിരുന്ന പിതാവ് കരുണാകരന്‍ മുതലാളിയുടെ പേരില്‍ ഊറ്റം കൊള്ളുന്ന മുടിയനായ പുത്രനാണ് രവീന്ദ്രനും.

സ്ഥലത്തെ പ്രമാണിമാരുടെ അഭ്യര്‍ഥന പ്രകാരം ക്ഷേത്രത്തിലെ പാട്ടുപുര നവീകരിക്കാന്‍ നീലന്‍ തീരുമാനിക്കുന്നു. തമോഗുണപ്രധാനിയാണെങ്കിലും കലാരസികനായ നീലകണ്ഠന്‍ ചെയ്യുന്ന ഈ സദ്പ്രവൃത്തി യഥാര്‍ഥത്തില്‍ മാനസികവും ശാരീരികവുമായ മറ്റൊരു ദുരന്തത്തിലേയ്ക്കാണ് അയാളെ കൊണ്ടുചെന്നെത്തിക്കുന്നത്. പണി പൂര്‍ത്തിയായ പാട്ടുപുരയുടെ ഉദ്ഘാടനത്തിന് കലാമണ്ഡലത്തിലെ വേഷക്കാരനായിരുന്ന മാമ്പറ്റ അപ്പുമാഷുടെ (നെടുമുടി വേണു) മകള്‍ ഭാനുമതിയുടെ (രേവതി) നൃത്തപരിപാടി നീലന്‍ നിശ്ചയിച്ചത് അനുചരന്മാരുടെ നിര്‍ദേശപ്രകാരമാണ്. ഭാനുമതിയെ ക്ഷണിക്കാന്‍ നീലന്റെ സുഹൃത്തുക്കള്‍ അവളുടെ വീട്ടിലേയ്ക്ക് ചെന്നത് വഴിയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടന്ന അപ്പുമാഷെയും ചുമന്നുകൊണ്ടാണ്.

പ്രകോപിതയായ ഭാനുമതി നീലന്റെ ഭൂതഗണങ്ങളെ വീട്ടില്‍ നിന്ന് ആട്ടിയിറക്കി. പിന്നീട് നീലന്‍ അപ്പുമാഷെ പണം കൊടുത്തു പ്രലോഭിപ്പിക്കുന്നു. ദരിദ്രനായ അച്ഛന്റെ നിസ്സഹായത ഭാനുമതിയെ ചിലങ്ക കെട്ടാന്‍ നിര്‍ബന്ധിതയാക്കുന്നു. പക്ഷേ, ഇവിടെയും നീലകണ്ഠനിലുള്ളിലെ ആസുരബുദ്ധി ഫണം വിടര്‍ത്തുന്നു. മംഗലശ്ശേരി തറവാടിന്റെ പൂമുഖത്ത് വാറ്റുചാരായം കുടിച്ചിരിക്കുന്ന നീലന്റെയും കൂട്ടുകാരുടെയും മുന്നില്‍ നൃത്തം ചെയ്യാനായിരുന്നു ഭാനുമതിയുടെ വിധി. നീലന്റെ ബാലിശമായ പ്രതികാരമായിരുന്നു അത്. തന്റെ കൂട്ടുകാരെ അപമാനിച്ചയച്ചതിന് ഭാനുമതിയോടുള്ള പകവീട്ടല്‍.  

പക്ഷേ, നൃത്തമാടിക്കഴിഞ്ഞ് നീലന്റെ അഹംഭാവങ്ങളുടെ പത്തികള്‍ മുഴുവന്‍ ചവിട്ടിത്താഴ്ത്തിക്കൊണ്ട് ഭാനുമതി പറഞ്ഞു: "എന്റെയുള്ളിലുമുണ്ട് ചെറിയ ചില ജയങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മനസ്സ്. അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയേ പറ്റൂ. നിങ്ങളെപ്പോലൊരു ആഭാസന്റെ മുന്നില്‍ ചിലങ്ക കെട്ടിയാടുമ്പോള്‍ കളങ്കപ്പെട്ടത് ദൈവദത്തമായ ഒരു കലയാണ്. എന്റെ കാലുകള്‍ക്ക് ഇനിയീ ചിലങ്കയിടാനുള്ള യോഗ്യതയില്ല. ഉള്ളില്‍ ഒരായിരം മുള്ളുകൊള്ളുന്ന വേദനയിലും, എനിക്ക് സന്തോഷിക്കാന്‍ ഞാനിതിവിടെ ഉപേക്ഷിക്കുകയാണ്. എന്നെന്നേയ്ക്കുമായി.."

ഭാനുമതി വലിച്ചെറിഞ്ഞ ചിലങ്കകള്‍ക്ക് മുന്നില്‍ പരാജിതനായിരിക്കുന്ന നീലകണ്ഠനോട് വാര്യര്‍ പറയുന്നു: "മംഗലശ്ശേരിയിലെ മേല്‍ക്കൂരയ്ക്ക് ആകാശം മുട്ടെ ഉയരമില്ല.."

നര്‍ത്തകിയെന്ന നിലയില്‍ ഭാനുമതിയുടെ പ്രതിഭ തിരിച്ചറിഞ്ഞ പണിക്കര്‍ എന്ന വിഖ്യാത നൃത്താധ്യാപകന്‍ നീലകണ്ഠനെ അതിനിശിതമായി വിമര്‍ശിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്.

പണിക്കര്‍: "ഇന്ന് നിങ്ങള്‍ക്കവള്‍ അപ്പുമാഷ്ടെ മോള് മാത്രമായിരിക്കും. പക്ഷേ, നാളെ നിങ്ങള്‍ അറിയപ്പെടാന്‍ പോകുന്നത് ആ കുട്ടിയുടെ നാട്ടുകാരനെന്ന നിലയിലായിരിക്കും."

നീലകണ്ഠന്‍: "ഉവ്വ്.. മിടുക്കിയാണ്.. ഞാന്‍ നൃത്തം കണ്ടു".

പണിക്കര്‍: "കണ്ടു എന്നല്ല. ഭയപ്പെടുത്തി; ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിച്ചു. എന്നിട്ട് അവളുടെ ചിലങ്കയഴിപ്പിച്ചു. ധീരകൃത്യം, അല്ലേ? ഹേ, മിസ്റ്റര്‍, നിങ്ങളുമായുള്ള ഒരു ഈഗോ പ്രോബ്ലത്തില്‍ വരദാനം പോലെ കിട്ടിയ ഒരു സര്‍ഗാത്മക സിദ്ധി ഭാനുമതി ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ മുഖച്ഛായ മാറ്റാന്‍ പോന്ന ടാലന്റ്സിന്റെ ഉടമയാണാ കുട്ടി. എല്ലാം തുലച്ചു.. നിങ്ങളെപ്പോലെയൊരു ഫ്യൂഡല്‍ തെമ്മാടിയുമായുണ്ടായ ഒരിഷ്യൂവിന്റെ പേരില്‍".

പണിക്കര്‍ പോയിക്കഴിഞ്ഞ് നീലന്‍ വാര്യരോടു ചോദിക്കുന്നു: "എന്താ അയാളുപയോഗിച്ച പ്രയോഗം? ഫ്യൂഡല്‍ തെമ്മാടി.. കൊള്ളാം.." അയാള്‍ ആ വാക്ക് ആസ്വദിച്ച് ചിരിക്കുന്നു.

ഫ്യൂഡല്‍ മാടമ്പി സ്വഭാവമുള്ള നായക കഥാപാത്രത്തെ അവതരിപ്പിച്ച് മോഹന്‍ലാല്‍ ശ്രദ്ധ നേടുന്ന ആദ്യ സിനിമ പി പത്മരാജന്റെ തൂവാനത്തുമ്പികള്‍ (1987) ആയിരിക്കണം

പില്‍ക്കാലത്ത് മീശപിരിച്ച് മുണ്ട് മടക്കിക്കുത്തിയ നിരവധി കഥാപാത്രങ്ങളെ മോഹന്‍ലാല്‍ കെട്ടിയാടി. നമ്മുടെ നിരൂപകര്‍ ആ കഥാപാത്രങ്ങളെ ഫ്യൂഡല്‍ മാടമ്പിമാര്‍ എന്നുതന്നെ വിശേഷിപ്പിച്ചു. മലയാള സിനിമയില്‍ അതുവരെ ഫ്യൂഡല്‍ തെമ്മാടി എന്ന പദം ഒരു തിരക്കഥാകൃത്തും ഉപയോഗിച്ചിട്ടില്ല എന്നാണ് ഓര്‍മ. ഒരേ സമയം ഫ്യൂഡലിസവും തെമ്മാടിത്തവുമുള്ള സ്വന്തം വ്യക്തിത്വത്തെ ആ കഥാപാത്രം തന്നെ ആത്മപുച്ഛത്തോടെ ആസ്വദിക്കുന്ന വിചിത്രമായ കാഴ്ച. ഫ്യൂഡല്‍ മാടമ്പി സ്വഭാവമുള്ള നായക കഥാപാത്രത്തെ അവതരിപ്പിച്ച് മോഹന്‍ലാല്‍ ശ്രദ്ധ നേടുന്ന ആദ്യ സിനിമ പി പത്മരാജന്റെ തൂവാനത്തുമ്പികള്‍ (1987) ആയിരിക്കണം. മികച്ച നടന്‍ എന്നതിനപ്പുറം ജനപ്രിയനായ സൂപ്പര്‍ താരം എന്ന പരിവേഷത്തോടെ മോഹന്‍ലാല്‍ ജൈത്രയാത്ര തുടങ്ങുന്നത് അതിനും ഒരു വര്‍ഷം മുൻപ് പുറത്തുവന്ന രാജാവിന്റെ മകന്‍ (1986 - തമ്പി കണ്ണന്താനം) എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പ്രിയദര്‍ശന്റെ ആര്യന്‍ (1988), അഭിമന്യു (1991) തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലിന്റെ (സവര്‍ണ) താരസ്വരൂപം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. ഇതിനിടെ അപാരമായ അഭിനയസാധ്യതകളുള്ള ചില വേഷങ്ങളും മോഹന്‍ലാലിന് ലഭിച്ചു.

ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത പാദമുദ്ര (1988) അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ്. പാദമുദ്രയിലെ ഇരട്ടവേഷം (മാതുപ്പണ്ടാരവും സോപ്പ് കുട്ടപ്പനും) ചെയ്യുമ്പോള്‍ ഇരുപത്തിയെട്ട് വയസ് മാത്രമേയുള്ളൂ മോഹന്‍ലാലിന്റെ പ്രായം. ഇപ്പോള്‍ അറുപത് വയസ് പിന്നിട്ട മോഹന്‍ലാല്‍ തിരഞ്ഞെടുക്കുന്ന വേഷങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ദേവാസുരത്തിലേയ്ക്ക് തിരികെ വരാം. പണിക്കരുടെ നിര്‍ദേശപ്രകാരം ഭാനുമതിയോട് നീലന്‍ മാപ്പുചോദിക്കുന്നു. എന്നിട്ടും അവള്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു.

നീലകണ്ഠന്‍:  "ആ ചിലങ്ക കെട്ടിക്കൂടേ?"

ഭാനുമതി: "കെട്ടാം. പക്ഷേ, നിങ്ങളുടെ മരണത്തിന് ശേഷം മാത്രമേ അതുണ്ടാവൂ.. എന്നും എവിടേയും തോല്‍ക്കാന്‍ എനിക്കിത്തിരി പ്രയാസമുണ്ട്. ഈ കാര്യത്തിലെങ്കിലും ആര്‍ക്കും നഷ്ടമില്ലാതെ ജയിച്ചോട്ടെ ഞാന്‍".

മരണത്തെ കുറിച്ചുള്ള ഭാനുമതിയുടെ സൂചന അറം പറ്റിയിട്ടെന്ന പോലെ അതേ രാത്രിയില്‍ നീലകണ്ഠന്‍ മുണ്ടയ്ക്കല്‍ ശേഖരന്റെ ആക്രമണത്തിനിരയാകുന്നു. ഏതാണ്ട് മൃതപ്രായനായ നീലന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നത്. മഹാഭാരത യുദ്ധത്തില്‍ ഭീമസേനന്റെ ഗദാപ്രഹരങ്ങളേറ്റ് തുട തകര്‍ന്ന് കിടക്കുന്ന ദുര്യോധനന്റേതിന് സമാനമായ അവസ്ഥയില്‍ നീലന്‍ അകപ്പെട്ടുപോകുന്നു. അക്ഷരാര്‍ഥത്തില്‍ ഊരുഭംഗം! ദേവാസുരത്തിന്റെ തിരക്കഥയുടെ അടിസ്ഥാന ഘടനയില്‍ മഹാഭാരതമുണ്ട് എന്ന കാര്യം വ്യക്തമാണ്.

ആദ്യം നീലകണ്ഠന്റെയും പിന്നീട് മുണ്ടയ്ക്കല്‍ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാരുടെയും രഹസ്യക്കാരിയായിരുന്ന സുഭദ്രാമ്മ എന്ന സ്ത്രീയെ സ്വന്തമാക്കാന്‍ മുണ്ടയ്ക്കല്‍ ശേഖരന്‍ ശ്രമിക്കുന്ന സന്ദര്‍ഭം നോക്കുക. ശേഖരന് വഴങ്ങിക്കൊടുക്കാന്‍ തയ്യാറാകാതിരിക്കുന്ന സുഭദ്രാമ്മയും നീലന്റെ വ്യക്തിപ്രഭാവം വാഴ്ത്തുന്നത് കേള്‍ക്കുമ്പോള്‍ ശേഖരന്‍ കലി തുള്ളുന്നു.

സുഭദ്രാമ്മ: "നീയിപ്പോള്‍ അഹങ്കരിക്കുന്നുണ്ടാകും, നീലകണ്ഠനെ വീഴ്ത്തിയെന്ന്. പത്താളിന്റെ ബലവും ഇരുട്ടിന്റെ മറവുമില്ലാതെ നേര്‍ക്കുനേരെ നിനക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല ഇപ്പൊഴും, ഈ നിലയിലും.."

ശേഖരന്‍: "നിര്‍ത്തെടീ.. രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്തവന്റെ വീര്യം പറയുന്നു. ചത്താലും തീരില്ലേ, അവന്റെ മഹത്വം? ഓര്‍മ വച്ച നാള് തൊട്ട് ഞാനനുഭവിക്കുന്ന നാണക്കേട്. കളിപ്പന്ത് കളിക്കുന്ന മൈതാനത്ത്.. അമ്പലക്കുളത്തില്‍ മുങ്ങാംകുഴിയിടുമ്പോള്‍.. എന്നെ തോല്പിക്കാന്‍ എന്നും അവനുണ്ടായിരുന്നു. ഇപ്പോ നിന്റെ രൂപത്തിലും അവനെന്നെ ജയിക്കുകയാണ്. ഇല്ല, അവന്റെ നാശം.. ഇഞ്ചിഞ്ചായി ചതഞ്ഞുള്ള അവന്റെ മരണം കാട്ടിത്തരാം. നീയടക്കമുള്ള എല്ലാവര്‍ക്കും. ഇനിയെനിക്കത് വ്രതമാണ്. നോക്കിക്കോ."

ഭീമനെും ദുര്യോധനനും തമ്മിലുള്ള പക മറ്റൊരു രൂപത്തില്‍ ഇവിടെ ആവിഷ്കരിക്കപ്പെടുന്നു.

1991ല്‍ മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന തമിഴ് ചിത്രത്തില്‍ രജനീകാന്ത് അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രം കര്‍ണന്‍ തന്നെയാണ്;  മമ്മൂട്ടിയുടെ ദേവ എന്ന കഥാപാത്രം ദുര്യോധനനും. മഹാഭാരതത്തില്‍ കുന്തീദേവി ചോരക്കുഞ്ഞായ കര്‍ണനെ നദിയിലൊഴുക്കി വിടുന്നു എങ്കില്‍ ദളപതിയില്‍ സൂര്യയുടെ അമ്മ കല്യാണി (ശ്രീവിദ്യ) കുഞ്ഞിനെ ഗുഡ്സ് വാഗണിലാണ് കയറ്റി വിടുന്നത്.

നീലകണ്ഠന്റെ ഗര്‍വത്തിന് മേല്‍ ഏറ്റവും കനത്ത ആഘാതമേല്പിക്കുന്നത് അയാളുടെ അമ്മ തന്നെയാണ്. രാജകുടുംബത്തില്‍പെട്ട അമ്മ നീലകണ്ഠനോടൊപ്പമല്ല താമസം. അമ്മയുടെ അഭ്യര്‍ഥന പ്രകാരം ഒരിക്കല്‍ അവരെ കാണാനെത്തുന്ന നീലനെ കാത്തിരുന്നത് അയാളുടെ ജډത്തെക്കുറിച്ച് തന്നെയുള്ള ഒരപ്രിയസത്യമാണ്. മംഗലശ്ശേരി മാധവ മേനോന്‍ അല്ല യഥാര്‍ത്ഥത്തില്‍ നീലന്റെ പിതാവ് എന്ന് അമ്മ വെളിപ്പെടുത്തുന്നു. ആകെ തകര്‍ന്നിരിക്കുന്ന നീലനോട് അമ്മ തുടരുന്നു: "അമ്മ പറയുന്നതാരാണോ അതാണ് മക്കള്‍ക്ക് അച്ഛന്‍. നീലകണ്ഠാ.. ദാനം കിട്ടിയ നിധി പാരമ്പര്യമായിക്കണ്ട് അനുഭവിക്കരുത്. അതിലഹങ്കരിക്കരുത്. നിന്റെ പാരമ്പര്യം പിഴച്ച് പെറ്റ ഒരമ്മയുടേതാണ് മകനേ.."

പ്രതാപിയായ അച്ഛന്റെ പ്രതീകമെന്നോണം ഗരാഷില്‍ സൂക്ഷിച്ചിരിക്കുന്ന വിന്റേജ് കാറിന് മുന്നില്‍ പെരുമഴയില്‍ നനഞ്ഞ് ആ രാത്രി നീലന്‍ ആക്രോശിക്കുന്നു: "ഭ്രൂണഹത്യയില്‍ തീര്‍ക്കാമായിരുന്നില്ലേ? അല്ലെങ്കില്‍ പിറന്ന് വീണപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലാമായിരുന്നില്ലേ? നദിയിലൊഴുക്കുകയോ തീവണ്ടിപ്പാളത്തിലുപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ? എന്തുകൊണ്ട് ചെയ്തില്ല? മഹാമനസ്കത! മനുഷ്യത്വം! ഭിക്ഷ കിട്ടിയതാണെന്നറിയാത്ത പൈതൃകത്തിന്റെ പേരിലഹങ്കരിച്ച ഞാന്‍ വിഡ്ഢിയായി. ദാനം കൊടുത്ത് മാത്രം ശീലിച്ചവന് ഈ ജന്മം പോലും ഒരാളുടെ ദയയായിരുന്നു എന്നറിയുമ്പോൾ ഇതെന്റെ മരണമാണ്. മംഗലശ്ശേരി നീലകണ്ഠന്റെ മരണം. ആവശ്യത്തിനും അനാവശ്യത്തിനും ഞാനെടുത്തു പറഞ്ഞ ഒരു പേര്.. എന്റെ അച്ഛന്റെ പേര്.. എന്റെ നാവിന്റെ തുമ്പിലിരുന്ന് പൊള്ളുകയാണ്. ആദ്യമായി ഞാന്‍ വെറുക്കുകയാണ്.. എനിക്ക്.. എനിക്ക്.. എനിക്ക് വെറുപ്പാണ്".

ഇവിടെ നീലന് കര്‍ണന്റെ രൂപമാണ്. ജനനത്തിന്റെ പേരില്‍ അപമാനിതനാകുന്ന കര്‍ണന്റെ വിദൂരച്ഛായ അയാളില്‍ കാണാം. 1991ല്‍ മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന തമിഴ് ചിത്രത്തില്‍ രജനീകാന്ത് അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രം കര്‍ണന്‍ തന്നെയാണ്;  മമ്മൂട്ടിയുടെ ദേവ എന്ന കഥാപാത്രം ദുര്യോധനനും. മഹാഭാരതത്തില്‍ കുന്തീദേവി ചോരക്കുഞ്ഞായ കര്‍ണനെ നദിയിലൊഴുക്കി വിടുന്നു എങ്കില്‍ ദളപതിയില്‍ സൂര്യയുടെ അമ്മ കല്യാണി (ശ്രീവിദ്യ) കുഞ്ഞിനെ ഗുഡ്സ് വാഗണിലാണ് കയറ്റി വിടുന്നത്. മഹാഭാരത കഥയുമായുള്ള ഈ അമിതസാമ്യം അക്കാലത്തും (ഇപ്പോഴും) ചിരിയുണര്‍ത്താറുണ്ടെന്നത് വേറെ കാര്യം. അതിലും വലിയ തമാശയായിരുന്നു 2010 ല്‍ പുറത്തുവന്ന രാവണ്‍ എന്ന ചിത്രത്തിലെ രാമായണ സാദൃശ്യങ്ങള്‍.  

വര്‍ഷങ്ങളോളം ശയ്യാവലംബിയായിരുന്നിട്ട് പോലും ജീവിതകാമന കൈവിടാതെ സ്നേഹബന്ധങ്ങളെയും സൗഹൃദങ്ങളെയും ചേര്‍ത്തുപിടിച്ച മുല്ലശ്ശേരി രാജഗോപാല്‍ എന്ന അത്ഭുത മനുഷ്യനില്‍ നിന്നാണ് രഞ്ജിത് മംഗലശ്ശേരി നീലകണ്ഠനെ സൃഷ്ടിച്ചത്. തികഞ്ഞ സംഗീതപ്രേമിയും കലാസ്വാദകനുമായിരുന്ന മുല്ലശ്ശേരി രാജു എപ്പോഴും വന്‍ സുഹൃത് വലയങ്ങളുടെ സ്നേഹശീതളിമയില്‍ ജീവിച്ചു. (അദ്ദേഹത്തെ നേരില്‍ക്കാണാന്‍ ഒരിക്കല്‍ അവസരമുണ്ടായി. പ്രശസ്ത ഗായകന്‍ പി ജയചന്ദ്രനോടൊപ്പം അദ്ദേഹത്തിനരികിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ട് പോയത് അക്കാലത്ത് ഇന്ത്യൻ എക്സ്പ്രസ്സില്‍ സഹപ്രവര്‍ത്തകനായിരുന്ന രവി മേനോനാണ്. മഴയില്‍ കുതിര്‍ന്ന ആ കോഴിക്കോടന്‍ പകല്‍ ഒരിക്കലും മറക്കാന്‍ വയ്യ)

സംവിധായകന്‍ എന്ന നിലയില്‍ ഐ വി ശശിയുടെയും തിരക്കഥാകൃത്തെന്ന നിലയില്‍ രഞ്ജിത്തിന്റെയും ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണ് ദേവാസുരം. കഥാപാത്രങ്ങളുടെ ബാഹുല്യവും ആഖ്യാനത്തിലെ അനിതരസാധാരണമായ വേഗവുമാണ് ഐ വി ശശിയുടെ മിക്ക സിനിമകളുടെയും സവിശേഷതകള്‍. ശശിയുടെ മറ്റ് സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ദേവാസുരത്തില്‍ കഥാപാത്രങ്ങള്‍ കുറവാണ്. സിനിമയുടെ രണ്ടാം പകുതിയില്‍ നീലകണ്ഠന്റെയും ഭാനുമതിയുടെയും ബന്ധം വിശദീകരിക്കാന്‍ വേണ്ടി ആവശ്യത്തിന് സമയം നീക്കി വച്ചിട്ടുമുണ്ട്. അവരുടെ പ്രണയം അനിതരസാധാരണമായത് കൊണ്ടായിരിക്കണം, പ്രേക്ഷകര്‍ക്ക് ഒരു സീന്‍ പോലും വിരസമായി തോന്നിയതുമില്ല.

ക്ലൈമാക്സ് സീക്വന്‍സ് ഏതൊരു കച്ചവടസിനിമയിലും കാണുന്നത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വെടിക്കെട്ടുപുരയില്‍ ബന്ധനസ്ഥയാക്കിയ ഭാനുമതിയെ നീലന്റെ അനുയായികള്‍ സാഹസികമായി രക്ഷിച്ച് കൊണ്ട് വരുന്നതും അവളെ കണ്ട മാത്രയില്‍ നായകന്‍ വില്ലനെ തിരിച്ചടിക്കാന്‍ തുടങ്ങുന്നതും മുഖ്യധാരാ സിനിമയിലെ സ്ഥിരം പാറ്റേണുകളുടെ തുടര്‍ച്ച പോലെയാണ് അനുഭവപ്പെടുന്നത്. (തിരശ്ശീലയില്‍ മോഹന്‍ലാല്‍ ഏകപക്ഷീയമായി ഇത്രയേറെ തല്ലുകൊള്ളുന്ന സിനിമകള്‍ അധികമില്ലെന്ന് തോന്നുന്നു)

നീലകണ്ഠനെ തിരശ്ശീലയില്‍ കണ്ടാസ്വദിച്ച അന്നത്തെ തലമുറകള്‍ക്ക് അയാളിപ്പോഴും ഒരു ഗൃഹാതുരത തന്നെയാണ്. കാരണം, വലിയ ശൂരപരാക്രമിയായിരിക്കുമ്പോഴും വിലപ്പെട്ട പലതും നഷ്ടപ്പെടുത്താനും, വേണ്ടിവന്നാല്‍ പരാജയപ്പെടാനും മടിയില്ലാത്തവനായിരുന്നല്ലോ അയാള്‍

മംഗലശ്ശേരി നീലകണ്ഠനിലൂടെ രഞ്ജിത് സൃഷ്ടിച്ച കഥാപാത്ര വാര്‍പ്പ് മാതൃക പില്‍ക്കാലത്ത് ഏതാണ്ട് അതേ സ്വഭാവം പുലര്‍ത്തുന്ന നിരവധി ആന്റി ഹീറോകളുടെ പിറവിക്ക് പ്രചോദനമായി. മോഹന്‍ലാലും മമ്മൂട്ടിയും മറ്റ് നായക നടന്മാരും അത്തരം കഥാപാത്രങ്ങള്‍ക്ക് പലകുറി ഉയിരേകി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളും പുതിയ നൂറ്റാണ്ടിലെ ആദ്യദശകവും പൊതുവേ ആന്റി ഹീറോ സിനിമകളുടെ കാലമായിരുന്നു.

2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു പുറത്തുവന്നു. സംവിധായകനെന്ന നിലയില്‍ രഞ്ജിത്തിന്റെ അരങ്ങേറ്റമായിരുന്നു അത്. വാര്‍ദ്ധക്യത്തിലേയ്ക്ക് കടന്ന മംഗലശ്ശേരി നീലകണ്ഠനായും മകന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. കാര്‍ത്തികേയന്റെ 'സവാരി ഗിരി ഗിരി' എന്ന വായ്ത്താരി വന്‍ഹിറ്റായി. പോരാട്ടവീര്യം അവസാനനിമിഷം വരെ കാത്തുസൂക്ഷിക്കുന്ന നീലകണ്ഠന്‍ ചിത്രാന്ത്യത്തില്‍ മരണത്തിന് കീഴടങ്ങുന്നു. കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ രാവണപ്രഭുവിലൂടെ ഇരുത്തം വന്ന സംവിധായകനെന്ന നിലയില്‍ രഞ്ജിത്ത് മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ചു.

മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ദേവാസുരവും മംഗലശ്ശേരി നീലകണ്ഠനും സിനിമാസ്വാദകരുടെ പുതിയ തലമുറയോട് എങ്ങനെ സംവദിക്കും എന്നറിയില്ല. പക്ഷേ നീലകണ്ഠനെ തിരശ്ശീലയില്‍ കണ്ടാസ്വദിച്ച അന്നത്തെ തലമുറകള്‍ക്ക് അയാളിപ്പോഴും ഒരു ഗൃഹാതുരത തന്നെയാണ്. കാരണം, വലിയ ശൂരപരാക്രമിയായിരിക്കുമ്പോഴും വിലപ്പെട്ട പലതും നഷ്ടപ്പെടുത്താനും, വേണ്ടിവന്നാല്‍ പരാജയപ്പെടാനും മടിയില്ലാത്തവനായിരുന്നല്ലോ അയാള്‍.

logo
The Fourth
www.thefourthnews.in