അതിരുകളില്ലാത്ത സ്ത്രീ പുരുഷ ബന്ധങ്ങൾ; ഭരതൻ വരച്ച കഥാപാത്ര പരിസരങ്ങൾ
”Whatever You say, still I Love You”. 1980 കളുടെ ആദ്യം പുറത്തിറങ്ങിയ ഭരതൻ ചിത്രം, ‘ചാമര’ത്തില്‍ പ്രതാപ് പോത്തന്‍റെ വിനോദ് എന്ന കഥാപാത്രം തന്റെ അധ്യാപികയായ സറീനാ വഹാബിന്റെ കഥാപാത്രമായ ഇന്ദുവിനോട് പ്രണയം പറയുന്ന രംഗമാണ്. മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ കാമ്പസ് ചിത്രമായിരുന്നു ചാമരം. ഇങ്ങനെ അതിരുകളിത്ത സ്ത്രീ പുരുഷ പ്രണയ ഭാവങ്ങൾ കണ്ടത് ഭരതൻ സിനിമകളിലാണ്. ഏതൊരു കാലത്തും വിദ്യാർഥികൾക്ക് അധ്യാപകരോട് തോന്നിയിരുന്ന കൗതുകത്തെ, മറ്റൊരു രീതിയിൽ പറഞ്ഞാൽ പറയാൻ മടിക്കുന്ന വികാരത്തെ തുറന്ന് പറഞ്ഞ രംഗം. ആരെയും കൂസാതെയുളള ഈ തുറന്നുപറച്ചിലുകളെ ആണ് ഇന്ന് ഭരതൻ ടച്ച് എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്.
1975 ലാണ് ഭരതന്‍-പത്മരാജന്‍ കൂട്ടിൽ ആദ്യചിത്രമായ 'പ്രയാണം' വരുന്നത്. ഭരതന്‍ ചിത്രങ്ങളിലെല്ലാം പലയാവർത്തി കണ്ട രതി രംഗങ്ങള്‍ ആദ്യചിത്രമായ പ്രയാണത്തിന്റെ തുടർച്ചയാണ്. പിന്നീടിങ്ങോട്ട് ഈ കൂട്ടുകെട്ടിൽ പിറന്ന ഒട്ടുമിക്ക സിനിമകളും പ്രേക്ഷകപ്രീതി നേടി. പ്രണയവും രതിയും തമ്മിലുള്ള വൈകാരിക ബന്ധം അന്നുമുതലേ ഭരതൻ ക്യാൻവാസുകളിൽ പ്രകടമാക്കിയിരുന്നു. എല്ലാ കാലത്തും ഈ ബന്ധം തുടർന്നുകൊണ്ടിരുന്നു. സ്ത്രീ സൗന്ദര്യത്തോടും വ്യക്തിത്വത്തോടും സംവിധായകൻ ഭരതനുളള കാഴ്ചപ്പാട് പ്രതിഫലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങളിൽ പലതും. സ്ത്രീയെ മനോഹര ശിൽപമായും ഛായാചിത്രമായുമൊക്കെ വരച്ചെടുക്കാൻ ശ്രമിച്ച സംവിധായകൻ. അന്നും ഇന്നും മലയാള സിനിമയിൽ നിഷേധിക്കപ്പെട്ട ലൈംഗികതയെ മറനീക്കി പുറത്തുകൊണ്ടുവന്ന സംവിധായകൻ. സ്ത്രീകഥാപാത്രങ്ങൾക്ക് പതിവിലധികം പ്രാധാന്യം നൽകിയ വളരെ കുറച്ച് സംവിധായകരിൽ ഒരാൾ.
വൈശാലി, ചമയം, എൻറെ ഉപാസന, ചുരം, കേളി, തുടങ്ങി ഒരു മിന്നാമിനുങ്ങിൻറെ നുറങ്ങുവെട്ടം, പാഥേയം, ചിലമ്പ്, തകര, രതിനിർവേദം, അമരം, പറങ്കിമല, അങ്ങനെ നോക്കിയാൽ അവസാനിക്കുന്നതല്ല ഭരതൻറെ സ്ത്രീകഥാപാത്ര നിർമ്മിതികൾ. പലരും പറയാൻ മടിച്ച കഥകളും കഥാസന്ദർഭങ്ങളും ഭരതൻ മനോഹരമായി പറഞ്ഞുവെച്ചു. സ്ത്രീ സൗന്ദര്യവും ഒപ്പം, ലൈംഗികതയും മനോഹര ഫ്രെയിമുകളിലൂടെ പകർത്തിയപ്പോൾ മലയാള സിനിമ അതുവരെ കാണാത്ത പുതുവഴികൾ കണ്ടെത്തുകയായിരുന്നു. പിന്നീടെപ്പോഴോ പ്രേക്ഷകരെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പഠിപ്പിച്ചത് ഈ ഭരതൻ ചിത്രങ്ങളായിരുന്നു. ജീവിതയാഥാർത്ഥ്യങ്ങളെയും മറക്കപ്പെട്ട രതിവിചാരങ്ങളെയും അദ്ദേഹം സ്ക്രീനിൽ കൊണ്ടുവന്നു. സ്നേഹിക്കപ്പെടുന്നതിൽപരം ഭാഗ്യമെന്തെന്ന് പറയാതെ പറഞ്ഞുതന്നു.
പാളങ്ങളും മർമരവും എൻറെ ഉപാസനയും പ്രണയം പറഞ്ഞപ്പോൾ അമരവും പ്രയാണവും, പാഥേയവും കണ്ണു നനച്ചു. പുരാണകഥ പറഞ്ഞപ്പോഴും സ്ത്രീ സൗന്ദര്യം ഇത്രയും മനോഹരമായി പ്രതിഫലിപ്പിക്കാൻ ഭരതന് മാത്രമേ സാധിക്കൂ എന്ന് ഉറപ്പിക്കുന്നതായിരുന്നു വൈശാലി.
കലാസംവിധായകനായി തുടങ്ങിയ ഭരതന്‍റെ മികവ് വൈശാലി പോലെ മികച്ച സിനിമകളുടേയും, താരതമ്യേന താഴേത്തട്ടിൽ നിൽക്കുന്ന ചുരം പോലുളള സിനിമകളുടേയും ക്യാൻവാസുകളിൽ പ്രകടമാണ്. അതുവരെ മലയാള സിനിമ കാണാത്ത പ്രതികാരത്തിന്റെ വേറൊരു തലം കാണിച്ചുതന്ന സിനിമയായിരുന്നു താഴ്വാരം. അവിടേയും സ്ത്രീ തന്നെ കഥക്ക് കാരണക്കാരിയായി. എം ടിയുടേതായിരുന്നു സ്ക്രിപ്റ്റ്. എംടി അതുവരെ ചെയ്തിട്ടുളള സ്ക്രിപ്റ്റുകളിൽ നിന്നൊക്കെ വഴിമാറി സഞ്ചരിച്ച കഥാരീതിയായിരുന്നു അത്. എംടി പത്മാരാജൻ ഭരതൻ കൂട്ടുകെട്ട് പോലെതന്ന ലോഹിതദാസിന്റേയും ജോൺ പോളിന്റേയും ഒപ്പം ഭരതൻ ചെയ്ത മിക്ക സിനിമകളും മികച്ചുനിൽക്കുന്നവ തന്നെയാണ്. അമരത്തിൽ മറ്റുള്ളവർക്കൊപ്പം കടൽ കഥാപാത്രമായപ്പോൾ കേളിയിൽ ഭാരതപ്പുഴയും താഴ്‌വാരത്തിൽ മലയടിവാരവും വൈശാലിയിൽ കാടും മഴയും കാട്ടുമൃഗങ്ങളുമെല്ലാം കഥാപാത്രങ്ങളായി, ചുരം അങ്ങനെതന്നെ സിനിമയായി. ഇതെല്ലാം ഭരതന്റെ സ്ത്രീ സങ്കൽപങ്ങൾക്കൊപ്പം മാറ്റുകൂട്ടാനുളള ചേരുവകളായി.