ചൂഷണക്കൊതിയിൽ കലാപം കണ്ട 'തുറമുഖം'
കേരളത്തിൽ നിലനിന്നിരുന്ന ചൂഷണകാലത്തിന്റെ കൃത്യമായ സിനിമാ ആഖ്യാനമാണ് 'തുറമുഖം'.1953ലെ മട്ടാഞ്ചേരി വെടിവയ്പ്പ് എങ്ങനെ സംഭവിച്ചു? എന്തിന് സംഭവിച്ചു? എന്നതിനൊക്കെ വ്യക്തമായ ഉത്തരം തരുന്നുണ്ട് സിനിമ. 1947ൽ നമ്മൾ സ്വാതന്ത്ര്യം നേടി എന്ന് പഠിക്കുന്ന പുതുതലമുറയോട്, ഇന്ത്യ സ്വതന്ത്രമായതിന് ശേഷവും, മനുഷ്യരിവിടെ വലിയ ചൂഷണങ്ങൾക്ക് ഇരകളാക്കപ്പെട്ടിരുന്നു എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ചാപ്പ ഏറ് എന്ന പ്രാകൃതരീതിക്കെതിരെ സംഘടിച്ച തൊഴിലാളികളും അതിനായി രൂപം കൊണ്ട ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളും ഒട്ടും സിനിമാറ്റിക് അല്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് രാജീവ് രവിയുടെ സംവിധാനമികവ്. പലപ്പോഴും ചരിത്രം സിനിമയാക്കുമ്പോൾ ചില കൂട്ടിച്ചേർക്കലുകൾ നമുക്ക് അരോചകമായി തോന്നാറുണ്ട്. അത്തരം മടുപ്പിക്കലുകൾ ബോധപൂർവ്വം ഒഴിവാക്കിയതുപോലെയും അനുഭവപ്പെട്ടു. ജോജു ജോര്‍ജിന്റെ മൈമു എന്ന കഥാപാത്രത്തിന്റെ മക്കളാണ് നിവിൻ പോളിയുടെ മൊയ്തുവും അർജുൻ അശോകന്റെ ഹംസയും ദർശന ചെയ്ത ഖദീജയും. നായകകേന്ദ്രീകൃത കഥപറച്ചിലുകളാണ് ചരിത്രസിനിമകളിൽ പൊതുവെ കാണാറുളളത്. എന്നാൽ തുറമുഖത്തിൽ തൊഴിലാളികളോരോരുത്തരും, കലാപത്തിൽ ബാക്കിയാകുന്ന പെണ്ണുങ്ങളും എല്ലാം നായകതുല്യരാണ്. മൊയ്തുവിന് കൊടുത്ത നെഗറ്റീവ് സ്വഭാവം ആസ്വാദനത്തിൽ ഗുണം ചെയ്തു.
സിനിമ തുടങ്ങുന്നതുതന്നെ നിറം മങ്ങിയ പഴയകാലത്തിൽ നിന്നാണ്. കുറച്ച് നേരം നീണ്ടുനിൽക്കുന്നതെങ്കിലും ആ ബ്ലാക് ആന്റ് വൈറ്റ് തീയേറ്റർ അനുഭവം പതിവ് ചരിത്രകാഴ്ചകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. കൃത്യമായ ശ്രദ്ധ കൊടുത്തുതന്നെയാണ് 1920 മുതൽ 50കൾ വരെയുളള കാലഘട്ടത്തെ കലാ സംവിധായകനായ ഗോകുല്‍ ദാസ് ഒരുക്കിയിരിക്കുന്നത്. കലയോടൊപ്പം കഥാപാത്രങ്ങളുടെ മേക്കോവറും കാലത്തോട് നീതി പുലർത്തുന്നു.
പ്രകടമായ രൂപമാറ്റം രണ്ടുപേരിലാണ് അനുഭവപ്പെട്ടത്. ബ്ലാക് ആന്റ് വൈറ്റ് കാലത്തെ പൂർണിമ തന്നെയാണോ നിറമുളള കാലത്തെ ഉമ്മ എന്ന് അദ്ഭുതപ്പെട്ടുപോകും. നീണ്ട മുഖവും തെളിഞ്ഞ കണ്ണുകളും മെലിഞ്ഞ ശരീരവുമുളള ഒരു യുവതിയിൽ നിന്നും, തൊങ്ങിയ കവിൾത്തടങ്ങളും കലങ്ങിയ കണ്ണുകളും ഭാരമേറിയ ശരീരവുമൊക്കെയുളള ഒരുമ്മയിലേയ്ക്കുളള രൂപമാറ്റം. അതിനെടുത്ത കാലദൈർഘ്യം അവിശ്വസനീയം. നടപ്പിലും ഭാവത്തിലും പ്രായം തോന്നിപ്പിക്കാൻ പൂർണിമയുടെ പ്രകടനത്തിനും കഴിഞ്ഞു. ഒപ്പം ചേർത്തുപറയേണ്ട വേഷമാണ് സുദേവ് നായരുടേതും. പഴയ കാലത്തിൽ സിക്സ് പാക്ക് ബോഡിയോടെ പ്രത്യക്ഷമാകുന്ന സുദേവിന്റെ പച്ചീക്ക എന്ന കഥാപാത്രം കാലം പോയപ്പോൾ കുടവയറുളള മനുഷ്യനായി മാറുന്നുണ്ട്. ഈ മാറ്റം വ്യക്തമാകാനെന്നവണ്ണം മേൽക്കുപ്പായമില്ലാതെ ആദ്യഭാഗത്തും ഷർട്ടിന്റെ ബട്ടൺ പൂർണമായും തുറന്നിട്ട രൂപത്തിൽ രണ്ടാം ഭാഗത്തും സുദേവിന്റെ കാണിക്കുന്നുമുണ്ട്. നിവിൻ പോളിയുടെ മൊയ്തു ആദ്യകാഴ്ചയിലേതുപോലെ ആയിരുന്നില്ല സിനിമയുടെ അവസാന ഭാഗത്തേയ്ക്ക് വരുമ്പോൾ. ഓരോ ഘട്ടത്തിലും അയാളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ രൂപത്തിലും പ്രകടമായിരുന്നു. തുടക്കത്തിലെ വെളുത്ത മൊയ്തുവിൽ നിന്ന് അലച്ചിൽപെട്ട് തൊലി കരുവാളിച്ച മാറ്റം മേക്കപ്പിൽ ശ്രദ്ധിച്ചിട്ടുള്ളതായും തോന്നി. ഇതുകൊണ്ടൊക്കെത്തന്നെ റോണക്സ് സേവിയറിന്റെ മേക്കപ്പും സമീറ സനീഷിന്റെ കോസ്റ്റ്യൂമും പ്രശംസ അർഹിക്കുന്നു.
1968 ൽ മട്ടാഞ്ചേരി കലാപത്തെ 'തുറമുഖ'മെന്ന പേരിൽ നാടകമാക്കിയ കെ എം ചിദംബരന്റെ മകൻ ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും. ഷഹബാസ് അമന്റേതാണ് സംഗീതം. പഴയ വാദ്യോപകരണങ്ങളുടെ ശബ്ദത്തിൽ നിൽക്കുന്ന പശ്ചാത്തല സംഗീതം ആ കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. സംവിധായകൻ തന്നെ ഛായാഗ്രാഹകനായപ്പോൾ ഓരോ ഫ്രെയ്മിലും രാജീവ് രവി ടച്ച് നിലനിർത്താൻ സാധിച്ചു. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും അവരവരുടെ റോളുകൾ ഗംഭീരമാക്കി. ഇവരെക്കൂടാതെ സമരസമയങ്ങളിലും മുദ്രാവാക്യ വിളികളിലും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടുന്നവർ വേറെയുമുണ്ട്. മൂന്നു മണിക്കൂറിനടുത്താണ് സിനിമയുടെ ദൈർഘ്യം. ചില ഇടങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടിരുന്നു. അത്ര പ്രാധാന്യമില്ലാത്ത ചില ഭാഗങ്ങൾ ഒഴിവാക്കി, കുറച്ചുമുന്നേ പറഞ്ഞുതീർക്കാമായിരുന്നില്ലേ എന്നു തോന്നി. ഈ മടുപ്പിൽ സാഹചര്യത്തിന്റെ വൈകാരികത എന്നിലെ പ്രേക്ഷകനിൽ ചെറുതായെങ്കിലുമൊന്ന് നഷ്ടമാകുന്നതുപോലെയും അനുഭവപ്പെട്ടു. ഇടിപ്പടം, മാസ് എന്റർടെയ്നർ, പാർട്ടിപ്പടം എന്നിങ്ങനെയുള്ള ലേബലുകളിലൊന്നും പെടുത്താതെ ചരിത്രസംഭവത്തിന്റെ ഡോക്യുമെന്റേഷൻ എന്ന നിലയിൽ മാത്രം തുറമുഖത്തെ കണ്ടാൽ കുറച്ചുകൂടി ആസ്വാദ്യമായേക്കാം. ഒടുവിൽ കാണുന്ന കെ ആർ സുനിലിന്റെ മട്ടാഞ്ചേരി ദൃശ്യങ്ങൾ ഒരു കാലത്തെ രാഷ്ട്രീയപ്രതിഫലനമെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം.