വന്യജീവി കടത്ത്: മൃഗപരിശീലകനും ടൈഗര്‍ കിങ് താരവുമായ ആന്റില്‍ അറസ്റ്റില്‍

വന്യജീവി കടത്ത്: മൃഗപരിശീലകനും ടൈഗര്‍ കിങ് താരവുമായ ആന്റില്‍ അറസ്റ്റില്‍

വന്യജീവി കടത്ത്, വന്യജീവി കടത്തിനായുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് വെള്ളിയാഴ്ച ആന്റലിന് ശിക്ഷ വിധിച്ചത്
Updated on
1 min read

ടൈഗര്‍ കിങ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസിലൂടെ പ്രശസ്തനായ ഭഗവാന്‍ 'ഡോക്' ആന്റിലിന് തടവുശിക്ഷ. വന്യജീവി കടത്ത്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. വന്യജീവി പരിശീലകനായ ആന്റിലിന് സ്വന്തമായി വെര്‍ജീനിയയില്‍ വന്യജീവി പാര്‍ക്കുണ്ട്. വംശനാശഭീഷണി നേരിടുന്ന സിംഹക്കുട്ടികളെ ഇവിടേക്ക് നിയമവിരുദ്ധമായി വാങ്ങിയെന്ന കുറ്റത്തിനാണ് ശിക്ഷ.

ഓരോ കുറ്റകൃത്യത്തിനും പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സെപ്റ്റംബര്‍ 14നാണ് ഡോക് ആന്റിലിന് ശിക്ഷ വിധിക്കുക. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരകൃത്യത്തിന്റെ പേരില്‍ ആന്റലിന്റെ പെണ്‍മക്കളായ ടാണി ആന്റിലിന്റെയും തിലകം വാട്ടേഴ്‌സന്റെയും പേരിലും കേസുകളുണ്ടായിരുന്നു. എന്നാല്‍ ഇവരെ എല്ലാ കേസുകളില്‍ നിന്നും കോടതി മോചിതരാക്കി. നിലവില്‍ കള്ളപ്പണ ആരോപണങ്ങള്‍ നേരിടുന്ന ആന്റില്‍ മൃഗങ്ങളോട് ക്രൂരത കാണിച്ചെന്ന ആരോപണം നേരത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ വന്യജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത കോടതിയില്‍, കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വിര്‍ജീനിയന്‍ നിയമം അനുസരിച്ച് സിംഹങ്ങള്‍ അടക്കം വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ കച്ചവടം അനുവദനീയമാണ്. പക്ഷെ വിദ്യാഭ്യാസം, ശാസ്ത്രീയ ആവശ്യങ്ങള്‍, സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ഇതിന് സംസ്ഥാന ബോര്‍ഡിന്റെ പ്രത്യേക അനുമതി തേടേണ്ടതായുമുണ്ട്.

2020-ല്‍ വന്യജീവി കടത്ത് ആരോപണത്തില്‍ കുറ്റാരോപിതനായ മൃഗശാല ഉടമ കീത്ത് എ വില്‍സണുമായുള്ള ആന്റലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ക്ക് ആര്‍ ഹെറിംഗ് ഒരു മാസത്തോളം അന്വേഷിച്ചതിന് ശേഷമാണ് ആന്റിലിനെതിരെ കുറ്റം ചുമത്തിയത്. വില്‍സന്റെ കേസ് ഇപ്പോഴും കോടതി പരിശോധിച്ച് വരികയാണ്.

കോവിഡ് കാലത്ത് അമേരിക്കക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായ സീരീസ് ടൈഗര്‍ കിങ്ങിൽ ആന്റില്‍ പ്രധാന വേഷമാണ് അവതരിപ്പിച്ചത്.സീരിസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ആന്റലിന്റേത്.

logo
The Fourth
www.thefourthnews.in