കുറ്റകൃത്യങ്ങളുടെ തലസ്ഥാനത്തെ ഒരു കള്ളൻ, 'ടൈഗര്‍ നാഗേശ്വര റാവ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

കുറ്റകൃത്യങ്ങളുടെ തലസ്ഥാനത്തെ ഒരു കള്ളൻ, 'ടൈഗര്‍ നാഗേശ്വര റാവ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

വംശീ സംവിധാനം ചെയ്യുന്ന രവി തേജ ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ്
Updated on
1 min read

തെലുങ്ക് സൂപ്പര്‍താരം രവി തേജ നായകനായി എത്തുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തെലുങ്കില്‍ വെങ്കിടേഷ്, തമിഴില്‍ കാര്‍ത്തി, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കന്നഡയില്‍ ശിവരാജ്കുമാര്‍, ഹിന്ദിയില്‍ ജോണ്‍ എബ്രഹാം എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പ്രമുഖ താരങ്ങളാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് വീഡിയോ പങ്കുവച്ചത്.

രവി തേജയും ട്വിറ്ററിലൂടെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. 'എല്ലാവരെയും എന്റെ സ്ഥലത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഓക്ടോബര്‍ 20ന് തിയേറ്ററുകളില്‍ കാണാം എന്ന അടിക്കുറിപ്പിനോടൊപ്പമാണ് പോസ്റ്റര്‍ ട്വീറ്റ് ചെയ്തത്.

എഴുപതുകളുടെ പശ്ചാത്തലത്തില്‍ സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തിലാണ് ചിത്രം നടക്കുന്നത്. ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായ സ്റ്റുവേർട്ട്പുരം അധവാ ടൈഗര്‍ സോണും അവിടുത്തെ ഏറ്റവും വലിയ കള്ളനായ നാഗേശ്വര റാവിനെയും വീഡിയോ പരിചയപ്പെടുത്തുന്നുണ്ട്.

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന മോഷ്ടാവിന്റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവ്. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രവി തേജയെയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണ് അണിയറപ്രവർത്തകർ തരുന്ന സൂചന. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

രവി തേജയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവ്'.വംശീ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് അഭിഷേക് അഗർവാൾ ആണ്.

രവി തേജയുടെ സംഭാഷണവും കഥാ സന്ദര്‍ഭവും പശ്ചാത്തല സംഗീതവും എല്ലാം ആരാധകരില്‍ പാന്‍-ഇന്ത്യന്‍ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സൃഷ്ടിച്ചിരിക്കുന്നത്. പുഷ്പ, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങൾ തെലുങ്ക് സിനിമയ്ക്ക് ഇന്ത്യയ്ക്കും പുറമെയും വലിയ വിപണി സൃഷ്ടിച്ചിട്ടുണ്ട്. അല്ലു അർജുൻ, രാംചരൺ, പ്രഭാസ് എന്നിവർക്ക് പിന്നാലെ ആഗോള വിപണിയിൽ 'ടൈഗര്‍ നാഗേശ്വര റാവിലൂടെ തൻ്റെ ഊഴവും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് രവി തേജ.

logo
The Fourth
www.thefourthnews.in