'എന്‍ജോയ് എന്‍ജാമി'യുടെ പാട്ടുകാരി ധീ മലയാളത്തില്‍; അന്വേഷിപ്പിൻ കണ്ടെത്തും 'വിടുതൽ' ഗാനം പുറത്തിറങ്ങി
കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത 'എന്‍ജോയ് എന്‍ജാമി' എന്ന പാട്ടിന്‍റെ ശബ്‍ദമായിരുന്ന ധീ 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിലെ 'വിടുതൽ' എന്ന ഗാനം തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണന്‍റെ മലയാളത്തിലേക്കുള്ള വരവിനും വഴിയൊരുക്കിയിരിക്കുകയാണ്.
ഡാർവിൻ കുര്യാക്കോസ് - ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9 നാണ് തിയേറ്ററുകളിലെത്തുന്നത്.
തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീര്യമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും ധീരതയേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ട് ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന റാപ്പ് ശൈലിയിലുള്ളതാണ്.
2012-ൽ 'ആട്ടക്കത്തി' എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം പിസ, സൂധുകാവും, 'ജിഗർതണ്ട', ഇരൈവി, കബാലി, പരിയേറും പെരുമാൾ, വട ചെന്നൈ, ജിപ്സി, കർണൻ, സർപാട്ട പരമ്പരൈ, മഹാൻ, ദസര, ചിറ്റാ, ജിഗർതണ്ട ഡബിൾ എക്സ് തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ 'എൻജോയ് എൻജാമി...', 'മാമധുര...', 'മൈനാരു വെട്ടി കാട്ടി...', 'ഉനക്ക് താൻ...' തുടങ്ങിയ ഹിറ്റുകളും സന്തോഷ് നാരായണന്റേതാണ്. അതുകൊണ്ടുതന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ടൊവിനോ നായകനായെത്തുന്ന മലയാള ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.
തങ്കം സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് - സൈജു ശ്രീധർ, കലാ സംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - സജീ കാട്ടാക്കട.