'അയാള്‍ക്കൊപ്പം അഭിനയിക്കാതിരുന്നതില്‍ അഭിമാനം'; മൻസൂർ അലി ഖാനെതിരെ തൃഷ
ലിയോ സിനിമയിലെ തന്റെ സാന്നിധ്യത്തെ കുറിച്ച് ലൈംഗിക ചുവയോടുകൂടി സംസാരിച്ച നടൻ മൻസൂർ അലി ഖാനെതിരെ തെന്നിന്ത്യൻ താരം തൃഷ. ലിയോയിൽ തൃഷയുണ്ട് എന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയതായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാന്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് തൃഷയുടെ പ്രതികരണം.
മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് വളരെ മോശം പരാമർശം നടത്തുന്ന ഒരു വീഡിയോ ശ്രദ്ധയില്‍ പെട്ടെന്നും ലൈംഗിക ചുവയോടെ ആൺബോധത്തിൽ നിന്നുകൊണ്ടാണ് അപമാനകരമായ പരാമർശങ്ങള്‍ നടത്തിയതെന്ന് തൃഷ എക്‌സിൽ കുറിച്ചു. മൻസൂർ അലി ഖാനെപോലെ ഒരാളുടെ കൂടെ അഭിനയിക്കേണ്ടി വരാതിരുന്നതിൽ സന്തോഷമുണ്ട്. ഇനിയുള്ള സിനിമാ ജീവിതത്തിൽ അങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും തൃഷ പോസ്റ്റില്‍ പറയുന്നു.
ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും മൻസൂർ അലി ഖാനെ തള്ളിപ്പറഞ്ഞുകൊണ്ട് തൃഷയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കണമെന്നും ഈ പരാമർശം അപലപനീയമാണെന്നും ലോകേഷ് എക്‌സിലെ പോസ്റ്റില്‍ പറയുന്നു.
ലിയോയുടെ വിജയാഘോഷം നടന്നപ്പോള്‍, വേദിയിൽ കയറി തൃഷയുടെ മുന്നിൽ വച്ച് മൻസൂർ അലിഖാൻ സമാനമായ പരാമർശം നടത്തിയിരുന്നു. ലിയോയിലേക്ക് വിളിക്കുന്നതിന് മുന്‍പ് തന്നെ തൃഷ സിനിമയിലുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാൽ തൃഷയുടെ കൂടെ ഒരു സീനിൽ പോലും അഭിനയിക്കാൻ സാധിച്ചില്ല എന്നതിൽ സങ്കടമുണ്ടെന്നും മൻസൂർ അലിഖാൻ പറഞ്ഞിരുന്നു. എന്നാൽ ആ പരാമർശത്തിൽ പ്രത്യക്ഷത്തിൽ ലൈംഗിക ചുവയില്ലായിരുന്നു.
അതേവേദിയിൽ നടി മഡോണ സെബാസ്റ്റ്യനെ കുറിച്ചും സമാനമായ പ്രസ്താവന മൻസൂർ അലിഖാൻ നടത്തുന്നുണ്ട്. "തൃഷയുടെ കൂടെ സീനുകൾ കിട്ടുമെന്ന് കരുതി, അത് കിട്ടിയില്ല. അപ്പോൾ മഡോണയോടൊപ്പം സീനുണ്ടാകും എന്ന് കരുതി എന്നാൽ മഡോണയുടേത് പെങ്ങൾക്ക് തുല്യമായ റോളായിരുന്നു" മൻസൂർ അലി ഖാൻ പറഞ്ഞു.
ഈ പരാമർശങ്ങൾ തമാശരൂപേണയായിരുന്നു അവിടെയുണ്ടായിരുന്ന സിനിമയുടെ അണിയറപ്രവർത്തകർ എടുത്തത്. എന്നാൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ വേദിയിൽ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ലൈംഗികചുവയോടുകൂടി സമാനമായ പരാമർശങ്ങൾ ആവർത്തിക്കുകയായിരുന്നു. പിന്നാലെയാണ് എക്സിലൂടെ തൃഷ പ്രതികരിക്കുന്നത്.
2021ൽ പുറത്തിറങ്ങിയ 'മാസ്റ്റർ' സിനിമയ്ക്ക് ശേഷം വിജയ് ലോകേഷ് കൂട്ടുകെട്ടിൽ വരുന്ന രണ്ടാമത്തെ ചിത്രമെന്ന രീതിയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ മേനോൻ, മാത്യു തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.