സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം; ചരിത്രത്തിലേക്ക് ക്യാമറ തിരിച്ച് 'ടഗ് ഓഫ് വാര്‍'

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം; ചരിത്രത്തിലേക്ക് ക്യാമറ തിരിച്ച് 'ടഗ് ഓഫ് വാര്‍'

സ്വാതന്ത്ര്യത്തിനായി ജീവിതം ഹോമിക്കപ്പെട്ടവരുടെ വേദന വ്യക്തമാക്കുകയാണ് അമിൽ ശിവ്ജി
Updated on
1 min read

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ കഥയാണ് താന്‍സാനിയന്‍ ചിത്രമായ ടഗ് ഓഫ് വാര്‍. സംഭവബഹുലമായ ചരിത്രത്തിലേക്ക് ടഗ് ഓഫ് വാര്‍ ക്യാമറ തിരിക്കുമ്പോള്‍ അവിടെ വിലക്കപ്പെട്ട പ്രണയവും കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങളും കാണാനാകുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ സാന്‍സിബാറാണ് കഥാപരിസരം. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ ദുരന്തം ഏറ്റു വാങ്ങിയ ജനതയെ ചിത്രത്തിലൂടെ സംവിധായകന്‍ അമില്‍ ശിവ്ജി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ്.

സംസ്‌കാരത്തിന്റെ  പേരിലും വംശത്തിന്റെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ച് സാമ്രാജ്യത്വം നിലനിര്‍ത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വത്വം നിലനിര്‍ത്താനുള്ള ഒരു ജനതയുടെ പോരാട്ടമാണ് കഥാതന്തു.  പ്രതിരോധത്തില്‍ തുടങ്ങി പ്രതിഷേധത്തിലൂടെ വളര്‍ന്ന് വിപ്ലവത്തിന്റെ പാതയിലെത്തി സ്വാതന്ത്ര്യം നേടുന്ന ചരിത്രമാണ് ചിത്രത്തില്‍ പുന:സൃഷ്ടിച്ചിരിക്കുന്നത്. യാസ്മിന്‍ എന്ന ശക്തയായ പോരാളിയെ മനോഹരമാക്കി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞു.

ലോലവികാരങ്ങളല്ല അവളെ നയിക്കുന്നത് അടങ്ങാത്ത സ്വാതന്ത്ര്യദാഹമാണ്. അതിനായുള്ള പോരാട്ടങ്ങളാണ് അവളുടെ ലക്ഷ്യം. അതിനായുള്ള ശക്തി തേടലാണ് മുഖ്യം. എങ്കിലും വിലക്കപ്പെട്ട പ്രണയം അവള്‍ക്കുള്ളില്‍ ജ്വലിക്കുന്നു. ഡെംഗയെന്ന വിപ്ലവകാരിയുടെ ലക്ഷ്യവും മാര്‍ഗവും യാസ്മിന്റേതു തന്നെയാണ്. യാസ്മിന്‍ ഡെംഗയെയാണ് പിന്തുടരുന്നത്. പരസ്പരം വിശ്വസ്തരാണ് ഇരുവരും. സ്വാതന്ത്ര്യമാണ് ഇരുവരുടെയും സ്വപ്‌നം.

ഇതിനായുള്ള അവരുടെ പോരാട്ടത്തിനിടയില്‍ പലവിധ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സിനിമ പഴയ കാലത്തെ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിന്റെയും ഭീഷണിയുടെയും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കടന്നു ചെല്ലുന്നു. സ്വാതന്ത്ര്യത്തിനായി ജീവിതം ഹോമിക്കപ്പെട്ടവരുടെ വേദന ടഗ് ഓഫ് വാര്‍ വിശദമായി വ്യക്തമാക്കുന്നു. ഛായാഗ്രഹണത്തിന്റെ മികവും സീനുകളുടെ ക്രമീകരണവും സംഘര്‍ഷാത്മകത നിലനിര്‍ത്തുന്ന സംഗീതവും സിനിമയെ മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നു.  

logo
The Fourth
www.thefourthnews.in