അടടാ, എന്നാ പടം... മഞ്ഞുമ്മല്‍ ബോയ്‌സിനെ പുകഴ്ത്തി ഉദയനിധി സ്റ്റാലിന്‍
പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന യുവതാര ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'നെ പുകഴ്ത്തി തമിഴ്‌നാട് ഉദയനിധി സ്റ്റാലിന്‍. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് സിനിമാ താരവും നിര്‍മാതാവും കൂടിയായ ഉദയനിധിയുടെ പ്രതികരണം.
''മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വാവ്! ഡോണ്‍ഡ് മിസ് ഇറ്റ് ! ടീമിന് അഭിനന്ദനങ്ങള്‍,'' ഗോകുലം മൂവീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ ഉദയനിധി പറയുന്നു. സംവിധായകന്‍ ചിദംബരം 'ജാനേമന്‍' എന്ന സിനിമയ്ക്കുശേഷം ഒരുക്കിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' കേരളത്തിനു പുറത്തും മികച്ച അഭിപ്രായം നേടി മുന്നേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഉദയനിധിയുടെ പ്രതികരണം.
അതേസമയം, കേരളത്തിലെ ബോക്‌സ് ഓഫീസുകളിലും സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസിന് ശേഷമെത്തിയ ആദ്യ ഞായര്‍ ദിവസത്തിലും ഗംഭീര പ്രകടനമാണ് ചിത്രം നടത്തിയത്. സാക്‌നില്‍ക് ഡോട്ട് കോമിന്റെ കണക്കുകള്‍ പ്രകാരം റിലീസ് ദിനത്തില്‍ അല്ലാതെ ഒരു മലയാള ചിത്രം ഒരു ദിനത്തില്‍ നേടുന്ന മികച്ച കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടി. ആഭ്യന്തര ബോക്‌സോഫീസില്‍ ഞായറാഴ്ച നാലാം ദിനം പിന്നിടുമ്പോള്‍ 4.70 കോടിയാണ് ബാക്‌സോഫീസ് ട്രാക്കറിന്റെ കണക്ക് പ്രകാരം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.
'ഗുണ' സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്നു അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പറയുന്നത്.
ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.