Review | സ്ത്രീ ശരികളുടെ 'ഉള്ളൊഴുക്ക്'

Review | സ്ത്രീ ശരികളുടെ 'ഉള്ളൊഴുക്ക്'

മഴയെ ഒട്ടും ഗൗനിക്കാത്ത അതിന് പ്രേക്ഷകരിൽ യാതൊരു സ്വാധീനവുമുണ്ടാകരുതെന്ന നിർബന്ധത്തോടെ നിർമിച്ച അപൂർവ സിനിമയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്
Published on

മലയാള സിനിമയിൽ മഴയെപ്പോലെ പരിഗണിക്കപ്പെട്ട മറ്റൊരു പ്രതിഭാസവുമുണ്ടാകില്ല. പ്രണയത്തെയും ദുഃഖത്തെയും മരണത്തെയും വഹിച്ചുകൊണ്ട് മലയാള സിനിമയിൽ മഴ കയറി വന്നിട്ടുണ്ട്. ഏത് മനുഷ്യനെയും ഉലച്ചുകളയാൻ മാത്രം ശക്തിയിൽ. പക്ഷെ മഴ എപ്പോൾ പെയ്താലും വെള്ളം കയറുന്ന കുട്ടനാട്ടിലെ ഒരു സാധാരണ ഗ്രാമത്തിൽ ജീവിക്കുന്ന അഞ്ജുവിനെയും ലീലാമ്മയെയും സംബന്ധിച്ച് മഴ അവരിൽ നിർവികാരത മാത്രമാണുണ്ടാക്കുന്നത്. മഴയെ ഒട്ടും ഗൗനിക്കാത്ത അതിന് പ്രേക്ഷകരിൽ യാതൊരു സ്വാധീനവുമുണ്ടാകരുതെന്ന നിർബന്ധത്തോടെ നിർമിച്ച അപൂർവ സിനിമയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്നുപറയാം.

Summary

തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ പോലും അനുവാദം ലഭിക്കാതിരുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് തന്റെ ശരി മാത്രമാണ് ശരി

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അതിന്റെ ഉള്ളിലാണ് ഒഴുക്ക്. പുറത്തെത്ര മഴവീഴുന്നു എന്നുള്ളതോ എത്ര വെള്ളം കയറുന്നു എന്നുള്ളതോ അവിടെ ഒരു പ്രശ്നമേയല്ല. ഉള്ളിലൊരു കടൽ തന്നെ കൊണ്ടുനടക്കുന്ന അഞ്ജുവും ലീലാമ്മയും ആ വെള്ളക്കെട്ടുകളെയെല്ലാം അനായാസം കടന്നുവച്ച് നടന്നു പോകുന്നത് നമുക്ക് കാണാം.

ഡ്രാമയാണ് സിനിമ എന്ന് പറയാമെങ്കിലും അതിന്റെ പ്രതലത്തിൽ എപ്പോഴും ഒരു ശാന്തതയുണ്ട്. അത് ആ കഥാപാത്രങ്ങൾ തമ്മിലുള്ള ഒഴുക്ക് കൃത്യമാകുന്നതിന്റെ ശാന്തതയാണ്. ലീലാമ്മയും അഞ്ജുവും ഉള്ളുകൊണ്ട് സംഘർഷത്തിലാകുന്നതുകൊണ്ടു കൂടിയും. തോമസുകുട്ടിയുടെ അമ്മയാണ് ലീലാമ്മ. അഞ്ചു, തോമസിന്റെ കെട്ടിയവളും. ‘കല്യാണം കഴിച്ചതുകൊണ്ട് മാത്രം കെട്ടിയവളാകുമോ?’ എന്ന് പാർവതി തിരുവോത്ത് അവതരിപ്പിച്ച അഞ്ജു സിനിമയിൽ ഒരിടത്ത് ചോദിക്കുന്നുണ്ട്. ആ മുഴുവൻ സിനിമയെ വേണമെങ്കിൽ ആ ഒരൊറ്റ ചോദ്യത്തിലേക്ക് ഒതുക്കാം.

താല്പര്യമില്ലാത്ത ഒരു വിവാഹത്തിൽ ജീവിതത്തിന്റെ നല്ലൊരു പങ്കും ചിലവഴിക്കേണ്ടി വന്നാലും ഒരാൾ ഇങ്ങനെ പ്രതികരിക്കുമോ എന്ന ചോദ്യം വേണമെങ്കിൽ ചോദിക്കാം. പക്ഷെ ആ ചോദ്യം ആസംബന്ധമാണ്. തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ പോലും അനുവാദം ലഭിക്കാതിരുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് തന്റെ ശരി മാത്രമാണ് ശരി.

Review | സ്ത്രീ ശരികളുടെ 'ഉള്ളൊഴുക്ക്'
സ്ത്രീകൾ പ്രധാനകഥാപാത്രങ്ങളായി വരുന്ന കഥകൾ സിനിമയാക്കാതിരിക്കാൻ മനപ്പൂർവം ശ്രമിക്കുന്നു: പാർവതി തിരുവോത്ത്

പൂർണ സമ്മതത്തോടെയല്ല അഞ്ജു തോമസുകുട്ടിയെ കല്യാണം കഴിക്കുന്നത്. അത് അവളിൽ അടിച്ചേൽപ്പിക്കപ്പെട്ട കല്യാണമാണ്. രാജീവുമായി പ്രണയത്തിലായിരുന്ന അവളെ ഇങ്ങോട്ട് പറിച്ച് നട്ടതാണ്. രാജീവായി അർജുൻ രാധാകൃഷ്ണനും തോമസുകുട്ടിയായി പ്രശാന്ത് മുരളിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാൽ ആർക്കും മത്സരിച്ചെത്താൻ സാധിക്കാത്ത തരത്തിൽ ഉർവശിയും പാർവതിയും മികച്ച കോമ്പിനേഷൻ നിർമ്മച്ചെടുക്കുകയായിരുന്നു. ഒരു പടി മുകളിൽ ഉർവശി നിൽക്കുന്നതായി തന്നെയാണ് നമുക്ക് അനുഭവപ്പെടുക. സിനിമ ആദ്യം മുതൽ അവസാനംവരെ ആളുകളുടെ പ്രവചനങ്ങളെ തെറ്റിക്കാതെ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കിലും ചില ചെറിയ മാനറിസങ്ങളിൽ ഉർവശി കാണിക്കുന്ന ചില അത്ഭുതങ്ങൾ സിനിമയിൽ കാത്തിരിപ്പുണ്ട്. സ്വന്തം മരുമകൾക്ക് മറ്റൊരു പ്രണയമുണ്ടോ എന്ന് സംശയിക്കുന്നതും, അത് തെറ്റിദ്ധാരണയാണെന്ന് തോന്നുന്നതും, പിന്നീട് വീണ്ടും അതുറപ്പിക്കുന്നതുമെല്ലാം സംഭാഷണങ്ങളൊന്നുമില്ലാതെതന്നെ ഉർവശിയുടെ മുഖത്ത് കാണാനാകും.

മഴയെ കൂസാതെയാണ് സിനിമ പോകുന്നതെന്ന് പറഞ്ഞല്ലോ, അത് കുട്ടനാട്ടിലെ ഓരോ വീടുകളിലെയും സ്വഭാവികമായ അവസ്ഥയാണ്. അത് അങ്ങനെ സ്‌ക്രീനിൽ അവതരിപ്പിക്കാനും അത് പ്രേക്ഷകര്‍ക്ക് തോന്നിക്കാനും ചെറിയ മിടുക്കൊന്നും പോര

മഴയെ കൂസാതെയാണ് സിനിമ പോകുന്നതെന്ന് പറഞ്ഞല്ലോ, അത് കുട്ടനാട്ടിലെ ഓരോ വീടുകളിലെയും സ്വഭാവികമായ അവസ്ഥയാണ്. അത് അങ്ങനെ സ്‌ക്രീനിൽ അവതരിപ്പിക്കാനും അത് പ്രേക്ഷകര്‍ക്ക് തോന്നിക്കാനും ചെറിയ മിടുക്കൊന്നും പോര. അത് അക്ഷാരാർത്ഥത്തിൽ സാധ്യമാക്കിയത് സിനിമയുടെ ക്യാമറമാൻ ഷെഹനാദ് ജലാൽ ആണ്.

വെള്ളപ്പൊക്കവും പേമാരിയും എല്ലാം അതിഭീകരമായി കാണിക്കുന്ന ക്യാമറ ആംഗിളുകൾ നമ്മള് പലപ്പോഴായി ബിഗ് സ്ക്രീനിൽ കണ്ടിട്ടുള്ളതാണ്. മഴയൊരു പ്രശ്നമല്ലെന്ന് കാണിക്കുന്ന ഫ്രെയ്മുകൾ അതീവ സാമർഥ്യത്തോടെ വെക്കാൻ ഷെഹനാദ് ജലാലിന് സാധിച്ചു. ഉരവശിയും പാർവതിയും തമ്മിൽ തർക്കത്തിലാവുന്ന, വൈകാരികമാകുന്ന നിരവധി സീനുകളിൽ അവരുടെ മുട്ടറ്റംവരെ വെള്ളമുണ്ടായിരുന്നു.

ഒടുവിൽ ശവമടക്കിന്റെ സമയത്ത് തോമസുകുട്ടിയുടെ മൃതദേഹത്തിന്റെ അരികിൽ പോയി ഇങ്ങനെ പറയും, “ഞാൻ പൊറുത്തു എന്നോടും പൊറുത്തേക്ക്..” ഞാൻ പൊറുത്തു എന്നാണ് അഞ്ജു ആദ്യം പറയുന്നത്. അതു മാത്രമല്ല, എന്നോട് പൊറുക്കണമെന്നല്ല എന്നോടും പൊറുത്തേക്ക് എന്നാണ് പറയുന്നത്. ഇനി പൊറുതില്ലെങ്കിലും തനിക്ക് ഒന്നുമില്ലെന്ന് ആ വാചകങ്ങളിലുണ്ട്. സിനിമയുടെ അവസാനത്തിൽ ജീവിതകാലം മുഴുവൻ പുരുഷന്മാർ നിയന്ത്രിക്കുന്ന ഒരു സംവിധാനാത്തോട് പോരടിച്ച രണ്ടു സ്ത്രീകൾ ഒരുമിച്ചൊരു വള്ളത്തിൽ കയറുന്നിടത്ത് നമ്മള് പ്രതീക്ഷിക്കുന്നതിനുമപ്പുറം സിനിമ ചെന്ന് നിൽക്കുന്നു.

Review | സ്ത്രീ ശരികളുടെ 'ഉള്ളൊഴുക്ക്'
കറുപ്പിലും വെളുപ്പിലും സത്യൻ; അനശ്വര നടന്റെ ജീവിതം പറഞ്ഞ് നോവൽ 'സത്യം'

മലയാള സിനിമയിലെ സ്ത്രീകളെവിടെ എന്ന ചോദ്യത്തിന് മാത്രമല്ല, മലയാളികളായ മുഴുവൻ സ്ത്രീകളുമെവിടെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ സിനിമ എന്ന് വേണമെങ്കിൽ പറയാം. പാർവതി ചെയ്ത കഥാപാത്രം നടത്തുന്ന പോരാട്ടം ഓരോ സ്ത്രീകളുടെയും ജീവിതത്തെ കൂടി അടയാളപ്പെടുത്തുന്നതാണ്. തന്റെ മകനെ ചതിച്ച് മറ്റൊരു പുരുഷനെ സ്നേഹിച്ചവളാണ് ലീലാമ്മയെ സംബന്ധിച്ച് അഞ്ജു. അവർക്കവളോട് അത്രയും ദേഷ്യവുമുണ്ട്. എന്നാൽ അതേസമയം ‘എനിക്ക് നിന്നെ മനസിലാകും’ എന്ന് പറയുന്ന ലീലാമ്മയെയും കാണാം. അത്തരം സന്ദർഭങ്ങളിലാണ് ഈ സിനിമ രണ്ടു സ്ത്രീകൾക്കിടയിലെ ബന്ധങ്ങളുടെ അടരുകൾ കണ്ടെത്തുന്നത്.

logo
The Fourth
www.thefourthnews.in