ദക്ഷിണേന്ത്യൻ പോര്; കളക്ഷൻ റെക്കോഡ് തിരുത്താൻ  അഞ്ച് പാൻ ഇന്ത്യൻ സിനിമകൾ

ദക്ഷിണേന്ത്യൻ പോര്; കളക്ഷൻ റെക്കോഡ് തിരുത്താൻ അഞ്ച് പാൻ ഇന്ത്യൻ സിനിമകൾ

ഈ വർഷം പ്രേക്ഷകരെ കാത്തിരിക്കുന്നത് ബി​ഗ് ബജറ്റിലൊരുങ്ങുന്ന താരസിനിമകൾ

'കൽക്കി 2898 എഡി'യുടെ റെക്കോഡ് കളക്ഷൻ മറികടക്കുമോ വരാനിരിക്കുന്ന പാൻ ഇന്ത്യൻ സിനിമകൾ! വീണ്ടുമൊരു ദക്ഷിണേന്ത്യൻ ബോക്സോഫീസ് പോരാട്ടത്തിന് തയ്യാറെടുക്കുന്നത് 5 സിനിമകൾ. അറിയാം വരും പാൻ ഇന്ത്യൻ റിലീസുകൾ.

'പുഷ്പ 2: ദ റൂളി'ൽ ബൻവർ സിങ്ങും പുഷ്പരാജും വീണ്ടും നേർക്കുനേർ

അല്ലു അർജുനെ മികച്ച ന‌ടനുളള ദേശീയ അവാർഡിന് അർഹനാക്കിയ 'പുഷ്പ: ദ റെയ്സി'ന്റെ രണ്ടാം ഭാ​ഗമാണ് വരാനിരിക്കുന്ന മറ്റൊരു ബി​ഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'പുഷ്പ: 2 ദ റൂൾ'. 2021 ലാണ് 'പുഷ്പ ദ് റൈസ്' തിയറ്ററുകളിലെത്തിയത്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ വീണ്ടും ഒന്നിക്കുന്ന രണ്ടാം ഭാ​ഗത്തിന്റേതായി ഇറങ്ങിയ പാട്ടുകൾക്ക് ഇതിനോടകം പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. ചിത്രീകരണവും തുടർന്നുള്ള പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും വൈകിയതിനാൽ ആദ്യം നിശ്ചയിച്ചിരുന്ന റിലീസ് തീയതിയിൽ മാറ്റം വരുത്തിയതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഓഗസ്റ്റ് 15 ന് പകരം ഡിസംബർ ആറിനാവും ചിത്രം തീയറ്ററുകളിലെത്തുക. സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ 2: ദ റൂൾ' സുകുമാർ റൈറ്റിംഗ്‌സിൻ്റെ സഹകരണത്തോടെ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

'ടോക്സിക്' സ്റ്റോറി പറയാൻ ​ഗീതുവും യഷും

കെജിഎഫിലൂടെ ആ​ഗോളതലത്തിൽ പ്രേക്ഷക പ്രിയം നേടിയെടുത്ത പാൻ ഇന്ത്യൻ താരം യഷും, 'ലയേഴ്‌സ് ഡൈസ്', 'മൂത്തോൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന 'ടോക്സിക്' ആണ് കാത്തിരിക്കുന്ന ബജറ്റ് സിനിമകളിൽ പ്രധാനം. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് പല്ലവി, നവാസുദ്ദീൻ സിദ്ദിഖി, സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. യഷിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിൽ നടി കരീന കപൂറും ചിത്രത്തിന്റെ ഭാ​ഗമാകുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നേരത്തേ കരാർ ചെയ്തിരുന്ന സിനിമകളുടെ ഡേറ്റുകളും 'ടോക്‌സിക്കി'ന്റെ ഷെഡ്യൂളും ഒരേ സമയം വന്നതിനാൽ ചിത്രത്തിൽ നിന്ന് താരം പിൻമാറിയതായാണ് ഏറ്റവും ഒടുവിലായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ൽ പ്രഖ്യാപിച്ച ചിത്രം 2025 ഏപ്രിലിൽ തീയറ്ററുകളിലെത്തും.

ജൂനിയർ എൻടിആറിന്റെ 30-ാം വരവിൽ 'ദേവര പാർട്ട്‌ 1'

വലിയ ബജറ്റിൽ ഒരുങ്ങുന്ന 'ദേവര പാർട്ട്‌ 1' 2024 ഒക്ടോബർ 10-ന് റിലീസാവും. ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക. സെപ്റ്റംബർ 27 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരെയ്ൻ, കലൈയരസൻ, മുരളി ശർമ്മ തുടങ്ങിയവർ മറ്റ് വേഷങ്ങളിലെത്തും. ജൂനിയർ എൻടിആറിൻറെ കരിയറിലെ 30-ാം ചിത്രമായ ദേവരയുടെ പ്രഖ്യാപനം 2021 ഏപ്രിലിൽ ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദിന് പുറമെ ഗോവയിലും ചിത്രത്തിന് ഷെഡ്യൂൾ ഉണ്ടായിരുന്നു. പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സേനാപതിയുടെ രണ്ടാം വരവിൽ ആവേശമാകാൻ 'ഇന്ത്യൻ 2'

ശങ്കർ - കമൽ ഹാസൻ കൂട്ടുക്കെട്ടിൽ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുന്ന 'ഇന്ത്യൻ 2' ആണ് വരാനിരിക്കുന്ന മറ്റൊരു പാൻ ഇന്ത്യൻ ചിത്രം. ജൂലൈ 12 ന് തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം 1996 ൽ പുറത്തിറങ്ങിയ 'ഇന്ത്യന്റെ' തുടർച്ചയാണ്. ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തിന്റെയും ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. സേനാപതിയായി കമൽ ഹാസനെത്തുമ്പേൾ കാജൽ അഗർവാളാണ് നായിക. രവി വർമ്മയാണ് ഛായാഗ്രാഹണം. നടൻ സിദ്ധാർഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, ബോബി സിൻഹ, ജയപ്രകാശ്, ജഗൻ, ഡെൽഹി ഗണേഷ്, വിവേക്, സാക്കിർ ഹുസൈൻ, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

വീണ്ടുമൊരു ടൈം ട്രാവലുമായി സൂര്യയുടെ 'കങ്കുവ'

300 കോടി ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ' ഒക്ടോബർ 10 നാണ് പ്രേക്ഷകരിലേക്കെത്തുക. ബോബി ഡിയോൾ, ദിഷ പഠാനി, ജ​ഗപതി ബാബു, യോ​ഗി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സിനിമയിൽ ഒന്നിലേറെ ഗെറ്റപ്പുകളിൽ സൂര്യ എത്തും എന്നാണ് സൂചന. ടൈം ട്രാവലിലൂടെ കഥ പറയുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് 'കങ്കുവ'. 'അനിമൽ' സിനിമയിലെ വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാവും 'കങ്കുവ'.

logo
The Fourth
www.thefourthnews.in