നായകളുടെ കഥ പറയുന്ന വാലാട്ടിയുടെ ട്രെയ്‌ലര്‍ പുറത്ത്
നായകളുടെ പ്രണയവും അവയ്ക്ക് മനുഷ്യരുമായുള്ള ആത്മ ബന്ധവും പ്രമേയമാകുന്ന ഏറ്റവും പുതിയ ചിത്രം 'വാലാട്ടി'യുടെ ട്രെയിലർ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തില്‍ ടോമി- അമാലു എന്നീ നായകളാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത് . ഇവയ്ക്ക് പുറമേ മറ്റനവധി നായകളും ചിത്രത്തിലെത്തുന്നുണ്ട്.
പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ചിത്രത്തിനു സാധിക്കുമെന്ന പ്രതീക്ഷയാണ് ട്രെയിലർ പങ്കു വയ്ക്കുന്നത്. ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ, രഞ്ജിനി ഹരിദാസ്, നസ്ലൻ, സണ്ണി വെയ്ൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ നായകള്‍ക്ക് ശബ്ദം നൽകിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും.
നമ്മുടെ വളർത്തുമൃഗങ്ങൾക്ക് സംസാരിക്കാനായാലോ? വാലാട്ടിയുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യുന്നതിൽ സന്തോഷവും ആവേശവും. മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം', എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് വിജയ് ബാബു കുറിച്ചിരുന്നത്.
വാലാട്ടി-ടെയിൽ ഓഫ് ടെയിൽ' എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ദേവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ,സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.