വയലാർ മൂളിനടന്ന "തമ്പിഗാന"ത്തിന്റെ കഥ
വയലാർ രാമവർമ്മ വീട്ടിൽ മൂളിനടന്നിരുന്ന പാട്ട് ഏതായിരുന്നു? അത് സ്വന്തം രചനയായിരുന്നില്ല, ശ്രീകുമാരൻ തമ്പിയുടെ "ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും" എന്ന പാട്ടായിരുന്നു എന്ന് അടുത്തിടെ "വനിത"യിലെ ഒരഭിമുഖത്തിൽ വയലാർ ശരത് പറഞ്ഞുകേട്ടപ്പോൾ കൗതുകം തോന്നി.
ഓർമ്മവന്നത് ഗന്ധർവഗായകൻ മുഹമ്മദ് റഫിയുടെ വാക്കുകളാണ്: "നിങ്ങൾ എന്റെ പാട്ടുകൾ കേൾക്കുന്നു; ഞാൻ മന്നാഡേയുടെ പാട്ടുകളും." സംഗീത ജീവിതത്തിൽ നിന്ന് ലഭിച്ച എണ്ണമറ്റ പുരസ്കാരങ്ങളത്രയും ഇഷ്ടഗായകന്റെ ഈ ഒരൊറ്റ തുറന്നുപറച്ചിലിന് വേണ്ടി കൈമാറാൻ ഒരുക്കമാണ് താനെന്ന് പറഞ്ഞിട്ടുണ്ട് മന്നാഡേ. രണ്ടു മഹാഗായകരുടെ ഹൃദയബന്ധത്തിന്റെ നേർസാക്ഷ്യം.
അത്ഭുതകരമായി തോന്നിയിരിക്കണം ശ്രീകുമാരൻ തമ്പിക്ക് വയലാറിന്റെ മകന്റെ വെളിപ്പെടുത്തൽ; ആഹ്ളാദപ്രദവും. അമ്പത്തഞ്ചു വർഷം മുൻപ് പുറത്തുവന്ന "കടൽ" എന്ന സിനിമക്ക് വേണ്ടി താരതമ്യേന പുതുക്കക്കാരനായ തമ്പി ആ പാട്ടെഴുതുമ്പോൾ ആരോഗ്യകരമായ ഒരു "മത്സര"ത്തിന്റെ അലയൊലികളുണ്ടായിരുന്നു അന്തരീക്ഷത്തിൽ. കറകളഞ്ഞ കലാപ്രേമിയ്ക്കൊപ്പം കൂർമ്മബുദ്ധിയായ ഒരു കച്ചവടക്കാരനെക്കൂടി എന്നും ഉള്ളിൽ കൊണ്ടുനടന്ന പി സുബ്രഹ്മണ്യം ആഗ്രഹിച്ചതും അതു തന്നെയാവണം. അസാമാന്യ പ്രതിഭകളായ മൂന്ന് ഗാനരചയിതാക്കളെ ഒരേ സമയം മൂന്ന് വ്യത്യസ്ത പടങ്ങൾക്ക് പാട്ടെഴുതാനുള്ള ചുമതല ഏൽപ്പിക്കുമ്പോൾ സുബ്രഹ്മണ്യത്തിന്റെ ചുണ്ടിലൂറിയിരിക്കാവുന്ന കുസൃതിച്ചിരി ഊഹിക്കാനാകും എനിക്ക്. അറിഞ്ഞോ അറിയാതെയോ ഒരു പന്തയത്തിന്റെ ഭാഗമാകുകയായിരുന്നു മൂന്ന് പേരും.
കാലാതീതമായ ഒരു ജീവിത സത്യം അങ്ങേയറ്റം ലളിതമായി ചിമിഴിലെന്നോണം ഒതുക്കിവെച്ചിരിക്കുകയല്ലേ കവി ആ പാട്ടിന്റെ പല്ലവിയിൽ?
സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ "മലയാളസിനിമയിലെ ഭീഷ്മാചാര്യർ" എന്ന പുസ്തകത്തിൽ ശ്രീകുമാരൻ തമ്പി ഓർത്തെടുക്കുന്നതിങ്ങനെ: "ഞാൻ മൂന്ന് പടങ്ങളുടെ പാട്ടുകൾ ഒരുമിച്ചു റെക്കോർഡ് ചെയ്യാൻ പോകുന്നു. ഒരു പടത്തിന് വയലാറും ഒന്നിന് ഒ എൻ വിയും മൂന്നാമത്തേതിന് തമ്പിയും പാട്ടുകളെഴുതും." സുബ്രഹ്മണ്യം വാക്കു പാലിച്ചു. ഹോട്ടൽ ഹൈറേഞ്ച് എന്ന പടത്തിന് വയലാറും അധ്യാപികക്ക് ഒ എൻ വിയും കടൽ എന്ന ചിത്രത്തിന് തമ്പിയും ഗാനങ്ങളെഴുതി. സുബ്രഹ്മണ്യം നിർമ്മിച്ച ഈ മൂന്ന് പടങ്ങളിലെയും പാട്ടുകൾ ഒരുമിച്ചാണ് പിറന്നുവീണതും റെക്കോർഡ് ചെയ്യപ്പെട്ടതും.
സംഗീത സംവിധായകരുടെ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു വൈവിധ്യം. ഹൈറേഞ്ചിന് ദേവരാജനും അധ്യാപികക്ക് ദക്ഷിണാമൂർത്തിയും ഈണങ്ങൾ ഒരുക്കിയപ്പോൾ "കടലി"ന്റെ ഗാനസൃഷ്ടിയിൽ തമ്പിക്ക് കൂട്ടായത് എം ബി ശ്രീനിവാസൻ. മൂന്ന് കൂട്ടുകെട്ടുകളും മത്സരബുദ്ധ്യാ സൃഷ്ടിച്ച ഗാനങ്ങൾ ഒന്നും മോശമായിരുന്നില്ല. അജ്ഞാത ഗായകാ, ഗംഗാ യമുനാ, സ്നേഹസ്വരൂപിണി, പണ്ടൊരു ശില്പി എന്നീ ഗാനങ്ങൾ വയലാർ - ദേവരാജന്മാരുടെ വക. പള്ളിമണികളേ, സ്വപ്നസുന്ദരീ, അഗ്നികിരീടമണിഞ്ഞവളേ എന്നിവ ഒ എൻ വി- സ്വാമി സഖ്യത്തിന്റെ. പരിചയസമ്പന്നരായ ഈ കൊലകൊമ്പന്മാരുടെ സൃഷ്ടികളോട് തോളുരുമ്മി നിന്നു, തമ്പി - എം ബി എസ് ടീമിന്റെ "ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ."
എസ് ജാനകി ഹൃദയം നൽകി പാടിയ ഈ ഗാനത്തിന് പുതുതലമുറയിൽ പോലുമുണ്ട് ആരാധകർ. കാലാതീതമായ ഒരു ജീവിത സത്യം അങ്ങേയറ്റം ലളിതമായി ചിമിഴിലെന്നോണം ഒതുക്കിവെച്ചിരിക്കുകയല്ലേ കവി ആ പാട്ടിന്റെ പല്ലവിയിൽ? പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശ്രുത അമേരിക്കൻ കവയിത്രി എല വീലർ വിൽകോക്സിന്റെ "സോളിറ്റ്യൂഡ്" എന്ന കവിതയുടെ തുടക്കം ഓർമ്മപ്പെടുത്തുന്നു ആ വരികൾ. സന്ദിഗ്ധ ഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വ്യഥകളെ കുറിച്ചാണ് വിൽകോക്സിന്റെ രചന.
കുടുംബജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ഒരു ഭാര്യയുടെ ആത്മഗീതമായാണ് തമ്പി - എം ബി എസ് സഖ്യത്തിന്റെ പാട്ട് സിനിമയിൽ വരുന്നത്. പാട്ടിനൊത്ത് ചുണ്ടനക്കുനത് ശാരദ."കരഞ്ഞു കരഞ്ഞു കരൾ തളർന്നു ഞാനുറങ്ങുമ്പോൾ കഥ പറഞ്ഞുറക്കിയ കരിങ്കടലേ, കനിവാർന്നു നീ തന്ന കനകതാംബാളത്തിൽ കണ്ണുനീർ ചിപ്പികളോ നിറച്ചിരുന്നു..." ഇന്നും ഇടനെഞ്ചിൽ ഒരു വിങ്ങലോടെയല്ലാതെ കേട്ടു തീർക്കാനാവാത്ത വരികൾ. ജാനകിയമ്മയുടെ വിഷാദമധുരമായ ആലാപനത്തിന് നന്ദി.
"കടൽ" എന്ന ശരാശരിച്ചിത്രം ഇന്ന് ഓർക്കപ്പെടുന്നത് പോലും "ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും" എന്ന ഒരൊറ്റ പാട്ടിന്റെ പേരിലാവണം. "കടലില്‍ മീന്‍ പെരുകുമ്പോള്‍ കരയില്‍ വന്നടിയുമ്പോള്‍ കഴുകനും കാക്കകളും പറന്നു വരും, കടല്‍ത്തീരമൊഴിയുമ്പോള്‍ വലയെല്ലാമുണങ്ങുമ്പോള്‍ അവയെല്ലാം പലവഴി പിരിഞ്ഞുപോകും... " അഞ്ചരപ്പതിറ്റാണ്ടിനിപ്പുറവും നോവായി മനസ്സിലുണ്ട് ആ വരികൾ