'ഭാവിയിലേക്ക് സ്വാഗതം' ദളപതി 68 സയന്‍സ് ഫിക്ഷനോ?; സംവിധായകന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു
ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താര മൂല്യമുള്ള നടനാണ് വിജയ്. വന്‍വിജയങ്ങള്‍ സൃഷ്ടിക്കുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട്. വിജയ് നായകനാകുന്നുവെന്ന് പ്രഖ്യാപനം വരുന്നതോടെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് പുതിയ സിനിമ വഴി തെളിയിക്കുക. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് വിജയ് ആരാധകര്‍, അതിനു പിന്നാലെയാണ് വെങ്കിട് പ്രഭുവിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്നുവെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. 'ദളപതി 68' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വെങ്കിട് പ്രഭു പങ്കു വച്ച എക്‌സ് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്കാധാരമായത്. അമേരിക്കയിൽ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
കമൽഹാസന്റെ 'ഇന്ത്യൻ 2' ന് ഉപയോഗിച്ച സാങ്കേതിക വിദ്യ മനസിലാക്കാനായാണ് സംവിധായകനും വിജയും യുഎസിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഭാവിയിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് വെങ്കിട് പ്രഭു സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ഇട്ടത്. ഒരു ഉപകരണം നോക്കി നില്‍ക്കുന്ന വിജയും, മറ്റൊന്ന് ത്രിഡി സ്‌കാനിംഗിന് വിധേയനാകുന്ന വിജയുമാണ് ചിത്രത്തിലുള്ളത്. ചിത്രം പുറത്തു വന്നതോടെ പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലിയോക്ക് ശേഷം വിജയ് എത്തുന്ന ദളപതി 68 ഒരു സയന്‍സ് ഫിക്ഷനാണോ എന്നാണ് ആരാധകരുടെ സംശയം. വിജയ്നെ ഒരു കൂട്ടം അന്യഗ്രഹ ജീവികള്‍ കൊണ്ടുപോയാലും അദ്ദേഹം മാസ് കാണിക്കുമെന്ന് സംവിധായകന്‍ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇനി അത്തരത്തിലുള്ള കഥയാണോ ഇതെന്നാണ് ആരാധകരുടെ സംശയം.
അതേ സമയം വിജയ് യുടെ നായികയായി ആരെത്തുമെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. നായികയായി സാമന്ത, കീര്‍ത്തി സുരേഷ് , നയന്‍താര എന്നിവര്‍ ചിത്രത്തിലുണ്ടാകില്ലെന്ന് വെങ്കട് പ്രഭു സ്ഥിരീകരിച്ചിരുന്നു. സാമന്തയും കീര്‍ത്തിയും നയന്‍താരയും വിജയ് ചിത്രങ്ങളില്‍ ഒന്നിലധികം തവണ അഭിനയിച്ചിട്ടുള്ളതിനാലാണ് ഇക്കുറി അവര്‍ വേണ്ട എന്ന് തീരുമാനിച്ചതെന്നാണ് സംവിധായകന്റെ വിശദീകരണം. അതേ സമയം ജ്യോതികയായിരിക്കും നായികയാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ലിയോയാണ് വിജയ്‌യുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത മാസം റിലീസാകാന്‍ ഇരിക്കുകയാണ്.