തമിഴ്നാടിന്റെ ഭാവി വിദ്യാർത്ഥികളിൽ; വിജയ് അസുരനിലെ ഡയലോഗ് പറഞ്ഞതിൽ സന്തോഷം: പ്രതികരിച്ച് വെട്രിമാരൻ
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാൻ വിജയ്, ധനുഷ് ചിത്രം അസുരനിലെ ഡയലോഗ് പൊതുവേദിയിൽ പറഞ്ഞതിൽ സന്തോഷം പങ്കുവച്ച് സംവിധായകൻ വെട്രിമാരൻ. ആ സിനിമയും സന്ദേശവും പ്രേക്ഷകരിൽ ഒരു പോസിറ്റീവായി എത്തിക്കുന്നതിൽ സന്തോഷമുണ്ട്. തന്റെ സിനിമയിലെ ഏറ്റവും ശക്തമായ ഒരു ഡയലോഗ് വിജയ് യെ പോലെ ഒരാൾ പരാമർശിക്കുന്നു എന്നത് തികച്ചും അഭിമാനകരമാണ്. തമിഴ്നാടിന്റെ ഭാവി വിദ്യാർത്ഥികളിലാണെന്നതിൽ സംശയമില്ലെന്നും വെട്രിമാരൻ പറഞ്ഞു
എസ്എസ്സി, എച്ച്എസ്സി എന്നീ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെയാണ് വിജയ് അസുരനിലെ ഡയലോഗ് പറഞ്ഞത്. "കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കക്കിട്ടൈ നിന്ന് എടുത്തിക്കുവേ മുടിയാത്" വെട്രിമാരൻ ചിത്രത്തിലെ ധനുഷിന്റെ ഡയലോഗ് വിജയ് പറഞ്ഞപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാർത്ഥികൾ കേട്ടത് .
ഒരു വ്യക്തിയിൽ നിന്ന് ആർക്കും മോഷ്ടിക്കാൻ കഴിയാത്ത ആയുധമാണ് വിദ്യാഭ്യാസമെന്നാണ് ഡയലോഗ് അർത്ഥമാക്കുന്നത്. പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതിന് കാരണം ഈ ഡയലോഗ് തന്നെയാണെന്നും താരം പറഞ്ഞിരുന്നു. വിജയ് യുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കമാണ് പരിപാടി സംഘടിപ്പിച്ചത്. 800 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിടുതലൈ 2' ന്റെ ചിത്രീകരണത്തിലാണ് വെട്രിമാരൻ ഇപ്പോൾ. സൂര്യയ്ക്കൊപ്പം 'വടിവാസൽ' ആണ് അടുത്ത് പ്രോജക്റ്റ്. ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ ചിത്രീകരണത്തിലാണ് നിലവിൽ വിജയ്. ചിത്രം ഒക്ടോബർ 19ന് തീയേറ്ററുകളിലെത്തും. സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമാണ് വിജയ് യുടെ അടുത്ത ചിത്രം