വിജയ്‌ക്കൊപ്പമുള്ള സിനിമ ഉടനുണ്ടാകുമോ? പ്രതികരിച്ച് വെട്രിമാരൻ
വിജയ് -വെട്രിമാരൻ ചിത്രമുണ്ടാകുമോ ? ഏറെ കാലമായി ആരാധകർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് സംവിധായകൻ വെട്രിമാരൻ. ദളപതിക്കൊപ്പം ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഏറെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് തുറന്നുപറയുകയാണ് വെട്രിമാരൻ. സിനിമ ചെയ്യാൻ വിജയ് തയാറാണെന്നും നിലവിലെ സിനിമകൾ പൂർത്തിയായി കഴിഞ്ഞാൽ വിജയ് ക്കൊപ്പമുള്ള സിനിമ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെട്രിമാരൻ പറയുന്നു
തമിഴ്‌നാട് മൂവി ജേണലിസ്റ്റ് അസോസിയേഷൻ അംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് വളരെക്കാലമായി ചർച്ച ചെയ്യുന്നു. വിജയ് സാർ തയ്യാറാണ്. ഇപ്പോഴത്തെ കമ്മിറ്റ്മെന്റ്റുകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, തീർച്ചയായും ദളപതിയോട് കഥകൾ പറയും. അദ്ദേഹത്തിന് കഥ ഇഷ്ടമായാൽ സിനിമയുമായി മുന്നോട്ട് പോകും. തീർച്ചയായും ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യുമെന്നാണ് വെട്രിമാരന്റെ വാക്കുകൾ
ധനുഷ് നായകനായെത്തിയ അസുരനിലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു ഡയലോഗ് അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ പ്രസംഗത്തിനിടെ വിജയ് പറഞ്ഞിരുന്നു. വിജയ് യുടെ പ്രസംഗം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിജയ് ക്കൊപ്പമുള്ള സിനിമയുമായി ബന്ധപ്പെട്ട് വെട്രിമാരൻ പ്രതികരിക്കുന്നത്
ആരാധാകർ ഏറെ കാത്തിരിക്കുന്ന വട ചെന്നൈയുടെ തുടർഭാഗം ഉണ്ടാകുമെന്നും വെട്രിമാരൻ പറഞ്ഞു. നിലവിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയ ശേഷം മുഴുവൻ ശ്രദ്ധയും അതിനായിമാറ്റി വയ്ക്കാൻ കഴിഞ്ഞാൽ, സിനിമയുടെ ജോലികൾ പുനരാരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. വിടുതലൈയുടെ രണ്ടാം രണ്ടാം ഭാഗം റിലീസ് ആയതിനു ശേഷം സൂര്യയെ നായകനായെത്തുന്ന വാടിവാസൽ ആരംഭിക്കുമെന്നും വെട്രിമാരൻ പ്രതികരിച്ചു
അസുരൻ ചെയ്യുന്ന സമയത്ത് തന്നെ സൂരിയെ നായകനാക്കി സിനിമ ചെയ്യുന്നതിനുളള ചർച്ചകൾ നടന്നിരുന്നു. ഇതിനായി രണ്ട് തിരക്കഥകൾ തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും രണ്ടും ആഗ്രഹിച്ചതു പോലെ ആയില്ലെന്നും അങ്ങനെയാണ് വിടുതലൈ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സൂരിയെ നായകനാക്കി വെട്രിമാരന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ വിടുതലൈ തീയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അതേസമയം, സൂര്യയെ നായകനാക്കി ഒരുങ്ങുന്ന വാടിവാസലിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും വെട്രിമാരൻ സൂചിപ്പിച്ചു. ചിത്രത്തിനായി ലണ്ടനിൽ അനിമട്രോണിക്‌സ് വഴി കാളയുടെ ഒരു റോബോട്ട് നിർമ്മിച്ചു വരികയാണ്. സൂര്യ വളർത്തുന്ന കാളയെ സ്കാൻ ചെയ്ത് അതേ രൂപത്തിലാണ് റോബോട്ടിനെ നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.