ജയിലറും ജയ് ഭീമുമല്ല; 'വേട്ടൈയന്‍' മാസ് ഏൽക്കാത്ത രജനിപ്പടം
തലൈവർ രജനികാന്തിനെ ഉപയോഗിച്ച് ഏറെ സാമൂഹിക പ്രസക്തിയുളള ഒരു വിഷയം അവതരിപ്പിക്കുകയെന്നതാണ് വേട്ടൈയനിലൂടെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ലക്ഷ്യമിട്ടത്. പക്ഷേ മാസും പൊളിറ്റിക്സും കലർത്താനുളള ശ്രമത്തിൽ നേരിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ജയ് ഭീമുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരിയിലും താഴെയെന്ന് പറയാനാവുന്ന തിരക്കഥയാണ് വേട്ടൈയന്റേത്.
അനിരുദ്ധിന്റെ ‘ഹണ്ടർ’ ബിജിഎം ഗംഭീരമായിരുന്നിട്ടും സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ വേട്ടൈയൻ സ്റ്റൈൽ ഗിമ്മിക്കുകൾ ചേർത്തിട്ടും സ്ലോ മോഷൻ പലരീതിയിൽ പരീക്ഷിച്ചിട്ടും ചില മാസ് രംഗങ്ങൾക്ക് മാസ് അപ്പീൽ നൽകാൻ ഞ്ജാനവേലിന് കഴിഞ്ഞിട്ടില്ല. തലൈവർക്കുവേണ്ടി പ്രത്യേകം തിരക്കഥയിൽ കൂട്ടിച്ചേർത്ത രംഗങ്ങളാണോയെന്ന് സംശയം തോന്നും വിധമാണ് പല മാസ് രംഗങ്ങളും പ്രത്യക്ഷത്തിൽ അനുഭവപ്പെട്ടത്.
വരാനിരിക്കുന്ന ഓരോ സന്ദർഭവും പ്രേക്ഷകനു മുൻകൂട്ടി കാണാനാവുന്നുവെന്നതാണ് പ്രധാന വീഴ്ച. പണ്ടുകാലം മുതൽ തമിഴ്, തെലുങ്ക് സിനിമകളിൽ കണ്ടുവന്നിരുന്ന മാതൃകയിലുളള കോർപ്പറേറ്റ് വില്ലൻ ക്യാരക്ടർ ആവർത്തിച്ചപ്പോൾ റാണ ദഗ്ഗുബട്ടിക്ക് ലഭിച്ചത് ഒരു തരത്തിലുളള ഇംപാക്റ്റും തരാനാവാത്ത വില്ലൻ വേഷം. ഈ കാരണങ്ങൾ കൊണ്ടെല്ലാ, ജയിലർ പോലെ മുഴുനീള മാസ് എന്റർടെയ്നർ ആവാൻ വേട്ടൈയന് സാധിക്കുന്നില്ല.
ലോകേഷ്, നെൽസൺ സിനിമകൾ പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഫലത്തിൽ അത്തരം സിനിമകളുടെ തന്നെ റേഞ്ച് കുറഞ്ഞ പ്രതിഫലനമായിട്ടാണ് വേട്ടൈയനെ തോന്നിയത്. എങ്കിലും സിനിമ പറയുന്ന രാഷ്ട്രീയം, സമൂഹത്തിന്റെ നടപ്പുരീതിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പോലീസ് എൻകൗണ്ടർ ന്യായീകരിക്കാമോ? സമൂഹത്തിൽ ആരോരുമില്ലാത്ത താഴേത്തട്ടിലുളളവർ മാത്രമല്ലേ എക്കാലത്തും എൻകൗണ്ടറുകൾ കൊലകൾക്ക് ഇരകളായിട്ടുളളത്? ഒരാളുടെ നിറവും കുലവും അയാളുടെ ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും അളവുകോലാവുന്നത് എങ്ങനെയാണ്? ഇത്തരം ചോദ്യങ്ങൾ സമൂഹത്തിന് മുന്നിൽ വെക്കേണ്ടത് അനിവാര്യമാണ് എന്നതിൽ തർക്കമില്ല. അതിനായി തമിഴ് മക്കൾക്കിടയിൽ ഏറ്റവും സ്വാധീനമുളള സൂപ്പർ സ്റ്റാറിനെ തന്നെ ഉപയോഗിച്ചുവെന്നതും പ്രശംസ അർഹിക്കുന്നു.
ശരണ്യ എന്ന അധ്യാപികയുടെ കൊലപാതകവും തുടർന്നുളള അന്വേഷണവുമാണ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ അതിയനെന്ന ഐ പി എസ് ഓഫീസറിന്റെ ജീവിതത്തിൽ കാതലായ മാറ്റം കൊണ്ടുവരുന്നത്. തൊഴിലിനോട് ആത്മാർത്ഥതയും കാര്യക്ഷമതയുമുളള അധ്യാപിക ശരണ്യയായി ദുഷാര വിജയൻ എത്തുന്നു. രായനുശേഷം ദുഷാരയ്ക്കു ലഭിക്കുന്ന മികച്ച വേഷമാണ് ശരണ്യ എങ്കിലും അനേകം സിനിമകളിൽ ആവർത്തിച്ചിട്ടുളള കഥാപാത്രമാണ്.
ആദ്യ മണിക്കൂറിൽ തന്നെ 'മനസ്സിലായോ' ഗാനരംഗം വന്ന് പോകുന്നുണ്ട്. പ്രതീക്ഷിച്ച അതേ ഓളം തീയേറ്ററിൽ സൃഷ്ടിക്കാൻ അനിരുദ്ധിന്റെ മാസ്റ്റർപീസിനും മഞ്ജുവിന്റെയും തലൈവരുടെയും നൃത്തച്ചുവടുകൾക്കും ആവുന്നുണ്ട്. തുടർന്നുളള വൈകാരിക രംഗങ്ങളിൽ അതിന് അനുയോജ്യമായ ട്രാക്കുകൾ നൽകാൻ അനിരുദ്ധിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 'മനസ്സിലായോ' തന്ന ആവേശം സിനിമയുടെ തുടർ ഭാഗങ്ങളിൽ നിലനിർത്താനായില്ല.
ഫഹദ് ഫാസിലാണ് ചിത്രത്തിലെ യഥാർത്ഥ എന്റർടെയ്നർ. മറ്റുഭാഷാ സിനിമകളിൽ അതുവരെ കണ്ട ഫഹദിനെ ആവർത്തിച്ചില്ലെന്നതാണ് ഏറ്റവും മികച്ചതായി തോന്നിയത്. ബാറ്ററിയെന്ന പാട്രിക്കിനെ അത്ര അനായാസമായി ഫഫ ചെയ്തെടുത്തു. മലയാളിക്ക് അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും തമാശയുടെ ടൈമിങ്ങിലും ശരീര ഭാഷയിലും ഫഹദിന്റെ പ്രകടനം തമിഴ് ആരാധകരെ അമ്പരപ്പിച്ചേക്കാം. സിനിമയിലെ ആകെയുളള ഒട്ടും പ്രഡിക്ടബിൾ അല്ലാത്ത ഒരു രംഗവും ഫഹദിന്റെ പാട്രിക്കിനെ കേന്ദ്രീകരിച്ചാണ്.
ബച്ചന്റെ റിട്ടയേഡ് ജഡ്ജി പ്രമേയത്തിൽ ഏറെ പ്രാധാന്യമുളള വേഷമെങ്കിലും ബിഗ് ബി - തലൈവർ ഒന്നിക്കുന്ന രംഗങ്ങൾ ഒരുവിധ ആവേശവും ജനിപ്പിക്കാതെ ഫ്ലാറ്റായി നിൽക്കുന്നു. ബോൾഡെന്ന് പറഞ്ഞുവെക്കുമ്പോഴും ഇത്രയുമാണോ ചെയ്യാനുളളുവെന്ന് തോന്നിപ്പോയി മഞ്ജുവിന്റെ താര എന്ന നായികവേഷം. സാബുമോൻ ചെയ്ത വില്ലൻ വേഷം മട്ടിലും സ്വഭാവത്തിലും നന്നായിരുന്നു.
സംസ്ഥാന പുരസ്കാര ജേതാവ് തന്മയ സോൾ, രമ്യ സുരേഷ്, അലൻസിയർ, അഭിരാമി എന്നിവരാണ് വേട്ടൈയനിലെ മറ്റു മലയാളി താരങ്ങൾ. ജയ് ഭീമിനുശേഷം രജനികാന്തും അമിതാഭ് ബച്ചനും മഞ്ജു വാര്യരും ഫഹദ് ഫാസിലുമെല്ലാം കാസ്റ്റ് ചെയ്യപ്പെട്ട ഒരു ജ്ഞാനവേൽ ചിത്രമെന്ന നിലയിൽ പ്രതീക്ഷിച്ച സിനിമ അനുഭവമല്ല വേട്ടൈയനെങ്കിലും വലിയ നിരാശയില്ലാതെ ഒറ്റത്തവണ കണ്ടിറങ്ങാം.