ആധുനിക ഫെമിനിസത്തോട് വിയോജിപ്പെന്ന് വിദ്യാ ബാലൻ ; 'ഒരു പടി പിന്നിൽ നിൽക്കുന്നതിൽ എന്താണ് തെറ്റ്'?
സ്ത്രീകളെ ഒരു സ്റ്റീരിയോടൈപ് ഇമേജിലേക്ക് പരിമിതപ്പെടുത്തുന്ന ആധുനിക ഫെമിനിസത്തോട് വിയോജിപ്പാണെന്ന് നടി വിദ്യാ ബാലൻ. പരമ്പരാഗത രീതിയില്‍ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ വിമർശിക്കുന്നത് എന്തിനെന്നും വിദ്യാ ബാലൻ ചോദിക്കുന്നു. ചലച്ചിത്ര നിരൂപക മൈഥിലി റാവുവിന്റെ "ദ മില്ലേനിയൽ വുമൺ ഇൻ ബോളിവുഡ് " എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് താരത്തിന്റെ പരാമർശം.
ശക്തയായ ഫെമിനിസ്റ്റായ ഒരു സ്ത്രീ, ഒരു പങ്കാളിയെ കിട്ടാനും, പരമ്പരാഗത ജീവിതരീതികള്‍ ആസ്വദിക്കാനും ഒരു പടി പിന്നോട്ട് പോകാനുമൊക്കെ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? ഓരോ സ്ത്രീയും എങ്ങനെയായിരിക്കണം എന്നതിന് ആധുനിക സ്ത്രീയെ മാതൃയാക്കുന്നത് എന്തുകൊണ്ടാണെന്നും വിദ്യ ബാലൻ ചോദിച്ചു. ആധുനിക സ്ത്രീ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുകയാണ്.
2021-ൽ പുറത്തിറങ്ങിയ തന്റെ ചിത്രമായ ഷേർണിയിലെ വിദ്യ വിൻസെന്റ് എന്ന കഥാപാത്രത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. സ്ത്രീകൾക്ക് എന്തുകൊണ്ടാണ് ഒരു ആധുനിക ഫെമിനിസ്റ്റ് വീക്ഷണത്തിൽ എന്നതിലുപരി അവർ ആഗ്രഹിക്കുന്ന രീതിയിൽ ആകാൻ കഴിയാത്തത് എന്നും നടി ചോദിക്കുന്നു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള സംഭാഷണം അവസാനിപ്പിക്കുന്നത് സമൂഹം സമത്വം കൈവരിച്ചതിന്റെ സൂചനയാണോ എന്ന ചോദ്യത്തിന്, അതിന് വളരെയധികം സമയമെടുക്കുമെന്നും താരം മറുപടി നല്‍കി. നിർഭാഗ്യവശാൽ, ആ നിലയിലേക്ക് സമൂഹം എത്തിയിട്ടില്ല. 50-50 എന്ന ആനുപാതത്തില്‍ ആകുമ്പോൾ, ഈ സംഭാഷണം നമുക്ക് ഉപേക്ഷിക്കാം. പക്ഷേ അതുവരെ, ഇത് വളരെ പ്രധാനമാണ്. അതിനാൽ അത് ഒരു ഘട്ടത്തിൽ എത്തുന്നതുവരെ ഇത് തുടരട്ടെ. സ്ത്രീകളെ എല്ലായിടത്തും തുല്യമായി പരിഗണിക്കുന്നത് ഒരു മാനദണ്ഡമായി മാറണമെന്നും അവർ കൂട്ടിച്ചേർത്തു.