എല്‍ഐസിയുടെ പരാതി: പേരുമാറ്റി വിഘ്‌നേഷ് ശിവന്‍ - പ്രദീപ് ചിത്രം; പുതിയ പോസ്റ്റര്‍ പുറത്ത്
പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ ടൈറ്റില്‍. എല്‍ഐസി(ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍)യുടെ എതിര്‍പ്പിന് പിന്നാലെയാണ് 'എല്‍ഐസി- ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍' എന്ന സിനിമാ പേര് 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' (എല്‍ഐകെ) എന്ന് മാറ്റിയിരിക്കുന്നത്. ടൈറ്റില്‍ ലോഞ്ചിനോടൊപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.
പ്രദീപ് രംഗനാഥന്‍ മാത്രമുള്ള പോസ്റ്ററില്‍ സ്റ്റൈലിഷായാണ് അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രദീപിനൊപ്പം കൃതി ഷെട്ടിയാണ് നായികയായി സിനിമയിലെത്തുന്നത്. എസ്‌ജെ സൂര്യ, യോഗി ബാബു, ഗൗരി ജി കിഷന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിനുവേണ്ടി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
'കോമാളി' എന്ന ചിത്രത്തിലൂടെ സംവിധായകനായ പ്രദീപ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച 'ലവ് ടുഡെ' പ്രേഷക പ്രശംസ നേടിയിരുന്നു. നേരത്തെ അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന്‍ ചിത്രമൊരുക്കുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ചിത്രം നടക്കാതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പുതിയ ചിത്രം ഒരുക്കാന്‍ വിഘ്‌നേഷ് ശിവന്‍ തീരുമാനിച്ചത്.
അതേസമയം ചിത്രത്തിന്റെ ടൈറ്റില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറ്റണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ലെഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് പുതിയ പേര് അണിയപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍ഐസി അയച്ച നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്കും സംവിധായകനുമാണ് എല്‍ ഐ സി നോട്ടിസ് അയച്ചത്.