ദളപതി വരാർ, ഗോട്ട് 'ക്ലൈമാക്സ്' തിരുവനന്തപുരത്ത്; ലൊക്കേഷന്‍ ഹണ്ടിനായി വെങ്കട്ട് പ്രഭു എത്തി
വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (ഗോട്ട്) അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്തായിരിക്കുമെന്ന് സൂചന. സംവിധായകന്‍ വെങ്കട്ട് പ്രഭുവും സംഘവും ലൊക്കേഷന്‍ തേടി തലസ്ഥാനത്തെത്തി. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷനുകള്‍. ഇതിനായി കേന്ദ്ര സർക്കാരിനോട് അനുമതി തേടും.
വെങ്കട്ട് പ്രഭുവിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർമാർ, സ്റ്റണ്ട് കൊറിയോഗ്രാഫർമാർ, ആർട്ട് ഡയറക്ടർ എന്നിവരടങ്ങിയ സംഘമാണ് ലൊക്കേഷൻ ഹണ്ടിനായി ഇന്ന് തലസ്ഥാനത്ത് എത്തിയത്. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിക്കാനാണ് പദ്ധതി. മാർച്ച് പതിനേഴിന് ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് സൂചന.
വെങ്കട്ട് പ്രഭുവിനും സംഘത്തിനുമായി മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രത്യേക ഷോ ഗ്രീന്‍ഫീല്‍ഡ് തിയേറ്ററില്‍ ക്രമീകരിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ ലൊക്കേഷന്‍ പരിശോധനകള്‍ നടത്തേണ്ടതിനാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. 10 ടിക്കറ്റാണ് സംഘത്തിനായി ബുക്ക് ചെയ്തിരുന്നത്.
ഗോട്ടില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വിജയ് എത്തുന്നത്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട്ട് പ്രഭു വ്യക്തമാക്കിയിരുന്നു.
പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം