മഹാരാജയ്ക്ക് ഗംഭീര വരവേൽപ്പ്; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി
മഹാരാജയ്ക്ക് കേരളത്തിലെ പ്രേക്ഷകർ നൽകിയ വരവേൽപ്പിന് നന്ദി പറഞ്ഞ് നടൻ വിജയ് സേതുപതി. ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തന്നെ കൂടുതൽ ആകർഷിച്ചതെന്ന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മമ്‌താ മോഹൻദാസും കൂട്ടിച്ചേർത്തു. മഹാരാജാ ചിത്രത്തിന്റെ കൊച്ചിയിൽ വച്ച് നടന്ന പ്രസ്സ് മീറ്റിലാണ് വിജയ് സേതുപതി നന്ദി രേഖപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകൻ നിതിലൻ സാമിനാഥൻ, പ്രൊഡ്യൂസർ സുധൻ സുന്ദരം, കേരളാ ഡിസ്ട്രിബൂട്ടർ ഹരീന്ദ്രൻ എന്നിവരും പ്രെസ്സ് മീറ്റിൽ സംസാരിച്ചു.
നൂറു തീയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം നൂറ്റി എഴുപത്തി അഞ്ചിൽ പരം തിയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്. അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന മഹാരാജായുടെ രചനയും നിതിലൻ സാമിനാഥനാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് കേരളത്തിൽ മഹാരാജ തിയേറ്ററുകളിലെത്തിച്ചത്. പി ആർ ഓ പ്രതീഷ് ശേഖർ.
അതേസമയം വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജയെന്ന പ്രത്യേകതയുമുണ്ട്. അഞ്ച് ദിവസത്തില്‍ ചിത്രം ഇന്ത്യയില്‍ 30 കോടി കടന്നു എന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്.