എൻ എൻ പിളളയെ അഞ്ഞൂറാനാക്കിയ ​ഗോഡ്ഫാദർ

എൻ എൻ പിളളയെ അഞ്ഞൂറാനാക്കിയ ​ഗോഡ്ഫാദർ

അതുവരെ ചെയ്ത നാടകവേഷങ്ങൾക്കുമപ്പുറമൊരു സ്വീകാര്യത പിളളയ്ക്ക് നേടിക്കൊടുത്ത കഥാപാത്രത്തെ കുറിച്ച് ഇന്നുമോർക്കുമ്പോൾ വിജയരാഘവൻ ഹരം കൊള്ളുന്നുണ്ട്
Updated on
2 min read

നാടകക്കമ്പം കാര്യമായി ഇല്ലാതിരുന്ന കാലം, സിദ്ദിഖ് അന്നിരുന്ന സദസ്സ് ‘പ്രേതലോകം’ എന്ന നാടകത്തിന്റേതായിരുന്നു. ‘എന്‍.എന്‍.പിള്ളയും കുടുംബവും അവതരിപ്പിക്കുന്ന നാടകം’. അന്ന് 15 വയസ്സുകാരന്‍ കു‌ട്ടനായിരുന്നു (വിജയരാഘവൻ) ഓപ്പണിങ് സീനില്‍ എത്തിയത്. അതിനു പിന്നാലെ എന്‍ എന്‍ പിള്ളയുടെ വരവ്. പതിവ് കുസൃതികൾ മറന്ന് സിദ്ദിഖ് ലയിച്ചിരുന്നുപോയ നാടകം ‘പ്രേതലോകം’ അരങ്ങിൽ തിമർക്കുന്നു. പിള്ളയു‌ടെ ഡയലോഗുകള്‍ക്ക് സദസ്സില്‍നിന്നു ​ഗംഭീര കയ്യടി. നാടകം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ പാടെ സിദ്ദിഖ് സ്‌റ്റേജിന്റെ പിന്നാമ്പുറത്തേക്ക് ഓടി. ഗ്രീന്‍ റൂമിന് പിന്നിൽ നടന്മാർ വരുന്നതും കാത്ത് നിന്നു. അടുത്ത് കണ്ടു, മനസ്സുനിറഞ്ഞു. ആ എൻ എൻ പിളള നാടകമായിരുന്നു സംവിധായകൻ സിദ്ദിഖിനെ നാടകക്കമ്പക്കാരനാക്കിയത്. എൻ എൻ പിളളയുടെ ആരാധകനാക്കിയത്. ശേഷം സ്വന്തം വിജയ ചിത്രമായ ​ഗോഡ്ഫാദറിൽ പണ്ട് വിസ്മയം കൊള്ളിപ്പിച്ച ന‌ടനെത്തന്നെ നായകനാക്കിയതും ചരിത്രം. ആ സ്വപ്നസിനിമ തീയേറ്ററിലെത്തിയത് 1991 നവംബർ 15ന്. കൃത്യം 32 വർഷങ്ങൾക്ക് മുമ്പ്.

എൻ എൻ പിളള
എൻ എൻ പിളള

അഞ്ഞൂറാന്റെ വേഷം അച്ഛൻ ചെയ്‌താൽ നന്നാവും എന്നാദ്യം സിദ്ദിഖിനോട് പറഞ്ഞത് വിജയരാഘവനായിരുന്നു. ഗോഡ്ഫാദർ സിനിമയ്ക്ക് ശേഷം പിളള അഞ്ഞൂറാനെന്ന് വിളിക്കപ്പെട്ടു. അതുവരെ ചെയ്ത നാടകവേഷങ്ങൾക്കുമപ്പുറമൊരു സ്വീകാര്യത പിളളയ്ക്ക് നേടിക്കൊടുത്ത കഥാപാത്രത്തെ കുറിച്ച് ഇന്നുമോർക്കുമ്പോൾ വിജയരാഘവൻ ഹരം കൊള്ളുന്നുണ്ട്. താനാണല്ലോ അച്ഛനിലേയ്ക്ക് ആ വേഷത്തെ എത്തിച്ചതെന്ന ചെറുതല്ലാത്ത ആത്മ സംതൃപ്തിയും.

ഗോഡ്ഫാദറിലെ അഞ്ഞൂറാനായി എൻ എൻ പിളള
ഗോഡ്ഫാദറിലെ അഞ്ഞൂറാനായി എൻ എൻ പിളള
എൻ എൻ പിളളയെ അഞ്ഞൂറാനാക്കിയ ​ഗോഡ്ഫാദർ
അന്ന് അച്ഛനെ 'അഞ്ഞൂറാനേ' എന്ന് വിളിച്ചത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു: വിജയരാഘവൻ| RIGHT NOW

വിജയരാഘവൻ മുമ്പ് ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ, 'എൻ എൻ പിള്ള എന്ന നാടകകാരൻ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ സിനിമാ ​നടനായപ്പോൾ പ്രേക്ഷകർക്ക് അയാൾ അവരിലൊരാളെന്ന് തോന്നി. ബഹുമാനത്തോടെ എൻ എൻ പിളള അദ്ദേഹം എന്ന് വിളിച്ചിരുന്നവർ അതിനുശേഷം അത് നമ്മുടെ അഞ്ഞൂറാനല്ലേ എന്ന് അടുപ്പത്തോടെ ചോദിക്കാൻ തുടങ്ങി. അതാണ് അഞ്ഞൂറാൻ അച്ഛനിൽ വരുത്തിയ മാറ്റം.' എൻ എൻ പിളളയെന്ന നടന്റെ മകനായി പിറന്നതിൽ എന്നും അഭിമാനം കൊണ്ട കലാകാരനാണ് വിജയരാഘവൻ. 'അച്ഛനാണ് എല്ലാമെല്ലാം. ഞാൻ നടനായതിന്റെ കാരണക്കാരനും അച്ഛൻ തന്നെ. 2 ആഴ്ച ഷൂട്ടിങ് ഇല്ലാതെ വന്നാൽ ഞാൻ ഇല്ലാതായിപ്പോകുന്ന തോന്നലാണ്. കാരണം അഭിനയമാണെനിക്ക് എല്ലാം. അഭിനയിക്കാൻ വേണ്ടിയാണ് എന്റെ ജനനം പോലും. അല്ലെങ്കിൽ എൻ എൻ പിള്ളയെ പോലൊരു മനുഷ്യന്റെ മകനായി പിറക്കേണ്ടതില്ലല്ലോ.'

അമ്മയുടെ മരണശേഷം മാനസികമായി തകർന്നിരിക്കുന്ന സമയമായിരുന്നു അഞ്ഞൂറാന് വേണ്ടിയുളള ഹർജിയുമായി വിജയരാഘവൻ അച്ഛന് പക്കൽ ചെല്ലുന്നത്. കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്താ മതി എന്ന് പറഞ്ഞു സമ്മതിപ്പിച്ച ശേഷം സിദ്ദിഖിനെയും ലാലിനെയും അച്ഛന്റെ അടുത്തേക്ക് വിളിപ്പിച്ചു. സിദ്ദിഖ് പേപ്പറിൽ എഴുതിക്കൊണ്ടുവന്ന ഗോഡ്ഫാദറിന്റെ കഥ വായിച്ചു കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ പിള്ളയുടെ ഉപദേശം. ഇങ്ങിനെ പേപ്പറുകളിൽ എഴുതരുത്, പുസ്തകങ്ങളിൽ വേണം എഴുതി സൂക്ഷിക്കാൻ.

ശേഷം പഴയ നാടകത്തിന്റെ കഥകൾ നോട്ടുബുക്കുകളിൽ എഴുതി വച്ചിരിക്കുന്നത് കാണിച്ചും കൊടുത്തു. അതിനു ശേഷം താൻ എഴുതിയിരുന്നതൊക്കെ ബുക്കിൽ തന്നെയായിരുന്നു എന്ന് സിദ്ദിഖ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കഥ കേട്ട ശേഷം പിളള ചോദിച്ചു, 'ഈ കഥയിൽ ഞാൻ അഭിനയിക്കണം എന്ന് എന്താണ് ഇത്ര നിർബന്ധം? അഞ്ഞൂറാൻ ഭയങ്കര കരുത്തനായൊരു വ്യക്തി, ഞാനാണേൽ പ്രായാധിക്യം കൊണ്ട് ശാരീരികമായി അത്ര കരുത്തനല്ലാത്ത ആളും? ഞാൻ ഈ കഥാപാത്രത്തെ ചെയ്താൽ ആളുകൾ വിശ്വസിക്കുമോ?'

സാർ കേരളത്തിൽ നാടകങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ഒരു ശക്തമായ ഇമേജ് ഉണ്ട്, ആ ഇമേജ് ആണ് ഇവിടെ ഉപയോഗിക്കാൻ പറ്റുന്നത് എന്ന് സിദ്ദിഖിന്റെ മറുപടി. അതുകേട്ട് പിളളസാർ ഉറക്കെ ചിരിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അച്ഛന്റെ സമ്മതമറിയിക്കാൻ കുട്ടൻ സിദ്ദിഖ് ലാൽ സംവിധായകരെ വിളിച്ചു. എൻ എൻ പിളളയുടെയും സിദ്ദിഖ് ലാൽ ടീമിന്റെയും വിജയചിത്രത്തിന്റെ ആരംഭം ആ വിളിയിലായിരുന്നു.

logo
The Fourth
www.thefourthnews.in