പ്രതീക്ഷ വിടാതെ 'തങ്കലാൻ'; മൂന്ന് ദിവസം പിന്നിടുമ്പോൾ ആ​ഗോള കളക്ഷൻ 50 കോടി

പ്രതീക്ഷ വിടാതെ 'തങ്കലാൻ'; മൂന്ന് ദിവസം പിന്നിടുമ്പോൾ ആ​ഗോള കളക്ഷൻ 50 കോടി

രണ്ടാം ദിവസത്തെ നഷ്ടം നികത്തും വിധം കളക്ഷനിൽ ഗണ്യമായ വർധനവാണ് മൂന്നു ദിവസം പിന്നിടുമ്പോൾ 'തങ്കലാൻ' നേടിയിരിക്കുന്നത്.
Updated on
1 min read

മൂന്നാം ദിവസം ആഗോളതലത്തിൽ 14 കോടി രൂപ ബോക്സോഫീസ് കളക്ഷൻ നേടി വിക്രം നായകനായ 'തങ്കലാൻ'. ഓ​ഗസ്റ്റ് 15ന് പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യ ദിനത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചെങ്കിലും രണ്ടാം ദിനമായ വെള്ളിയാഴ്ച പ്രതീക്ഷയ്ക്ക് വിപരീതമായി തീയറ്ററിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നതായി തീയറ്ററുടമകൾ വ്യക്തമാക്കിയിരുന്നു. മൂന്നാം ദിനമാണ് യഥാർഥത്തിൽ സിനിമയ്ക്ക് ആശ്വാസമായത്. മൂന്നാം ദിവസം മാത്രം ആഗോളതലത്തിൽ ചിത്രം ഏകദേശം 14 കോടി രൂപ നേടിയതായി സിനിട്രാക്ക് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 10 കോടി രൂപ ലഭിച്ചു. രണ്ടാം ദിവസത്തെ നഷ്ടം നികത്തും വിധം കളക്ഷനിൽ ഗണ്യമായ വർധനവാണ് മൂന്നു ദിവസം പിന്നിടുമ്പോൾ 'തങ്കലാൻ' നേടിയിരിക്കുന്നത്.

ലോകമെമ്പാടുമായി 52 കോടി രൂപ കളക്ഷൻ നേടി. അഡ്വാൻസ് വിൽപ്പനയിൽ നിന്ന് മാത്രം ഏകദേശം 5 കോടി രൂപയാണ് ഇതിനകം ചിത്രം നേടിയത്. നാലാം ദിവസമായ ഞായറാഴ്ച മറ്റൊരു കളക്ഷൻ മാർജിൻ മറികടക്കാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ചിത്രം ഓഗസ്റ്റ് 30 ന് വടക്കേ ഇന്ത്യയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

കർണാടകയിലെ കോലാറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കഥയാണ് ചിത്രത്തിന് ആധാരം. ചിയാൻ നായകനാവുന്ന 61-ാം ചിത്രമാണ് 'തങ്കലാൻ'. തമിഴ് പ്രഭയും പാ രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു.

പ്രതീക്ഷ വിടാതെ 'തങ്കലാൻ'; മൂന്ന് ദിവസം പിന്നിടുമ്പോൾ ആ​ഗോള കളക്ഷൻ 50 കോടി
ആസിഫ് അലി- അപർണ ബാലമുരളി ഒന്നിക്കുന്ന കിഷ്കിന്ധാകാണ്ഡത്തിന്റെ ടീസർ പുറത്ത്

വ്യത്യസ്ത ലുക്കിൽ ചിയാൻ വിക്രം എത്തുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും മാളവിക മോഹനുമാണ് നായികമാരായി എത്തുന്നത്. പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമാണം. കെ യു ഉമാദേവി, അറിവ്, മൗനൻ യാത്രിഗൻ എന്നിവരുടെ വരികൾക്ക് ജിവി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണത്തെ തുടർന്ന് ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് 'തങ്കലാൻ' നിർമാതാക്കൾ.

logo
The Fourth
www.thefourthnews.in