'എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ഒപ്പം നിന്ന മഹാനായ മനുഷ്യന്‍'; നവതി ആശംസയ്‌ക്കൊപ്പം ഓർമ്മ പങ്കു വച്ച് വിനയന്‍

'എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ഒപ്പം നിന്ന മഹാനായ മനുഷ്യന്‍'; നവതി ആശംസയ്‌ക്കൊപ്പം ഓർമ്മ പങ്കു വച്ച് വിനയന്‍

2011 ലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ കാര്യമാണ് വിനയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്
Updated on
2 min read

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര നടൻ മധുവിന്റ തൊണ്ണൂറാം ജന്മദിനത്തിൽ ആശംസയ്‌ക്കൊപ്പം ഓർമ്മ പങ്കു വച്ച് സംവിധായകൻ വിനയൻ. 2011 ലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ കാര്യമാണ് വിനയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ''കൂടെ നിൽക്കുമെന്ന് കരുതിയവർ പോലും പിന്മാറിയ ഘട്ടം ആരെയും ഭയക്കാതെ കോടതിക്ക് മുൻപാകെ സത്യം തുറന്നു പറഞ്ഞ് ചേർത്ത് നിർത്തിയ വ്യക്തിയാണ് മധു സർ'' എന്നായിരുന്നു വിനയന്റെ കുറിപ്പ്.

'എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ഒപ്പം നിന്ന മഹാനായ മനുഷ്യന്‍'; നവതി ആശംസയ്‌ക്കൊപ്പം ഓർമ്മ പങ്കു വച്ച് വിനയന്‍
സുജാതയേയും ചിത്രയേയും മലയാളത്തിന് സമ്മാനിച്ച മധു

വിനയന്റെ സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയതിന്റെ പേരിൽ പ്രമുഖരായ ഒരു കൂട്ടം ആളുകൾ മധുവിന്റെ വീട്ടിൽ ചെന്ന് ആ സിനിമയിൽ അഭിനയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായിരുന്നു സംഭവം. കോടതിക്ക് മുൻപാകെ ഭീഷണിപ്പെടുത്തിയ ആളുകളുടെ പേരുൾപ്പെടെ മധു വെളിപ്പെടുത്തിയതായും വിനയൻ വ്യക്തമാക്കി.

മധുവിനെ തൻേറടിയും സത്യസന്ധനുമായ കലാകാരനെന്ന് വിശേഷിപ്പിച്ച വിനയൻ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ മധു കൃത്യമായ നിലപാട് സ്വീകരിച്ചത് കൊണ്ട് മാത്രമാണ് കേസുമായി ബന്ധപ്പെട്ട് കോമ്പറ്റീഷൻ കമ്മീഷനിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധി നേടാൻ സാധിച്ചതെന്നും കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നവതി ആഘോഷിക്കുന്ന മലയാളത്തിൻെറ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ആശംസകൾ. അനായാസമായ അഭിനയസിദ്ധി കൊണ്ടും അനിതരസാധാരണമായ വ്രക്തിത്വം കൊണ്ടും മലയാളസിനിമയിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന മധുസാറിൻെറ കലാ ജീവിതത്തേപ്പറ്റി എത്രയേറെ പറഞ്ഞാലും തീരില്ല എന്നതാണു സത്യം..

എന്നാൽ ഇവിടെ ഞാനെൻെറ തികച്ചും വ്യക്തിപരമായ ഒരനുഭവത്തെ കുറിച്ചു മാത്രമാണു പറയുന്നത്.. ഇന്നു രാവിലെ മധുസാറിനെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോഴും ഈ കാര്യം ഞാനദ്ദേഹത്തോടു സുചിപ്പിച്ചിരുന്നു.. അതു കേട്ട് അദ്ദേഹം തൻെറ സ്വതസിദ്ധമായ ശൈലിയിൽ നിഷ്കളങ്കമായി ചിരിച്ചു. അത്രമാത്രം.

എൻെറ സിനിമ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ മധുസാറിൻെറ നീതിബോധം കൊണ്ടും നിലപാടുകളിലെ സ്ഥിരത കൊണ്ടും കേള സമൂഹത്തിൻെറ മുന്നിൽ എൻെറ സത്യസന്ധത തെളിയിക്കാനും കോമ്പറ്റീഷൻ കമ്മീഷനിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധി നേടാനും എനിക്കു സാധിച്ചു എന്നതാണ് മറക്കാൻ പറ്റാത്ത ആ അനുഭവം.. മാത്രമല്ല എൻെറ തൊഴിൽ വിലക്കുകയും എനിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുയും ചെയ്ത മലയാള സിനിമയിലെ ചില പ്രമുഖവ്യക്തികൾക്കും സംഘടനകൾക്കും സുപ്രീം കോടതി ഉൾപ്പടെ പിഴ ചുമത്തിയത് അന്ന് ഏറെ ചർച്ച ചെയ്ത വിഷയമാണ്...

'എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ഒപ്പം നിന്ന മഹാനായ മനുഷ്യന്‍'; നവതി ആശംസയ്‌ക്കൊപ്പം ഓർമ്മ പങ്കു വച്ച് വിനയന്‍
'സംവിധായകൻ' മധു

മധുസാറിൻെറ സത്യസന്ധമായ മൊഴികളായിരുന്നു അങ്ങനൊരു വിധിയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.. എൻെറ സിനിമകൾ വിലക്കിയതെല്ലാം രേഖകളൊന്നും ഇല്ലാതെ അതി നിഗൂഢമായ ഗൂഢാലോചനകളിൽ കൂടി ആയിരുന്നല്ലോ? അതിൽ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നു പറഞ്ഞു കൈമലർത്തു കയും കൂടി ചെയ്തപ്പോൾ ഞാൻ നിസ്സഹായനായി നിന്നു പോയി.. എന്നെ സഹായിക്കുമെന്ന് ഞാൻ കരുതിയവർ പോലും മറ്റു പല കാരണങ്ങളാലും വലിയ സിനിമാക്കാരെ ഭയന്ന് നിശ്ശബ്ദരായപ്പോൾ മധുസാർ സത്യസന്ധമായി തൻെറ അനുഭവം കമ്മീഷൻെറ മുന്നിൽ പറയാൻ തയ്യാറായി.. 2011ൽ വിനയൻെറ ഒരു സിനിമയിൽ അഭിനയിക്കാനായി താൻ അഡ്വാൻസ് വാങ്ങിയെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് മലയാള സിനിമയിലെ വളരെ പ്രമുഖരായ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് തൻെറ വീട്ടിൽ എത്തിയെന്നും വിനയൻെറ സിനിമയിൽ അഭിനയിക്കരുതെന്ന് പറഞ്ഞ് തന്നെ നിർബ്ബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.. അവിടെ ചെന്ന പ്രമുഖരിൽ പലരുടേയും പേരുകൾ സഹിതമാണ് അദ്ദേഹമന്ന് പറഞ്ഞത്.

ആരെയും പേരെടുത്ത് പറഞ്ഞ് വീണ്ടും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതു കൊണ്ട് ഞാനാ പേരുകൾ ഇവിടെ പറയുന്നില്ല.. സി.സി.ഐ യുടെ വെബ് സൈറ്റിൽ ഉള്ള ആ കേസിൻെറ വിധിപ്പകർപ്പു വായിക്കുന്നവർക്ക് കൂടുതൽ വ്യക്തത കിട്ടും.. മധുസാറിൻെറ വാക്കുകൾക്ക് അന്ന് അന്വേഷണക്കമ്മീഷൻ വലിയ വിലയാണ് കൊടുത്തത്.. അങ്ങനെയാണ് അന്യായമായ ആ തൊഴിൽ വിലക്കിൻെറ അപ്രിയ സത്യങ്ങൾ കോടതിക്കും കേരള സമൂഹത്തിനും മനസ്സിലായത്.വിനയനെന്ന വ്യക്തിയേക്കാളും മധുസാറിന് ഏറെ ബന്ധമുള്ളവർ എതിർ വശത്തുണ്ടായിട്ടും അതൊന്നും വകവയ്കാതെ നേരിനും നീതിക്കും ഒപ്പം നിന്ന തൻേറടിയും സത്യ സന്ധനുമായ ആ വലിയ കലാകാരൻെറ... മലയാള സിനിമയുടെ ഗുരുനാഥനായ ആ മഹാനുഭാവൻെറ.... കാൽപ്പാദങ്ങളിൽ പ്രണാമം..

logo
The Fourth
www.thefourthnews.in