'വർഷങ്ങൾക്കു ശേഷം' 50 കോടി ക്ലബിൽ; നേട്ടം സ്വന്തമാക്കുന്ന വിനീതിന്റെ രണ്ടാം സിനിമ
'ആവേശ'ത്തിനു പിന്നാലെ 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രവും അമ്പത് കോടി ക്ലബ്ബിൽ. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ - വിശാഖ് സുബ്രഹ്‌മണ്യം കൂട്ടുകെട്ടിൽ അമ്പത് കോടി നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ വേണു, മുരളി എന്നീ ആത്മാർത്ഥ സുഹൃത്തുക്കളുടെ സൗഹൃദവും സിനിമ എന്ന സ്വപ്നവുമാണ് അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തിയത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വമ്പൻ കൈയടിയാണ് നിവിന്റെ കഥാപാത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെ തീയറ്ററുകളിൽ എത്തിച്ചത്.
ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവർസീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാൺ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാർക്കറ്റിങ് പാർട്ണർ.
ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അമൃത് രാംനാഥാണ്. വിശ്വജിത്തിന്റേതാണ് ക്യാമറ. എഡിറ്റിങ് - രഞ്ജൻ എബ്രഹാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. മൂന്നു മാസത്തോളമാണ് സെറ്റ് വർക്കുകൾക്ക് മാത്രം ചെലവഴിച്ചത്.