പ്രശ്നങ്ങളുണ്ടെങ്കിലും മലയാള സിനിമയുടെ ഭാഗമാകാനായതിൽ അഭിമാനമെന്ന് വിനീത് ശ്രീനിവാസൻ; 100 കോടിക്കരികെ 2018
ഒരു വ്യവസായമെന്ന നിലയിൽ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് വിനീത് ശ്രീനിവാസൻ. കഴിവുള്ള ഒരുപാട് പേർക്കൊപ്പം സിനിമയിൽ പ്രവർത്തിക്കാനാകുന്നത് ഭാഗ്യമായി കരുതുന്നുവെന്നും വിനീത് പറയുന്നു. 2018 സിനിമ കണ്ടതിന് ശേഷം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനീതിന്റെ പ്രതികരണം
പോസ്റ്റിന്റെ പൂർണരൂപം
2018 എന്ന ചിത്രത്തിൽ ചെറിയൊരു ഭാഗത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു. കാത്തിരിപ്പിന് ഒടുവിൽ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് . ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നു എന്നത് തന്നെ അഭിമാനമാണ്. ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. തീർച്ചയായും ഒരു വ്യവസായമെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. എങ്കിലും . എല്ലാറ്റിനുമുപരിയായി, നാമെല്ലാവരും ഉൾപ്പെടുന്ന ഈ മനോഹരമായ കലാരൂപത്തിന് വേണ്ടി പ്രയത്നിക്കാൻ നിരവധി പേരുണ്ട്
അതേസമയം 10 ദിവസം കൊണ്ട് 2018 ന്റെ ആഗോള വരുമാനം 93 കോടിയായി. 40 കോടിയിലധികം രൂപയാണ് കേരളത്തിൽ നിന്ന് മാത്രമുള്ള വരുമാനം
2018 ഇൻഡസ്ട്രി ഹിറ്റ് ആകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ ലോകം. മോഹൻലാലിന്റെ പുലിമുരുകനാണ് നിലവിലെ ഇൻഡസ്ട്രി ഹിറ്റ്