ബോംബെ ജയശ്രീയുടെ മകൻ മലയാളത്തിലേക്ക്; ആദ്യ പാട്ട് പ്രണവ് മോഹൻലാൽ ചിത്രത്തിൽ
പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനും സംഗീത സംവിധായകനും ഗായകനുമായ അമൃത് രാംനാഥ് മലയാളത്തിലേക്ക്. വിനീത് ശ്രീനിവാസന്റെ പ്രണവ് മോഹൻലാൽ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലൂടെയാണ് അമൃത് രാംനാഥിന്റെ മലയാളത്തിലെ അരങ്ങേറ്റം. ഇന്നലെ പ്രഖ്യാപിച്ച ചിത്രത്തിൽ അമൃത് രാംനാഥ് സംഗീത സംവിധായകനാകുന്ന വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പ്രേക്ഷകരെ അറിയിച്ചത്
ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നുവെന്ന് അമൃത് രാംനാഥും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് പ്രധാന വേഷത്തിൽ. ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, നീരജ് മാധവ്, നീത പിള്ള എന്നിവർക്ക് പുറമെ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഷാൻ റഹ്മാനും അഭിനയിക്കും. അതിഥി വേഷത്തിൽ നിവിൻ പോളിയുമുണ്ടാകും
മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുക്കെട്ടിന്റെ ചെന്നൈ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുക എന്നാണ് സൂചന. കീർത്തി സുരേഷ് നായികയായ നാനി ചിത്രം ദസറയിലെ ഹൊവിന അങ്കി തൊട്ടു ആണ് അമൃത് രാംനാഥിന്റെ ശബ്ദത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഗാനം