'ലാലേട്ടന്റെ ഹോളിവുഡ് പര്യടനം'; സമൂഹമാധ്യമങ്ങളിൽ തരംഗമായി എ ഐ ഇമാജിനേഷൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ സഹായത്തോടെ ആരെയും ഏത് സാങ്കല്പിക ലോകത്തുമെത്തിക്കാമെന്നതാണ് വാസ്തവം. എ ഐയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്താൻ അനേകം ഓൺലൈൻ ഡിസൈനിങ് സൈറ്റുകളും ഇന്ന് ലഭ്യമാണ്. അത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിന്റേജ് മോഹൻലാലിന്റെ മുഖവും ഹോളിവുഡ് ക്ലാസിക് കാൻവാസുകളും കൂട്ടിച്ചേർത്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
അത്ഭുതപ്പെടുത്തുന്ന എ ഐ ജനറേറ്റഡ് ചിത്രങ്ങൾക്കുപിന്നാലെ ചലിക്കുന്ന ദൃശ്യങ്ങളും എളുപ്പമുണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നായപ്പോൾ അതിശയിപ്പിക്കുന്ന ക്രിയേറ്റിവിറ്റിക്കു ലഭിക്കുന്നതു വലിയ കയ്യടിയാണ്. ഹോളിവുഡിലെത്തിയ മോഹൻലാലിന്റെ ചലിക്കുന്ന ദൃശ്യങ്ങൾ എ ഐ മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വൈറലായത്.
ടൈറ്റാനിക്ക്, ഗോഡ്‌ഫാദര്‍, റോക്കി, സ്റ്റാര്‍ വാര്‍സ്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മാട്രിക്‌സ്, ജെയിംസ് ബോണ്ട് തുടങ്ങിയ പ്രേക്ഷകപ്രിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ വിന്റേജ് ലാലേട്ടന്റെ മുഖം നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റയില്‍ മാത്രമല്ല, മറ്റു സമൂഹമാധ്യമങ്ങളിലും വൈറലാണിപ്പോൾ ഈ വീഡിയോ.
എഐ ടൂളുകൾ കൈവശമുണ്ടായാൽ മാത്രം ഇത്തരം വീഡിയോകൾ നിർമിക്കാനാവില്ലെന്നും എ ഐ ബോട്ടിനെ പറഞ്ഞുമനസിലാക്കാനുളള കഴിവുകൂടി ക്രിയേറ്റർക്ക് ആവശ്യമാണെന്നുമാണ് കമന്റുകൾ. യഥാർഥ ലോകത്തെയും സാങ്കല്പിക കാലത്തെയും തമ്മിൽ തിരിച്ചറിയാനാവാത്ത വിധമുളള എഐയുടെ വളർച്ച ഭീതിപ്പെടുത്തുന്നതാണെന്നും കമന്റുകളുണ്ട്.
എഐ ചിത്രങ്ങൾ ചെയ്ത് വൈറലായ ജ്യോ ജോൺ മുളളൂർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ സമീപദിവസങ്ങളിൽ പോസ്റ്റ് ചെയ്ത് എഐ ക്രിയേറ്റഡ് യുണികോൺ കുഞ്ഞുങ്ങളുടെ വീഡിയോയുടെ താഴെ വില എത്രയെന്ന് തിരക്കിയുളള കമന്റുകൾ വന്നിരുന്നു. പേജിലെ പല വീഡിയോകളും യഥാർഥമാണെന്ന് തെറ്റിദ്ധരിക്കുന്നവർ ഏറെയാണ്.