നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

'സോഫിയുടെയും സോളമന്റെയും മുന്തിരിത്തോട്ടത്തിലേക്ക് ഒരു യാത്ര'

പെണ്ണിന്റെ പരിശുദ്ധി, അതിനെ സമൂഹം എങ്ങനെ കാണുന്നു, എന്നിങ്ങനെയുള്ള എല്ലാ അളവുകോലുകളെയും തച്ചുടച്ച സിനിമയാണ് "നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" -വിപിന്‍ മോഹന്‍ എഴുതുന്നു
Updated on
3 min read

"ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ പറയുന്ന പോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ?''

"ഊം .... ഊം..."

"ഊം... അല്ലേൽ വേണ്ട."

"പറയൂ..."

"പോയി, ബൈബിൾ എടുത്തുവച്ചു നോക്ക്."

[സോഫി ബൈബിളിൽ നോക്കി] "നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും."...

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

എത്ര മനോഹരമായാണ് സോളമൻ തന്റെ പ്രണയം അന്ന് സോഫിയോട് പറഞ്ഞത്. പക്വതയാർന്ന പ്രണയത്തിന്റെ അത്രയും സെൻസിറ്റീവായ ഒരു പോർട്രെയൽ. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ പറയുന്ന ഒരു കഥയിൽ ഇതിലും മധുരതരമായി എങ്ങനെയാണ് പ്രണയം പറയാനാവുക. സോളമന്റെ ഉത്തമഗീതത്തിൽ നിറഞ്ഞുകവിയുന്ന പ്രണയം അതേ തീവ്രതയിൽ തന്നെ, "നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന സിനിമയിൽ നമുക്ക് അനുഭവിച്ചറിയാനാവുന്നു. തിരക്കഥയിലുടനീളവും, ഗാനങ്ങളിലുമെല്ലാം സോളമന്റെ ഈ മുന്തിരിത്തോപ്പും അവിടത്തെ മുന്തിരിവള്ളികളും, മാതളനാരകപ്പൂക്കളുമെല്ലാം തിരിനീട്ടി പടർന്നു നിൽക്കുന്നുണ്ട്. കെ കെ സുധാകരന്റെ "നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം" എന്ന നോവലിനെ ആസ്പദമാക്കിയെഴുതിയതാണെങ്കിലും വ്യത്യസ്തമായ രീതിയിലാണ് പത്മരാജൻ ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നായികയ്ക്കാണോ നായകനാണോ പ്രാധാന്യമെന്ന് തിരിച്ചറിയാനാവാത്ത തരം ശക്തമായ കഥാപാത്രങ്ങളാണ് സോഫിയും സോളമനും

നായികയ്ക്കാണോ നായകനാണോ പ്രാധാന്യമെന്ന് തിരിച്ചറിയാനാവാത്ത തരം ശക്തമായ കഥാപാത്രങ്ങളാണ് സോഫിയും സോളമനും.

പെണ്ണിന്റെ പരിശുദ്ധി, അതിനെ സമൂഹം എങ്ങനെ കാണുന്നു, എന്നിങ്ങനെയുള്ള എല്ലാ അളവുകോലുകളെയും തച്ചുടച്ച സിനിമയാണ് "നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ".

സോളമന്റെ ഉത്തമഗീതം ഉദ്ധരിച്ചുകൊണ്ട് സോഫിയോട് സോളമൻ തന്റെ പ്രണയം പറയുമ്പോൾ ആ പശ്ചാത്തലത്തിൽ വരുന്ന സംഗീതം നമ്മുടെ ഹൃദയത്തിലും പ്രണയം നിറയ്ക്കുന്നു. ജോൺസൺ മാഷ് ഒരു മായാജാലം പോലെ നമ്മെ മയക്കിയെടുത്ത സംഗീതം. ആ സംഗീതത്തോടൊപ്പം അവരുടെ പ്രണയവും നമുക്കുള്ളിൽ അനശ്വരമായി മാറി.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

അവർക്കിടയിലെ ഇഷ്ടം തുറന്നു പറയുന്നതിനും വളരെ മുമ്പ് തന്നെ സോളമനോട്‌ സോഫിക്ക് തന്റെ കുടുംബപശ്ചാത്തലവും രണ്ടാനച്ഛന്റെ കാര്യവും മറ്റും തുറന്നു പറയാൻ ഒരു മടിയുമുണ്ടായിരുന്നില്ല. അന്നത്തെ നായികമാരിൽ കണ്ടു വരാത്ത ഒരു പ്രവണത തന്നെയായിരുന്നു അത്. ഉള്ളിലൊരു ഇഷ്ടം ഉണ്ടെന്നിരിക്കെ പോലും തന്റെ അമ്മയ്ക്ക് വേറൊരു ബന്ധത്തിലുണ്ടായതാണ് താനെന്നും ഇപ്പോൾ താൻ അച്ഛൻ എന്നു വിളിക്കുന്നയാൾ തന്റെ രണ്ടാനച്ഛനാണെന്നും സോഫി സോളമനോട് പറയുന്നുണ്ട്. ഇങ്ങനെയെല്ലാം പറഞ്ഞാൽ തന്നെ ഇഷ്ടപ്പെടുന്ന സോളമൻ, ഭാവിയിൽ തന്നെക്കുറിച്ച് എന്ത് കരുതുമെന്നുള്ള ഒരു ടിപ്പിക്കൽ വ്യാകുലത സോഫിയെ ഒട്ടുമേ അലട്ടുന്നില്ല.

ആ പറച്ചിൽ പോലെ തന്നെ മനോഹരമാണ് മുൻവിധികൾ ഒന്നുമില്ലാതെത്തന്നെ സോഫിയേയും അവളുടെ മുൻകാലവും കഥയും കേട്ടിരിക്കുന്ന സോളമന്റെ പ്രതികരണവും. അവൻ അവളെ ബഹുമാനിക്കുന്നു, അതിനേക്കാളുപരി അവളെ പ്രണയിക്കുന്നു, യാതൊരു നിബന്ധനകളുമില്ലാതെ. അവർ പരസ്പരം പുഞ്ചിരിച്ചുകൊണ്ട് ഒരു നേർത്ത കാറ്റിന്റെ അകമ്പടിയോടെ പ്രണയിക്കാൻ തുടങ്ങുന്നു. മൈസൂരിലെ ഈ കാറ്റ് സിനിമയിലുടനീളം കടന്നുവരുന്നുണ്ട്.

എന്നാൽ സ്വപ്നസമാനമായ സോളമന്റെ ഈ മുന്തിരിത്തോപ്പ് മൈസൂരിലല്ല. ഒരിക്കൽ സോഫിയെ അങ്ങോട്ട് കൊണ്ടു പോകും എന്നാണ് സോളമൻ പറഞ്ഞിരിക്കുന്നത്. സമ്പൂർണ സ്വാതന്ത്ര്യത്തോടെ ആ മുന്തിരിത്തോപ്പുകളിൽ ജീവിക്കുന്ന ഒരു കർഷകനാണ് സോളമൻ. അവന്റെ കാഴ്ച്ചപ്പാടുകളും ചിന്താഗതികളും എല്ലാം അന്നത്തെ ടിപ്പിക്കൽ ചെറുപ്പക്കാരെ പോലെയേ അല്ല. എന്നാൽ സോഫിയോ? പത്താം ക്ലാസിനപ്പുറം പഠനം നേടാൻ പോലും സ്വാതന്ത്ര്യമില്ലാത്തവളായിരുന്നു. വീടിനു ചുറ്റും കെട്ടിയ വെളുത്ത വേലിക്കെട്ടിനപ്പുറം പോകാൻ പോലുമുള്ള സ്വാതന്ത്ര്യം അവളുടെ രണ്ടാനച്ഛൻ പോൾ പൈലോക്കാരൻ അവൾക്കു കൊടുത്തിരുന്നില്ല.

പോൾ പൈലോക്കാരൻ.....

ഭാര്യക്ക് വിവാഹത്തിന് മുൻപുള്ള ബന്ധത്തിൽ ഒരു കുഞ്ഞു ഉണ്ടെന്നറിഞ്ഞും അവളെ വിവാഹം കഴിക്കാൻ തയ്യാറായ "വിശാലമനസ്കൻ" ആയാണ് അയാൾ തന്നെ സ്വയം കരുതുന്നത്. ഭാര്യയിൽ തനിക്ക് പിറന്ന തന്റെ സ്വന്തം മകളോടും, സോഫിയോടുമുള്ള പെരുമാറ്റവ്യത്യാസം കാണുന്നവർക്കെല്ലാം തന്നെ അറപ്പുളവാക്കുന്നതാണ്. സോളമനും സോഫിയും തമ്മിലുള്ള ബന്ധത്തിന് സോഫിയുടെ അമ്മ സമ്മതിക്കുമ്പോഴും, തന്റെ കൂട്ടുകാരനും തികഞ്ഞ മദ്യപാനിയുമായ ഒരാളെ വിവാഹം കഴിക്കാനാണ് അയാൾ സോഫിയെ നിർബന്ധിക്കുന്നത്.

അത്രയും റിയലായാണ് പത്മരാജൻ ഈ സിനിമ ഒരുക്കിയിട്ടുള്ളത്. പേപിടിച്ച ആ വീട്ടിൽ ഒരുപകൽ സോഫിയും, പോളും മാത്രമാകുമ്പോൾ പോലും ഇങ്ങനെയൊരു ചെകുത്താനായി പോൾ മാറും എന്ന് നമ്മൾ കരുതുന്നില്ല എന്നത് ഒരു സത്യമാണ്. ഇനി അഥവാ മാറിയാലും ആരെങ്കിലും വന്ന്, ആ സമയം, ഒരു ടിപ്പിക്കൽ സിനിമയിലെ പോലെ, സോഫിയെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇവിടെ തിരക്കഥ പത്മരാജനാണ്, കാര്യങ്ങൾ കുറേകൂടി റിയലാണ്. അതിനാൽ തന്നെ ആരും വന്നില്ല, രണ്ടാനച്ഛൻ സോഫിയെ റേപ്പ് ചെയ്യുന്നു.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ ശാരി
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ ശാരി

ആദ്യം വിവാഹത്തിന് സമ്മതിച്ചെങ്കിലും, റേപ്പ് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോള്‍, അവളെ വിവാഹം കഴിക്കാന്‍ സോളമനെ, അവന്റെ അമ്മ സമ്മതിക്കുന്നില്ല. എന്നാല്‍ എണ്‍പതുകളിലെ സിനിമകളില്‍ കാണാനാവാത്ത ഒരുതരം പക്വതയാണ് സോളമന്‍ കാണിക്കുന്നത്. അമ്മയുടെ വിവാഹപൂര്‍വ്വ ബന്ധത്തിന്റെ ഫലമായി ഉണ്ടായി പോയത്, അവള്‍ക്ക് പത്തില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നത്, ഇങ്ങനെ വൃത്തികെട്ട ഒരു രണ്ടാനച്ഛനുണ്ടായിപ്പോയത്, അയാള്‍ അവളെ റേപ്പ് ചെയ്യുന്നത്, ഇതൊന്നും സോഫിയുടെ തെറ്റല്ല എന്ന് സോളമനറിയാം. അവന്‍ സ്‌നേഹിച്ചത് സോഫിയെയാണ്. ഒരു റേപ്പ് കൊണ്ട് അതില്‍ മാറ്റമൊന്നും വരുന്നില്ലെന്നും സോളമനറിയാം.

അവളോട് വാക്ക് പറഞ്ഞതുപോലെ അവര്‍ മുന്തിരിത്തോപ്പുകളില്‍ രാപ്പാര്‍ക്കാനായി പോകുന്നു. അവിടെവെച്ച് അവനവന്റെ പ്രേമം അവള്‍ക്ക് നല്‍കുമായിരിക്കും. ഇന്നും ആ പ്രണയം വീഞ്ഞ്‌പോലെ വീര്യം ഏറിവരുന്നുണ്ടാവും

തന്റെ ലോറിയുടെ രണ്ടാമത്തെ ഹോണിന് ഇറങ്ങി വരണമെന്നാണ് അയാള്‍ സോഫിയോട് പറയുന്നത്. വരാതെയായപ്പോള്‍ ആ വീട്ടിലേക്ക് ധൈര്യത്തോടെ കയറിച്ചെന്നു രണ്ടാനച്ഛന് 'അര്‍ഹതപ്പെട്ടതത്ത്രയും' കൊടുത്തിട്ട് അവളെയും കൂട്ടി അയാള്‍ ലോറിയിലേക്ക് പോകുന്നു. അവളോട് വാക്ക് പറഞ്ഞതുപോലെ അവര്‍ മുന്തിരിത്തോപ്പുകളില്‍ രാപ്പാര്‍ക്കാനായി പോകുന്നു. അവിടെവെച്ച് അവനവന്റെ പ്രേമം അവള്‍ക്ക് നല്‍കുമായിരിക്കും. ഇന്നും ആ പ്രണയം വീഞ്ഞ്‌പോലെ വീര്യം ഏറിവരുന്നുണ്ടാവും.

മോഹന്‍ലാലും ശാരിയും തിലകനുമെല്ലാം സോളമനും സോഫിയും പോളുമായി മത്സരിച്ച് അഭിനയിച്ചയിടം. വേണുവിന്റെ ക്യാമറക്കണ്ണിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് പകര്‍ന്നുതന്ന പ്രണയം. ആ കാഴ്ച്ചകള്‍ നമ്മെ കാണിച്ചുതന്നതിന് ദേശീയ അംഗീകാരവും വേണുവിനെ തേടിയെത്തി. ആദ്യസിനിമയിലെ പ്രകടനത്തിന് ശാരിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

സിനിമയും, ഡയലോഗുകളും, സിറ്റുവേഷനുമെല്ലാം മികച്ചുനിന്നപ്പോള്‍ മലയാളത്തിനു ലഭിച്ചത് ഒരു ക്ലാസ്സിക്കാണ്. സിനിമ പോലെ തന്നെ ഏറെ മനോഹരമാണ് ഒ എന്‍ വി - ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളും, ജോണ്‍സണ്‍മാഷിന്റെ പശ്ചാത്തല സംഗീതവും.

logo
The Fourth
www.thefourthnews.in