'അംഗങ്ങളെ തിരഞ്ഞെടുത്ത മാനദണ്ഡത്തിൽ വ്യക്തതയില്ല'; ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റിയിൽ അതൃപ്തിയുമായി ഡബ്ല്യൂസിസി
സംസ്ഥാനത്ത് സിനിമാ നയം തയ്യാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവിനെതിരെ ഡബ്ല്യൂസിസി. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്, ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ എടുത്ത മുന്‍കൈ അഭിനന്ദനാര്‍ഹമാണെങ്കിലും അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതി ഏറെ നിരാശപ്പെടുത്തുന്നുവെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതില്‍ വ്യക്തതയില്ലെന്ന് ഡബ്ല്യുസിസി ആരോപിച്ചു. കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു. കമ്മിറ്റിയില്‍ അംഗങ്ങളാണെന്ന് പറയുന്ന മുഴുവൻ പേരുടെയും അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നതും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക്, ജോലിസ്ഥലത്തെ ആഴത്തില്‍ വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും കണ്ടെത്താന്‍ സാധിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്നതിന് തക്കതായ യോഗ്യതയുള്ള, താല്‍പര്യമുള്ള അംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് വഴി, പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി.
നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലേത് പോലെ അതിന്റെ ശുപാര്‍ശകളും, അര്‍ത്ഥവത്തായ നിര്‍ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ? എന്നീ ചോദ്യങ്ങളും ഡബ്ല്യൂസിസി ഉന്നയിച്ചു. വ്യക്തതയില്ലാത്ത ഇത്തരം നീക്കങ്ങള്‍, ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അതു സംബന്ധിച്ച് തങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ച ചോദ്യങ്ങളോടുള്ള അവഗണനയായി മാത്രമെ ഈ നീക്കത്തെയും കാണാനാവുന്നുള്ളുവെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി.
'സിനിമാരംഗത്ത് എല്ലാവര്‍ക്കും തുല്യമായ ഇടം വളര്‍ത്തിയെടുക്കുന്നതിനൊപ്പം, നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതില്‍ കൂടി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുല്യമായ തൊഴിലിടം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ'. കുറിപ്പില്‍ പറയുന്നു
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ ഷാജി എന്‍ കരുണ്‍ ആണ് സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍. സംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍. കരട് സിനിമ നയം തയാറാക്കുമ്പോള്‍ കമ്മിറ്റി ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി പരിശോധിച്ച് ഉചിതമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കരട് സിനിമാ നയം രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.