'നഗരം നഗരം മഹാസാഗരം'; ജീവിതവീക്ഷണം പകര്‍ത്തിയെഴുതിയ ഭാസ്‌കരന്‍ മാഷ്
താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നാൽ നഗരം കാണാം. ഇടതൂർന്നുനിൽക്കുന്ന കോൺക്രീറ്റ് സൗധങ്ങൾക്കിടയിലെ നേർത്ത പച്ചപ്പുകൾ, തലങ്ങും വിലങ്ങും കുതിച്ചോടുന്ന വാഹനങ്ങൾ, തിടുക്കത്തിൽ നടന്നുനീങ്ങുന്ന മനുഷ്യർ...
കണ്ടുശീലിച്ച ആ നഗരക്കാഴ്ചകൾക്കൊപ്പം മനസ്സിൽ ഒഴുകിനിറയുന്ന ഒരു പാട്ടിന്റെ വരിയുണ്ട്: "കളിയും ചിരിയും മേലെ ചളിയും ചുഴിയും താഴെ, പുറമേ പുഞ്ചിരി ചൊരിയും സുന്ദരി പിരിയാൻ വിടാത്ത കാമുകി..." 1967 ൽ എ വിൻസന്റിന്റെ സംവിധാനത്തിൽ പുറത്തുവന്ന 'നഗരമേ നന്ദി' എന്ന സിനിമയ്ക്കുവേണ്ടി പി ഭാസ്കരൻ എഴുതിയ "നഗരം നഗരം മഹാസാഗരം" എന്ന പാട്ടിന്റെ വരികൾ. സംഗീതം കെ രാഘവൻ; ഗായകൻ: യേശുദാസ്.
പിരിയാൻ വിടാത്ത കാമുകിയെപ്പോലെ നഗരം നമ്മെ ചേർത്തുപിടിക്കുമ്പോൾ ഒന്ന് കുതറിമാറാൻ പോലും ശ്രമിക്കാതെ ആ ആശ്ലേഷം ആസ്വദിച്ച് മതിമറന്നു നിൽക്കുന്നു നാം
ഏതു നഗരത്തിൽ വന്നു തമ്പടിച്ചാലും കാതിൽ മുഴങ്ങാറുണ്ട് ആ പാട്ട്. എത്ര ലളിതമായാണ് നഗരത്തിന്റെ കൃത്രിമത്വമാർന്ന ഭാവം രണ്ടേ രണ്ടു വരികളിലൂടെ ഭാസ്കരൻ മാഷ് വരച്ചുകാട്ടുന്നത്. ഒരു പക്ഷേ ആ പൊയ്‌മുഖം പോലും ആസ്വാദ്യകരമായി തോന്നിക്കുന്ന എന്തോ മാജിക് ഉണ്ടാവണം എല്ലാ നഗരങ്ങളുടെയും കൈവശം. തിരിച്ചുപോകണമെന്ന് മനസ്സിലുറച്ചാണ് ഓരോ നഗരത്തിലും വന്നിറങ്ങുക. ഒടുവിൽ നാം പോലുമറിയാതെ നമ്മൾ തിരക്കും ബഹളവും നിറഞ്ഞ ആ ജീവിതത്തിന്റെ ഭാഗമാകുന്നു. പിരിയാൻ വിടാത്ത കാമുകിയെപ്പോലെ നഗരം നമ്മെ ചേർത്തുപിടിക്കുമ്പോൾ ഒന്ന് കുതറിമാറാൻ പോലും ശ്രമിക്കാതെ ആ ആശ്ലേഷം ആസ്വദിച്ച് മതിമറന്നു നിൽക്കുന്നു നാം.
അങ്ങനെ മതിമറന്നു നിന്നയാളാണ് ഭാസ്കരൻ മാഷും. നിനച്ചിരിക്കാതെ നാട്ടിൻപുറത്തനിന്ന് നഗരത്തിലേക്കു ജീവിതം പറിച്ചുനടേണ്ടി വന്നയാൾ. മദ്രാസ് നഗരത്തിലെ ഏതോ ഹോട്ടൽ മുറിയിലിരുന്ന് 'നഗരമേ നന്ദി'യിലെ പാട്ടെഴുതുമ്പോൾ സ്വന്തം ജീവിതം തന്നെയാവണം മാഷിന്റെ മനസ്സിൽ; ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും. അന്ന് വാടകമുറികളിലാണ് വാസം. സ്വന്തമായി ഒരു വീട് സ്വപ്നം മാത്രം. അതേ പാട്ടിന്റെ ചരണത്തിൽ "കുതിച്ചുപായും നഗരിയിലൊരു ചെറുകൂര ചമയ്ക്കുവതെങ്ങിനെ ഞാൻ, പാരാവാരത്തിരയിൽ എന്നുടെ പവിഴദ്വീപ് തകർന്നാലോ?" എന്ന് നിഷ്കളങ്കമായി വേവലാതിപ്പെട്ടത് മാഷിലെ ആ ഗ്രാമീണൻ തന്നെയല്ലേ?
വയനാട്ടിലെ ചുണ്ടേൽ എന്ന കുഗ്രാമത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് സ്വപ്‌നം കണ്ടിട്ടുപോലുമില്ലാത്ത പയ്യനെ കോഴിക്കോട്ടുകാരനും പിന്നെ കൊച്ചിക്കാരനും ഇപ്പോൾ തിരുവനന്തപുരത്തുകാരനുമാക്കി മാറ്റി വിധി. ഗ്രാമവിശുദ്ധിയിലേക്ക്, അങ്ങനെയൊന്ന് നിലനിൽക്കുന്നുണ്ടെങ്കിൽ, തിരിച്ചുപോകണമെന്ന് ഈ പ്രായത്തിലും മോഹിക്കുന്ന അവനെ നഗരം വിട്ടയച്ചിട്ടു വേണ്ടേ? പിരിയാൻ വിടാത്ത കാമുകി തന്നെ എനിക്കും ഈ നഗരം.
സിനിമയിലെ വൈവിധ്യമാർന്ന കഥാമുഹൂർത്തങ്ങൾ മനസ്സിൽ കണ്ടെഴുതുമ്പോഴും പല ഗാനങ്ങൾക്കും സ്വന്തം ആത്മാശം പകർന്നുനൽകിയിട്ടുണ്ട് ഭാസ്കര കവി. "ഇന്നോ നാളെയോ വിളക്കു കെടും, പിന്നെയോ ശൂന്യമാം അന്ധകാരം" എന്ന വരികൾ ഓർമവരുന്നു. അവയിൽ മറഞ്ഞുകിടക്കുന്ന ജീവിതസത്യം എത്ര ലളിതം, ഗഹനം, ചിന്തോദ്ദീപകം.
ആ വരികളും അതുൾക്കൊള്ളുന്ന പാട്ടും ജീവിതത്തിലാദ്യമായി കാതിൽ ഒഴുകിയെത്തിയ നിമിഷങ്ങൾ ഇന്നുമുണ്ട് ഓർമയിൽ. കാറ്റും മഴയും ചേർന്ന് വൈദ്യുതി കവർന്നെടുത്ത ഒരു വയനാടൻ രാത്രിയിൽ അനിയനും അനിയത്തിക്കുമൊപ്പം റാന്തൽ വിളക്കിനു ചുറ്റുമിരുന്ന് അന്നത്തെ പാഠങ്ങൾ ഉറക്കെ വായിച്ചു ഹൃദിസ്ഥമാക്കവേ, അപ്രതീക്ഷിതമായി അകത്തെ മുറിയിലെ റേഡിയോയിൽനിന്ന് ഒഴുകിയെത്തുകയായിരുന്നു ആ ഗാനം; ജയചന്ദ്രന്റെ ഭാവോജ്വലമായ ശബ്ദത്തിൽ: "കാവ്യപുസ്തകമല്ലോ ജീവിതം, ഒരു കാവ്യപുസ്തകമല്ലോ ജീവിതം, ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ..''
മുന്നിലുള്ളത് മുനിഞ്ഞുകത്തുന്ന റാന്തലും വിഷയം ജീവന്റെ വിളക്കുമായതിനാലാകണം ആദ്യകേൾവിയിൽത്തന്നെ ആ വരികൾ അന്നത്തെ സ്‌കൂൾ കുട്ടിയുടെ മനസ്സിൽ പതിഞ്ഞത്. മണ്ണെണ്ണ തീർന്ന് വിളക്ക് കെടാൻ കാത്തിരിക്കുകയായിരുന്നല്ലോ ഞങ്ങൾ മൂവരും. എന്നാലല്ലേ അച്ഛൻ അകത്തുനിന്ന് വിളിച്ചുപറയൂ: "കുട്ട്യോള് മൂന്നാളും ഉമ്മറത്തു വന്നിരുന്നോളിൻ. പഠിച്ചത് മതി..'' ഇരുട്ടിലിരുന്ന് റേഡിയോയിലെ പാട്ടുകൾ ആസ്വദിക്കുന്നതോളം സന്തോഷമുള്ള മറ്റെന്തു കാര്യമുണ്ട് അക്കാലത്ത്?
ഭാസ്കരൻ മാഷിന്റെ വരികളുടെ അർത്ഥവ്യാപ്തി ശരിക്കും തിരിച്ചറിഞ്ഞതും ഉൾക്കൊണ്ടതും പിന്നേയും വർഷങ്ങൾ കഴിഞ്ഞാണ്. പടിവാതിൽക്കൽ മഞ്ചലുമായി വന്നു കാത്തുനിൽക്കുന്ന മരണത്തെ ഇത്ര ലളിതമായും 'റൊമാന്റിക്' ആയും പാട്ടിൽ ആവിഷ്കരിച്ചിട്ടുണ്ടോ മറ്റാരെങ്കിലും? അതേ ഗാനത്തിലെ മറ്റു ചില വരികളും ഹൃദയത്തെ തൊട്ടു. ഭാവിയെക്കുറിച്ച് ഉത്കണ്ഠകൾ മാത്രം നിറഞ്ഞ ഈ നാളുകളിൽ അവ എത്ര പ്രസക്തം.
"മധുരകാവ്യമിതു മറക്കുന്നു, ഇതിൽ
മണ്ടന്മാർ കണക്കുകൾ കുറിക്കുന്നു
കൂട്ടുന്നു പിന്നെ കിഴിക്കുന്നു, ഒടുവിൽ
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു ....''
ശരിയല്ലേ? എല്ലാ കണക്കുകളും പിഴച്ചുകൊണ്ടിരിക്കുന്നു നമ്മുടെ ജീവിതത്തിൽ. "ആസ്വദിച്ചീടണം ഓരോ വരിയും ആനന്ദസന്ദേശ രസമധുരം, ഇന്നോ നാളെയോ വിളക്കു കെടും, പിന്നെയോ ശൂന്യമാം അന്ധകാരം..'' എന്ന ഉപദേശത്തിനും സവിശേഷമായ അർത്ഥതലം കൈവരുന്നു പുതിയ കാലത്ത്. ഭാസ്കരൻ മാഷിന്റെ വരികളിൽ ഞാൻ കാണുന്നത് എന്നെത്തന്നെ.
ജേസി സംവിധാനം ചെയ്ത അശ്വതി (1974) എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി സ്വരപ്പെടുത്തിയ ഈ ഗാനത്തിന്റെ പല്ലവി അത് പുറത്തുവന്ന കാലത്ത് ചില്ലറ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നതായി ഓർക്കുന്നു. ആയിടെ ഇറങ്ങിയ ''സിനിമാമാസിക''യിൽ അടിച്ചുവന്ന ഭാസ്കരൻ മാഷിന്റെ അഭിമുഖത്തിലെ ഒരു ചോദ്യം ഇതായിരുന്നു: ``കാവ്യപുസ്തകത്തിൽ കണക്കെഴുതാൻ ഏടുകളെവിടെ എന്ന് ചോദിക്കുന്നതിൽ ഒരു അപാകതയില്ലേ?''
"ആ അപാകത തന്നെയാണ് അതിന്റെ ആശയം. കവിതയെഴുതുന്ന ഗ്രന്ഥത്തിൽ ആരും കണക്കെഴുതാൻ മിനക്കെടില്ലല്ലോ...'' മാഷിന്റെ നർമ്മം കലർന്ന മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു എന്നാണ് ഓർമ.
വർഷങ്ങൾക്കുശേഷം കോഴിക്കോട്ടെ അളകാപുരിയുടെ കോട്ടേജിൽ വെച്ച് ആദ്യമായി ഭാസ്കരൻ മാഷെ നേരിൽ കണ്ടപ്പോൾ ആ ചോദ്യവും ഉത്തരവും വീണ്ടും സംസാരത്തിൽ കടന്നുവന്നു. ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞ വാക്കുകൾ ഇന്നുമോർക്കുന്നു: "ആ പാട്ടിലുള്ളത് ഞാൻ തന്നെയാണ്. എന്റെ ജീവിതവീക്ഷണം തന്നെയാണ്. കാല്പനിക ലോകത്ത് വിഹരിക്കുന്ന കവികൾക്ക് പറഞ്ഞിട്ടുള്ളതല്ല ജീവിതത്തിലെ കണക്കെടുപ്പ്. കച്ചവടവും ലാഭനഷ്ടക്കണക്കുകളും ഒന്നും ആ സ്വപ്നലോകത്തിൽ ഇല്ലതന്നെ. കവിതയുടെ ലോകത്തുനിന്ന് സിനിമാ നിർമാണം ഉൾപ്പെടെയുള്ള കച്ചവടമേഖലകളിലേക്ക് കടന്നുചെന്നപ്പോഴും സ്വയം ഒരു വിജയമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ആത്യന്തികമായി നമ്മുടെ മേഖല കവിതയും സാഹിത്യവും തന്നെ.'' ആത്മാർത്ഥയയുടെ തെളിച്ചമുണ്ടായിരുന്നു ആ വാക്കുകളിൽ.
ദക്ഷിണാമൂർത്തിയുടെ വ്യത്യസ്തമായ സംഗീതസൃഷ്ടിയായി തോന്നിയിട്ടുണ്ട് 'കാവ്യപുസ്തകം'.'ഹിന്ദോള സ്പർശമുള്ള ഈണമെങ്കിലും അതിനൊരു ഹിന്ദുസ്ഥാനി ഛായയുണ്ട്. ഗസലിന്റെ ഭാവസൗന്ദര്യവും. ആലാപനത്തിൽ ഇംപ്രുവൈസേഷനുള്ള സാധ്യത ഔചിത്യപൂർവം പ്രയോജനപ്പെടുത്തിയിട്ടുമുണ്ട് ജയചന്ദ്രൻ; പ്രത്യേകിച്ച് അനഘ ഗ്രന്ഥമിതാരോ തന്നൂ എന്ന വരിയിൽ. തബലയുടെ താളഭംഗി കൂടി ചേരുമ്പോൾ അതൊരു വേറിട്ട സ്വാമിഗീതമാകുന്നു. ``ഇന്നും ആ പാട്ട് കേൾക്കുമ്പോൾ മാഷിന്റെ വരികളും സ്വാമിയുടെ ഈണവും എത്ര ഭംഗിയായി പരസ്പരം അലിഞ്ഞുചേർന്നിരിക്കുന്നു എന്നോർക്കാറുണ്ട്,''ജയചന്ദ്രൻ പറയുന്നു. ``പിന്നെയോ, ശൂന്യമാം അന്ധകാരം'' എന്ന് ജയചന്ദ്രൻ പാടിക്കേൾക്കുമ്പോൾ മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഇത്തിരി നൊമ്പരം പൊടിയുന്നതും അതുകൊണ്ടുതന്നെ.
ഗായകൻ ഉദയഭാനുവിനും ജയചന്ദ്രനും സുഹൃത്ത് മനോഹരനും ഒപ്പം ഭാനുച്ചേട്ടന്റെ വീട്ടിൽ പാട്ടും പാട്ടുകഥകളുമായി ഒത്തുചേർന്ന പഴയൊരു സായാഹ്നമാണ് ഓർമയിൽ. ഉദയഭാനുവിന്റെ അഭ്യർത്ഥന മാനിച്ച് അന്ന് ജയേട്ടൻ പാടിയ പാട്ടുകളിലൊന്ന് 'കാവ്യപുസ്തക'മായിരുന്നു. "മാഷിന്റെ നല്ല അർത്ഥമുള്ള വരികൾ...'' പാട്ടുകേട്ട് കണ്ണടച്ചിരുന്നുകൊണ്ട് ഉദയഭാനു പറഞ്ഞു. "എന്തൊരു ഫീലാണ് ജയന്റെ ശബ്ദത്തിൽ...''
അവസാന നാളുകളിൽ അതേ വീട്ടിലെ കിടപ്പുമുറിയിൽ രോഗപീഡകളോട് മല്ലിട്ട് ഏകനായി, നിസ്സഹായനായി മലർന്നുകിടന്ന ഉദയഭാനു ചേട്ടനെ നോക്കിനിന്നപ്പോൾ അറിയാതെ മനസ്സിൽ മുഴങ്ങിയതും അതേ വരികളായിരുന്നില്ലേ?